നാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി അരനൂറ്റാണ്ടിലേറെ പിന്നിട്ടിരുന്നു, വർക്കല ശിവഗിരിക്കുന്നിനടുത്ത് മുത്താനയിൽ താഹ ജനിക്കുമ്പോൾ. താഹ ഏതാണ്ട് യൗവനകാലം താണ്ടുന്ന നേരം, അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദിയാഘോഷ നിറവിലായിരുന്നു. ഗുരുദേവൻ അരുവിപ്പുറത്ത് പ്രഖ്യാപിച്ചതിന്, അർത്ഥവത്തായൊരു സ്മരണിക തീർക്കാൻ താഹ മുന്നിട്ടിറങ്ങിയതിന് പിന്നിൽ ഗുരുവിന്റെ 'കല്പന'യുമുണ്ടായിരുന്നു. മതാതീത ആത്മീയതയെന്ന മനോഹരമായ സങ്കല്പത്തോട് താഹയുടെ സംവാദം അർത്ഥപൂർണ്ണമായിരുന്നു എക്കാലവും. ശ്രീനാരായണ ധർമ്മം ഉയർത്തിപ്പിടിച്ച് താഹ യാത്ര തുടരുകയാണ്.
'ഞാൻ വളരെ കുട്ടിയായിരിക്കെ, എന്റെ അയൽക്കാരായ ഒരച്ഛനും എന്റെ പ്രായത്തിലുള്ള മകനുമുണ്ടായിരുന്നു. കല്ലുവെട്ട് തൊഴിലാളിയായ അദ്ദേഹം തീർത്ഥാടനനാളുകളിൽ എന്നും ശിവഗിരിയിൽ പോകും, മഞ്ഞ വസ്ത്രങ്ങളൊക്കെ അണിഞ്ഞ്. വർക്കല നാരായണ ഗുരുകുലത്തിലും അദ്ദേഹം പോകുമായിരുന്നു. കൂടെ മകനും. എന്നോട് ഒരിക്കൽ ചോദിച്ചു, പോരുന്നോ എന്ന്. അവരുടെ യാത്ര കണ്ട് കൊതിച്ചുനിന്ന ഞാൻ ആദ്യമേ സമ്മതിച്ചു...' മുത്താനക്കാരനായ താഹ ആദ്യമായി ശ്രീനാരായണഗുരുവിനെ അറിഞ്ഞത് ഈ ശിവഗിരിയാത്രയിലൂടെയാണ്.
'ആറേഴ് ക്ലാസ് വരെ മദ്രസയിൽ പോയി മുസൽമാൻ എന്ന് പറയാവുന്ന രീതിയിലുള്ള പ്രാർത്ഥനയും കാര്യങ്ങളുമൊക്കെ പഠിച്ചിരുന്നു. ശിവഗിരിയിൽ ആദ്യമായെത്തിയ എന്റെ മനസ്സിനെ സ്പർശിച്ചത് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനമാണ്. പിന്നീട് ആ അച്ഛൻ എന്നെ ഗുരുകുലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നടരാജ ഗുരു ഉള്ള കാലം. അവിടെ ഏഴ് ദിവസം തുടർച്ചയായി പോയി. ഗുരുദേവന്റെ കൃതികളെയും ഗുരുവിന്റെ ദാർശനികമായ ഭാവങ്ങളെയും അത് സമൂഹത്തിൽ ഇന്ന് വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയുമെല്ലാം ഞാനറിയാൻ തുടങ്ങുന്നത് അവിടെ നിന്നാണ് ' താഹ പറയുന്നു.
നടരാജഗുരുവാണ് താഹയുടെ മനസ്സിൽ മാനവികതയുടെ ഉറപ്പ് ഉണ്ടാക്കിയത്. നടരാജഗുരു സമാധിയായ ശേഷം ഗുരു നിത്യചൈതന്യ യതി താഹയെ ഗുരുകുലത്തിൽ ഉറപ്പിച്ചുനിറുത്തി. മലയാളം വിദ്വാന് പഠിക്കണമെന്ന മോഹം ഗുരു നിത്യചൈതന്യ യതിയോട് പറഞ്ഞപ്പോൾ, മലയാളം പഠിച്ചാൽ പോരേയെന്ന് ചോദിച്ച് വായിക്കാൻ പുസ്തകങ്ങൾ നൽകിയ ഗുരു നിത്യചൈതന്യ യതി പിന്നീട് താഹയുടെ ആചാര്യനായി. ആ പുസ്തകങ്ങൾ വായിച്ചും പഠിച്ചും യതിയോടൊന്നിച്ച് യാത്ര ചെയ്യുകയും ചെയ്തു താഹ. ജാതി ചിന്തകൾക്കെതിരായ സന്ദേശം പ്രചരിപ്പിക്കുന്ന, മനുഷ്യമനസ്സിലെ തിന്മകളെ ഇല്ലാതാക്കാൻ സന്ദേശം നൽകുന്ന ഒരു മാസിക തുടങ്ങണമെന്ന താഹയുടെ ആഗ്രഹമാണ് മുടങ്ങിക്കിടന്ന ഗുരുകുലം ദാർശനിക മാസിക പുനരാരംഭിക്കാൻ ഹേതു. താഹ അതിന്റെ പ്രചാരകനായി. മാസികയുമായി താഹ കേരളത്തിലെമ്പാടും സഞ്ചരിച്ചു. ഗുരുദേവനെപ്പറ്റിയുള്ള കൃതികളിൽ കൂടുതലായി ഇറങ്ങിച്ചെന്നു. അവിടെ (ഗുരുകുലം) നടക്കുന്ന ക്ലാസുകളിൽ പങ്കെടുത്തു. ഗുരുവിന്റെ ജീവചരിത്രങ്ങൾ വായിച്ചു.
സ്വാമി ശാശ്വതികാനന്ദയോടുള്ള അടുപ്പം പിൽക്കാലത്ത് താഹയെ ശിവഗിരിയുടെ ഭാഗമാക്കി മാറ്റി. രണ്ട് ദശകക്കാലം പകലന്തിയോളം താഹ ശിവഗിരിമഠത്തിൽ ചെലവഴിച്ചു, ശിവഗിരി മാസികയുടെ ചുമതലക്കാരനായി.' ഒരിക്കൽ വഴിയരികിൽ ശാശ്വതികാനന്ദ സ്വാമിയെ കണ്ടുമുട്ടി. സ്വാമി കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ ഗുരുകുലത്തിലുണ്ട്. അക്കാലത്തേ നല്ല സൗഹൃദം. താൻ ശിവഗിരിയിലെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പോവുകയാണെന്നും താഹ തന്റെ കൂടെ വരണമെന്നും സ്വാമി എന്നോട് പറഞ്ഞു. ശാശ്വതികാനന്ദ സ്വാമി സെക്രട്ടറിയായതോടെ ആദ്യമായി അവിടെ സെക്രട്ടറിക്കും പ്രസിഡന്റിനും ഓഫീസ് തുടങ്ങി. താഹ എല്ലാ ദിവസവും രാവിലെ ഇവിടെ വരണമെന്ന് സ്വാമി പറഞ്ഞു. സെക്രട്ടറിയുടെ ഓഫീസിനോട് തൊട്ടുള്ള മുറി എനിക്ക് തന്നു. വന്ന് പുസ്തകം വായിക്കുക, വൈകിട്ട് മടങ്ങിക്കോ എന്ന് പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞപ്പോൾ സ്വാമി പറഞ്ഞു, താഹയ്ക്ക് ഗുരുകുലം മാസികയിൽ പ്രവർത്തിച്ച് പരിചയമുണ്ടല്ലോ, നമുക്ക് ശിവഗിരിയിൽ മാസിക പുനരാരംഭിച്ചാലെന്താ? മാസിക അങ്ങനെ പുനരാരംഭിച്ചു. ആറ് മാസം അതിന്റെ ഭാഗമായി നിന്നു. ഒന്നാം ലക്കത്തിൽ നിന്നോടുള്ള പ്രേമം എന്ന പേരിൽ ഞാനൊരു ഗദ്യകവിത എഴുതി. ഗുരുദേവനുള്ള എന്റെ മാനസികമായ അർപ്പണം. ഗുരുദേവൻ എന്നിലുണ്ടാക്കിയ സ്വാധീനമായിരുന്നു വിവരിച്ചത്. ഒന്നാം പേജിൽ തന്നെ അച്ചടിക്കാമെന്ന് പറഞ്ഞത് ശാശ്വതികാനന്ദ സ്വാമിയാണ്. ശ്രീനാരായണ ധർമ മീമാംസാപരിഷത്തിൽ ഒരു പ്രബന്ധമവതരിപ്പിക്കാൻ എന്നോട് പറഞ്ഞിരുന്നു. ഇസ്ലാംമതവും ഗുരുദേവനും എന്നതായിരുന്നു വിഷയം. അതും ലേഖനമായി മാസികയിൽ പിന്നീട് പ്രസിദ്ധീകരിച്ചു...'
ശിവഗിരിയിൽ ശ്രീനാരായണ തീർത്ഥാടന കനകജൂബിലി പ്രദർശനമേള. ശിവഗിരി ഹൈസ്‌കൂളിൽ ഇരുപത്തിമൂന്ന് സമ്മേളനങ്ങൾ. പ്രധാനമന്ത്രി ഇന്ദിരഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തി. ശാശ്വതികാനന്ദ സ്വാമി എന്നോട് പറഞ്ഞു, 23 സമ്മേളനങ്ങളിലൊന്ന് താഹയ്ക്ക് തന്നിരിക്കുന്നു, വേണ്ടത് പോലെ ചെയ്‌തോ എന്ന്. എനിക്ക് വലിയ സന്തോഷമായി. ഞാനന്ന് രാത്രി മുഴുവൻ ആലോചിച്ചു. ഗുരുദേവൻ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. തിരുവനന്തപുരത്ത് കേരളകൗമുദിയിലെത്തി എല്ലാ സംഘടനകളുടെയും മേൽവിലാസം ശേഖരിച്ചു പോയി കണ്ടു, കാര്യങ്ങൾ പറഞ്ഞു. എല്ലാവരും സമ്മേളനത്തിനെത്തി. നവചൈതന്യ സാംസ്‌കാരിക സമ്മേളനം എന്നായിരുന്നു ഇതിന് പേരിട്ടത്.
1983ൽ ഗുരു നിത്യ ചൈതന്യയതിക്ക് ഷഷ്ഠിപൂർത്തി ആഘോഷം. ഗുരു ഊട്ടിയിലാണ്. ശ്രീനിവാസപുരത്ത് ഹരിജൻ കോളനിയുണ്ട്. കോളനിയിൽ വച്ച് ഗുരുവിനൊരു ഷഷ്ഠ്യബ്ധിപൂർത്തി സമ്മേളനം നടത്താൻ തീരുമാനിച്ചിട്ട് സ്വാമിയെ വിളിച്ചാൽ വരുമോയെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല വരാമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ഞാൻ ഊട്ടിയിൽ ചെന്നു. ചെന്നപാടേ ഗുരു നിത്യ ചൈതന്യയതി പറഞ്ഞു, താഹയെ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്താ കാര്യം താഹ വന്നത്? ഞാൻ പറഞ്ഞു: ഹരിജൻ കോളനിയിൽ വച്ച് ഞാൻ ഗുരുവിന്റെ ഷഷ്ഠ്യബ്ധിപൂർത്തി സമ്മേളനം സംഘടിപ്പിക്കുന്നു. ഗുരു വരുമോ?
ഞാൻ വരണമെങ്കിൽ നീ ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഉച്ചയ്ക്ക് ആ കോളനിയിലെ മുഴുവൻ പേരും ഞാനുമൊന്നിച്ച് ഭക്ഷണം കഴിക്കാൻ ഏർപ്പാടാക്കണം. നീ അവിടെ വലിയ സ്റ്റേജ് കെട്ടേണ്ടി വരും, നോട്ടീസ് അടിക്കേണ്ടി വരും. ആൾക്കാരെയൊക്കെ ക്ഷണിക്കേണ്ടി വരും. ഇതിനൊക്കെ നിനക്ക് കാശ് എവിടുന്ന്? ഞാൻ പറഞ്ഞു എല്ലാം ശരിയാവും. ഉറപ്പോ? ഉറപ്പ്. നീ ചെന്ന് പ്രസാദിനോട് (മുനി നാരായണ പ്രസാദ്) നോട്ടീസ് അച്ചടിച്ച് തരാൻ പറയണം. പി.കെ. വേലായുധനെ വിളിക്കണം. വേലായുധൻ അന്ന് കേരളത്തിലെ പട്ടികജാതി വകുപ്പ് മന്ത്രിയാണ്. മിത്രനികേതൻ വിശ്വനാഥനെ വിളിക്കണം. ഫാദർ ഗബ്രിയേലച്ചനെ വിളിക്കണം. ബാക്കി നിനക്ക് ഇഷ്ടമുള്ളവരെ വിളിക്കാം.
ഞാൻ ശാശ്വതികാനന്ദ സ്വാമിയോട് പറഞ്ഞു. സ്വാമി ലിെ്രസ്രാക്കെ തയാറാക്കി. സ്വാമി തന്നെ അദ്ധ്യക്ഷൻ. അങ്ങനെ സമ്മേളനം നടന്നു. ആ ദിവസമെത്തിയപ്പോൾ രാവിലെ തീർത്ഥാടന കനകജൂബിലി പ്രദർശനമേളയുടെ പന്തൽനാട്ടൽ കർമ്മം ശിവഗിരി ഹൈസ്‌കൂളിൽ നടക്കുകയാണ്. അതിൽ പങ്കെടുക്കാൻ സി.ആർ. കേശവൻ വൈദ്യർ, പ്രിൻസിപ്പൽ ശ്രീനിവാസൻ, സുന്ദരേശൻ മുതലാളി എന്നിവരെല്ലാം വന്നിരുന്നു. ഇവരെല്ലാം നേരേ കോളനിയിൽ വന്നു. എല്ലാവരെയും വിളിച്ച് ഞാൻ സ്റ്റേജിലിരുത്തി. ഗുരു എന്നോട് പറഞ്ഞു, ഈ വന്നവർക്കെല്ലാം സ്വാഗതം പറയേണ്ടത് ഞാനാണ്. നീയല്ല. അങ്ങനെ നിത്യചൈതന്യയതി സ്വാഗതം പറഞ്ഞു. ആ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചു: 'എത്ര പുലയർ കേരളത്തിൽ മുഖ്യമന്ത്രിമാരായി, എത്ര പറയർ മന്ത്രിമാരായി, 100 കൊല്ലം കഴിഞ്ഞു ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ സമൂഹത്തിലെത്തിയിട്ട്, എന്തുകൊണ്ട് താഴോട്ടുള്ള ജനങ്ങൾക്ക് സാമൂഹ്യമായ മാറ്റമുണ്ടാകുന്നില്ല?'
കേരളകൗമുദി പിറ്റേന്ന് ഒന്നാം പേജിൽ വെണ്ടയ്ക്ക നിരത്തി: 'എത്ര പുലയർ മുഖ്യമന്ത്രിമാരായി, എത്ര പറയർ മന്ത്രിമാരായി: നിത്യചൈതന്യയതി'. ഇതുപോലൊരു സന്തോഷം എനിക്ക് ജീവിതത്തിലുണ്ടായിട്ടില്ല. 1989ൽ നൂറ് സാക്ഷരതാ ക്ലാസുകൾ താഹ നടത്തി. അയിരൂർ വേടർകുന്നിൽ. വേടർസമുദായത്തിനിടയിൽ പ്രവർത്തിച്ചു. വേടർ അർദ്ധനഗ്നരാണ്. അവർ മറ്റുള്ളവരുടെ അടിമയാണ് അന്ന്. അഞ്ച് വയസ്സുള്ള കുട്ടി അതുവഴി ഒരു 80 വയസ്സുള്ള നല്ലാൻ നടന്നുപോയാൽ എടാ നല്ലാനേ എവിടെ പോകുന്നു എന്ന് ചോദിക്കും. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്ന് താഹ പറയുന്നു. എത്രയോ വർഷങ്ങളായി അവർ അടിമകളായത് കൊണ്ടാണ് അങ്ങനെ വിളിക്കുന്ന സ്ഥിതിയുണ്ടായത്. സാക്ഷരതാ ക്ലാസിന് തീരുമാനിക്കുന്നത് അങ്ങനെയാണ്.
ഉമ്മയായിരുന്നു ജീവിതത്തിലെന്നും തുണയായി നിന്നത്. യതിയോടുള്ള അടുപ്പത്തെയൊക്കെ വലിയ ആദരവോടെയാണ് അവർ കണ്ടത്. മൂർക്കോത്ത് കുമാരന്റെ ജീവചരിത്രം വായിച്ച ഞാൻ കുഞ്ഞുങ്ങളുടെ നാരായണഗുരു എന്ന പുസ്തകം കുട്ടികൾക്കായി രചിച്ചു. നിത്യചൈതന്യ യതിയെ എഴുതിയത് കൊണ്ട് കാണിച്ചു. ഗുരു അത് പാകപ്പെടുത്തിയെടുത്ത് പ്രസിദ്ധീകരിച്ചു. നാല് രൂപയാണ് പുസ്തകത്തിന്റെ വില. ഇതും കൊണ്ട് കോളനികളിൽ പോയി. അതിനടുത്തുള്ളവർക്കൊക്കെ വിറ്റു കിട്ടിയ കാശും കൊണ്ടാണ് കോളനികളിൽ പ്രവർത്തിച്ചത്.
29 വർഷമായി സ്വാമി ആനന്ദതീർത്ഥരുടെ അനുസ്മരണസമ്മേളനം നടത്തുന്ന തിരുവിതാംകൂറിലെ ഏക സംഘടനയാണ് ഗുരുവരുൾ സ്റ്റഡിസർക്കിൾ. ഇത് 1989ലാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തശേഷമാണ് ഇതിന്റെ കീഴിൽ അനുസ്മരണം നടത്തിത്തുടങ്ങിയത്.
താഹ പറയുന്നു, താൻ മതത്തിന് അതീതനാണെന്ന്. താഹ മാനവികതയെ സ്‌നേഹിക്കുന്നു. ഗുരുദർശനം താഹയ്ക്ക് പകർന്നുനൽകിയ ഏറ്റവും വലിയ സമ്പാദ്യം അതാണ്. വർക്കലയിൽ ഗുരുവരുൾ സ്റ്റഡി സർക്കിളിനായി ഒരു പഠനകേന്ദ്രവും സർവമത ലൈബ്രറിയുമാണ് സ്വപ്നം. വയസ്സ് 72 ആയി. കുറച്ചുകൂടി ആയുസ്സ് കിട്ടിയാൽ എന്തെങ്കിലുമൊക്കെ ഈ മേഖലയിൽ ചെയ്യണമെന്നേ ആഗ്രഹമുള്ളൂ.