സുഷോ (ചൈന): ചൈനയ്ക്കെതിരായ സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വീരോചിത സമനില. തങ്ങളെക്കാൾ ഏറെ ശക്തരായ ചൈനീസ് പടയെ അവരുടെ മണ്ണിൽ വീറോടെ നേരിട്ട് ഇന്ത്യയുടെ ചുണക്കുട്ടൻമാർ വിജയത്തിന് തുല്യമായ ഗോൾ രഹിത സമനില സ്വന്തമാക്കി.സുഷോ ഒളിമ്പിക് സ്പോർട്സ് സെന്ററിൽ നടന്ന മത്സരത്തിൽ ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെയും ശക്തമായ പ്രതിരോധ നിരയുടെയും പിൻബലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ചൈനീസ് ആക്രമണങ്ങളെ വൻമതിൽ കെട്ടി ചെറുക്കുകയായിരുന്നു.മലയാളി താരം അനസ് എടത്തൊടികയുടെ അസാന്നിധ്യം മാറ്റി നിറുത്തിയാൽ ശക്തമായ ആദ്യ ഇലവനെ ആണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ചൈനക്കെതിരെ കളത്തിൽ ഇറക്കിയത്.
മുംബയ് സിറ്റി ഡിഫൻഡർ സുബഷീഷ് ബോസ് പിൻനിരയിൽ ക്യാപ്ടൻ സന്ദേഷ് ജിങ്കനൊപ്പം അണിനിരന്നപ്പോൾ മിഡ്ഫീൽഡിൽ അനിരുധ് ഥാപയും പ്രോനായ് ഹാൾഡറും മുൻനിരയിൽ സുനിൽ ഛേത്രിയും ജെജെ ലാൽപെഖുലയും കളത്തിലിറങ്ങി. ആദ്യ മിനിറ്റുകളിൽ ഒന്നിനു പുറകേ മറ്റൊന്നായി ചൈനീസ് മുൻനിര ഇന്ത്യൻ ഗോൾവലയ്ക്കു നേരെ ആക്രമണത്തിന് മുതിർന്നെങ്കിലും 13-ാം മിനിറ്റിൽ ഇന്ത്യ ആതിഥേയരുടെ പ്രതിരോധനിരയെ നടുക്കി. ഥാപയുടെ പാസിൽ റൈറ്റ് ബാക് പ്രീതം കോട്ടൽ ഉതിർത്ത ഷോട്ട് ഗോൾകീപ്പർ യാൻ ജുൻലിംഗ് തടുത്തു. ആദ്യ പകുതിയുടെ മധ്യത്തിൽ ഗാവോ ലിനിന്റെ ഷോട്ട് ചൈനയുടെ ആദ്യ ഗോളായെന്ന് തോന്നിപ്പിച്ചെങ്കിലും ഗുർപ്രീതിന്റെ കാലുകൾ ഉപയോഗിച്ചുള്ള അസാമാന്യ സേവ് രക്ഷയായി.
രണ്ടാം പകുതിയിൽ ഗോൾ ഉറപ്പാക്കാൻ മഴ്സെലോ ലിപ്പി നാല് മാറ്റങ്ങൾ ആണ് വരുത്തിയത്. യു ദബാവോ ക്ക് പകരം ഒമ്പതാം നമ്പർ ഷിയാവോ ഷീ ഇറങ്ങിയതോടെ ചൈനയുടെ ആക്രമണം ശക്തമായി.
ചൈനയുടെ മുന്നേറ്റങ്ങൾ രണ്ടു തവണയാണ് ഇന്ത്യയുടെ ഗോൾപോസ്റ്റിനെ നടുക്കിയത്. അമ്പതാം മിനിറ്റിൽ ഗാവോ ലിന്നും എഴുപത്തിയൊന്നാം മിനിറ്റിൽ വാവോ ലീയും ആണ് അദ്ഭുതകരമായി ഗോൾ മിസ് ചെയ്തത്.
ആദ്യം വലതു ഭാഗത്തു നിന്നുള്ള ഷിയുടെ ക്രോസ് ഗാവോ ലിനിന്റെ കാൽക്കൽ എത്തിയപ്പോൾ നിയന്ത്രിക്കാതെ തിടുക്കത്തിൽ തൊടുത്ത ഷോട്ട് ബാറിൽ തട്ടി തെറിക്കുകയായിരുന്നു. എഴുപത്തിയൊന്നാം മിനിറ്റിൽ വൂ ലീയുടെ വോളിയും ഭീഷണി ഉയർത്തി ഗോളാകാതെ അവസാനിച്ചു. ഇതിനിടെ കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യ ചൈനയെ വിറപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല. മലയാളി താരം അനസ് എടത്തൊടിക രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി.