ന്യൂഡൽഹി: ജഡ്ജിയുടെ മകനും ഭാര്യയ്ക്കും പേഴ്സണൽ ഗൺമാനിൽ നിന്ന് വെടിയേറ്റു. ഗുരുഗ്രാമിലെ തിരക്കുള്ള തെരുവിൽ നിന്നും വെടിവച്ച ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണകാന്ത് ശർമ്മയുടെ ഭാര്യയ്ക്കും മകനുമാണ് വെടിയേറ്റത്. രണ്ട് വർഷമായി ജഡ്ജിയുടെ പേഴ്സണൽ ഗൺമാനായ മഹപാൽ സിംഗാണ് വെടിവച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ അപകടനില തരണം ചെയ്തെങ്കിലും 18 വയസുള്ള മകൻ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് നിരവധി പേരുടെ മുന്നിൽവച്ചായിരുന്നു സംഭവം. ഷോപ്പിംഗിനായി അമ്മയെയും മകനെയും ഡൽഹി ഗുരുഗ്രാമിലുള്ള ആർക്കേഡിയ മാർക്കറ്റിനടുത്ത് എത്തിച്ച് മഹിപാൽ വെടിയുതിർക്കുകയായിരുന്നു.വീണ് കിടന്ന മകനെ വലിച്ചിഴക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗൺമാൻ പിന്നീട് അതേ കാറിൽ ഓടിച്ച് രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയിൽ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.
വെടിവയ്പ്പിന് ശേഷം ജഡ്ജിയെ ഫോൺ വിളിച്ച് കാര്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു. കാറോടിച്ച അടുത്തുള്ള സദാർ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അവിടെവച്ചും വെടിയുതിർത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മഹിപാൽ കടന്നുകളഞ്ഞു. ഇയാളെ പിന്നീട് ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.