കറയറ്റൊരാലസൽ ഗ്രാമഭംഗിക്ക് പര്യായമെന്നപോലെ വിളങ്ങുന്ന കൊല്ലം ചവറ തെക്കുംഭാഗത്ത് ഒരു വായനശാലയുടെ ഉദ്ഘാടനംനടക്കുന്നു. 'കറുപ്പിനേഴഴക് 'എന്ന ചൊല്ല് അന്വർത്ഥമാക്കിയ ഒരു പെൺകുട്ടി മധുരമായി ഗാനമാലപിച്ചു. അനന്തരം വി. സാംബശിവൻ എന്ന സുന്ദരനും സുമുഖനുമായ യുവാവ് സ്വതസിദ്ധമായ അവതരണശൈലിയിൽ കഥാപ്രസംഗം ആരംഭിച്ചു. ആസ്വാദകർക്കിടയിൽ സ്ഥാനം പിടിച്ചിരുന്ന സുഭദ്ര.
''സ്വന്തമായിത്തിരി മണ്ണ് വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ
കൊണ്ട് പോകില്ലയോ
താലിയും മാലയും കെട്ടി...''
കേട്ടതും തന്നെ ഉദ്ദേശിച്ചാണോ എന്ന് സംശയിച്ചു.
'അടുത്ത ദിവസം സ്‌കൂളിൽ പോയപ്പോൾ ആ ചെറുപ്പക്കാരനും എന്റെ പിന്നാലെ കൂടി. അന്നെനിക്ക് പ്രായം പതിമ്മൂന്ന്, സാറിന് ഇരുപത്തിയൊമ്പതും. അതോടെ സംഗതി ഗൗരവമുള്ളതാണെന്ന് പിടികിട്ടി.'വർഷങ്ങൾക്കിപ്പുറവും നാണത്തിനൊട്ടും മങ്ങലേൽക്കാതെ വാപൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് സുഭദ്രാ സാംബശിവൻ ഓർമ്മകളിൽ മുഴുകി.'ഞങ്ങൾ അയൽപക്കക്കാരായിരുന്നു.സാമ്പത്തിക ഭദ്രത തീരെയില്ലാത്ത കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാർ. അച്ഛനും അമ്മയും രോഗികൾ. വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം പഠിക്കുകയും വേണം. 'ഞാനൊരു കഥ പറയാം പകരം പഠിക്കാൻ നിങ്ങളെനിക്ക് പണം തരണം.'എന്ന അഭ്യർത്ഥനയോടെ സാംബശിവൻ കഥാപ്രസംഗം എന്ന കലയെ ഉപജീവനമാർഗമാക്കി. കെ.കെ. വാദ്ധ്യാരും ജോസഫ് കൈമാപ്പറമ്പനുമായിരുന്നു മാതൃക.
എന്റെ അച്ഛൻ ഒ. നാണു ഉപാദ്ധ്യായ സംസ്‌കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്മ്യൂണിസ്റ്റ് ചിന്തകൻ സർവോപരി ധനാഢ്യനും സ്നേഹസമ്പന്നനും ആയിരുന്നു. സാറിന്റെ കഥാപ്രസംഗത്തിന്റെയും വായനശാലയുടെയും ഉദ്ഘാടനം നിർവഹിച്ചത് അച്ഛനായിരുന്നു. ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. എനിക്ക് സഹോദരങ്ങളായി ഒരു ചേട്ടനും രണ്ടനുജന്മാരും. ഒരു ദിവസം ഞാനും ഇളയകുട്ടികളും സ്‌കൂളിൽ പോയി മടങ്ങിവരുമ്പോൾ ഊട്ടുപുരയിൽ സാംബശിവ ശാസ്ത്രികൾ കഥ പറയുന്നുവെന്ന് എഴുതി വച്ചിരിക്കുന്നു. ഇതിലെ 'സ്ത്രി' വായിച്ചെടുക്കാൻ കുട്ടിയായിട്ടും മിടുക്കിയായത് കൊണ്ടെനിക്ക് കഴിഞ്ഞു.
1949 ലെ ഓണക്കാലത്ത് ചതയദിനത്തിൽ സാംബശിവന്റെ കഥാപ്രസംഗം അരങ്ങേറി. ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ പെട്രോമാക്സ് വെട്ടത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ 'ദേവത' അവതരിപ്പിച്ചു. ഇളം പ്രായത്തിൽ ഒന്നും മനസിലാകാതെ ഞാൻ അമ്മയുടെ മടിയിൽ ഉറക്കമായി. സകലർക്കും ഒരുപോലെ ഗ്രഹിക്കത്തക്കവിധം ലളിതമായ ഭാഷയിൽ കഥ അവതരിപ്പിക്കണം എന്ന അച്ഛന്റെ ഉപദേശം അദ്ദേഹം ശിരസാവഹിച്ചു. ഒപ്പം കമ്യൂണിസ്റ്റ് ചിന്താഗതിയും വളർന്നു.
കഥ പറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങി. കൊല്ലം എസ്.എൻ കോളേജിലെ പഠനത്തിനൊപ്പം, അക്കാലത്ത് രൂപീകൃതമായ 'സ്റ്റുഡന്റ്സ് ഫെഡറേഷന്റെ' (എസ്.എഫ് ) ആദ്യത്തെ പ്രസിഡന്റുമായി. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ശബ്ദിക്കുന്ന നാവായി സമകാലീന പ്രശ്നങ്ങൾ സമന്വയിപ്പിച്ച് കഥപറയുന്ന മനുഷ്യസ്നേഹിയുടെ ശൈലി ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു. കാലാനുസൃതമായ സംഗീതോപകരണങ്ങളും വേഷവിധാനവും അർപ്പണമനോഭാവവും എല്ലാം ചേർന്ന് കഥാപ്രസംഗകല നവചൈതന്യം കൈവരിച്ച് തുടങ്ങി. ആശാൻ, വള്ളത്തോൾ, മലയാറ്റൂർ, തിരുനല്ലൂർ കരുണാകരൻ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാകാവ്യങ്ങൾ മെനഞ്ഞെടുത്തു. ഇതിലെ ഗാനവും സംഗീതവുമെല്ലാം സ്വയം ചിട്ടപ്പെടുത്തി. പുള്ളിമാൻ, ശ്രീനാരായണഗുരുദേവൻ, പ്രേമശില്പം, ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയസദസുകളെ കീഴ്പ്പെടുത്തി. ഇടയ്ക്ക് മനസിനിണങ്ങുന്ന കഥ ലഭിക്കാതെ വന്നപ്പോൾ 'പട്ടുനൂലും വാഴനാരും'സ്വയം എഴുതി അവതരിപ്പിച്ചു.
'എനിക്ക് അഞ്ച് വയസ് വരും. സാറിന്റെ സഹോദരിമാർക്കൊപ്പം ഗുഹാനന്ദപുരം ക്ഷേത്രക്കുളത്തിനരികെ നിൽക്കുകയായിരുന്നു. അവിടെനിന്ന് വെള്ളം കോരി, ദൂരെ കൊണ്ടുപോയി കുളിക്കണം. കുഞ്ഞ് തോർത്തുമുടുത്ത് നിന്നിരുന്ന എന്നെ നോക്കി 'മോളിങ്ങ് വന്നേ ഞാൻ പോയിട്ട് വരുമ്പോൾ വെള്ളം കോരിവയ്ക്കണം' എന്ന് പറഞ്ഞു. ഇയാളോട് അണ്ണനെന്താ പറഞ്ഞതെന്ന് ഇളയവർ തിരക്കി. ഇതും പറഞ്ഞ് ചിരിയടക്കാൻ പാടു പെടുന്നതിനിടയിൽ 'വെള്ളമൊന്നും കോരാനറിയാത്ത എന്നോട് ഉള്ളിലെ ആഗ്രഹം പറഞ്ഞതാ' എന്നു പറഞ്ഞു.
പതിമ്മൂന്നാമത്തെ വയസിൽ താലി ചാർത്തി. ഉയർന്ന മാർക്കോടെ പത്താം ക്ലാസ് ജയിച്ചപ്പോൾ നല്ലൊരു വിവാഹം ഏകദേശം ഉറച്ചമട്ടായി ഇതറിഞ്ഞതും സാർ, വീട്ടിലെത്തി അച്ഛനോട് പെണ്ണ് ചോദിച്ചു. സത്സ്വഭാവിയും കഠിനാദ്ധ്വാനിയുമായ കൈകളിൽ തന്റെ മകളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ദീർഘവീക്ഷണത്തോടെ അച്ഛൻ സമ്മതിച്ചു. ഇതറിഞ്ഞതും എന്റെ വീട്ടിൽ നിന്നും അമ്മയുടെ നിലവിളിയുയർന്നു. സാറിന്റെ വീട്ടിൽ ബോംബ് പൊട്ടിയ പ്രതീതിയായിരുന്നു. 1957 ഫെബ്രുവരി 10ന് ഗുഹാനന്ദപുരം ക്ഷേത്രത്തിൽ വച്ച് ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ ബ്രഹ്മശ്രീ ഷൺമുഖദാസ് സ്വാമിയുടെ കാർമികത്വത്തിൽ വിവാഹം നടന്നു. സമ്പന്നതയുടെ നടുവിൽ നിന്ന് വ്യത്യസ്തമായ ചുറ്റുപാടിലേക്ക് സാറിന്റെ അമ്മ നൽകിയ നിലവിളക്കുമായി പ്രവേശിച്ചതും രണ്ടുപേർ എത്തി പ്രോഗ്രാം ബുക്ക് ചെയ്തു. അക്കാലത്തെ വലിയ തുകയായ 100 രൂപ അഡ്വാൻസായി ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു.
ആദ്യരാത്രിയിൽ രണ്ട് വേദികളിൽ കഥ പറഞ്ഞ് രാവിലെ വീട്ടിലെത്തുമ്പോൾ നിലത്ത് പായയിൽ സഹോദരിമാർക്കൊപ്പം ഉറങ്ങിയ ഞാൻ ശബ്ദം കേട്ടുണർന്നു. വാതിൽ പഴുതിലൂടെ നെറ്റിയിലേക്കുതിർന്ന് വീണ ചുരുൾമുടിയാൽ പതിന്മടങ്ങ് സൗന്ദര്യത്തോടെ ആ മുഖം കണ്ടതും കോരിത്തരിച്ചു പോയി. ലജ്ജയോടെ നിന്ന എന്നെ അരികിലേക്ക് വിളിച്ച് മർഫി റേഡിയോ സമ്മാനിച്ചു. ഏതാനും മാസം സിംഗപ്പൂരിൽ പരിപാടിക്ക് പോയപ്പോൾ ആ വീട്ടിൽ ഞാൻ ഏറെ കഷ്ടപ്പെട്ടെങ്കിലും സാഹചര്യങ്ങളുമായി പെട്ടെന്നു തന്നെ പൊരുത്തപ്പെട്ടു. കടുത്ത സാമ്പത്തികപ്രശ്നങ്ങളാൽ എം.എ പഠനം ഉപേക്ഷിച്ചു. ഗുഹാനന്ദപുരം സ്‌കൂളിൽ അദ്ധ്യാപനത്തിനൊപ്പം കഥാപ്രസംഗവും നടത്തി. എന്റെ സ്വത്തിൽ നിന്നും ചില്ലിക്കാശ് പോലും എടുക്കാതെ കുടുംബത്തെ കരകയറ്റാനും സാറിന് സാധിച്ചു..
എനിക്ക് പതിനാറ് വയസുള്ളപ്പോൾ വസന്തകുമാർ ജനിച്ചു. പ്രശാന്തനും ജീസസും ജിനരാജും അമ്മയെന്ന പദവിയുടെ ഉത്തരവാദിത്വം കൂട്ടി. മക്കളുടെ നല്ല ഭാവിക്ക് വേണ്ടി തങ്കശേരിയിൽ വാടക വീടെടുത്തു. തുടർന്ന് കൊല്ലത്ത് ചിന്നക്കടയിൽ അമ്മച്ചിവീട്ടിൽ വീട് പണിത് താമസമുറപ്പിച്ചു. ഇരുപത്തിനാലാമത് വിവാഹവാർഷികദിനത്തിൽ ഇളയമകന് പതിനാറ് വയസുള്ളപ്പോൾ ഏക മകൾ ഐശ്വര്യ പിറന്നു. കുടുംബം സാറിന് ജീവനായിരുന്നു. എങ്കിലും എന്നെ അവഗണിക്കുന്നുവെന്ന തോന്നൽ വല്ലാതെ അലട്ടിയിരുന്നു. വീട്ടിലിരുന്ന് കഥകളാവിഷ്‌കരിച്ച് ഹൃദിസ്ഥമാക്കുന്നതിനിടയിൽ സ്വയം മറന്ന് കഥാനായികമാരുടെ പേര് ചൊല്ലി എന്നെ വിളിച്ചതോടെ തെറ്റിദ്ധാരണ മാറി. സിനിമയിൽ അഭിനയിക്കുന്നതിന് ഞാനെതിരായിരുന്നു. 'പല്ലാങ്കുഴി'യിൽ നായകനായതിനെ ശക്തമായി എതിർത്തു. ഡോക്യുമെന്ററിയിൽ കുമാരനാശാനായത് ഇഷ്ടമായി. അർത്ഥം, ദിവ്യതീർത്ഥം എന്നീ നോവലുകളും കഥാപ്രസംഗകലാവിദ്യ, കഥാവിദ്യയുടെ കാൽചിലമ്പൊലി ഒരു പഠനം, യാത്രവിവരണം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തിൽ സി.പി.എം നിറുത്തിയ സ്വതന്ത്രസ്ഥാനാർത്ഥിയായി സാംബശിവൻ, ബേബി ജോണിന് ശക്തനായ എതിരാളിയെ സൃഷ്ടിച്ചു.
1963 മുതൽ ടോൾസ്റ്റോയി, ഷേക്സ്പിയർ, ഇബ്സൻ തുടങ്ങിയവരുടെ വിശ്വസാഹിത്യ കൃതികൾ കഥാപ്രസംഗരൂപത്തിലവതരിപ്പിച്ച് തുടങ്ങിയത് കേരളസാംസ്‌കാരിക ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി. അനീസ്യ, അന്നാകരിനീന, കുറ്റവും ശിക്ഷയും, ഒഥല്ലോ... എല്ലാം പ്രേക്ഷകമനസുകളിലേക്ക് ആഴ്ന്നിറങ്ങുകയും നിരക്ഷരരുടെയിടയിൽ പോലും ചർച്ചാവിഷയമാവുകയും ചെയ്തു. കഥകളും ഉപകഥകളുമായി മറ്റൊരുതിഹാസമായി മാറിയ സാംബശിവായനം ലോകമെമ്പാടുമുള്ള മലയാളികളെ ഹർഷപുളകിതരാക്കി.ബംഗാളി സാഹിത്യകാരനായ എം.എൻ. സത്യാർത്ഥിയുടെ നോവലിന്റെ മലയാള പരിഭാഷയായ 'വിലയ്ക്ക് വാങ്ങാം' സാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. കഥാപ്രസംഗത്തിന്റെ സിൽവർ ജൂബിലിക്ക് ഇതവതരിപ്പിച്ചപ്പോൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഒന്നാണെന്ന തിരിച്ചറിവ് പൂർവാധികം സന്തുഷ്ടയാക്കി. രണ്ടുപേരും നിരീശ്വരവാദികളാണ്. വയലാർ, ഒ.എൻ.വി, ഇ.എം.എസ് തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുൾപ്പെട്ട ബൃഹത്തായ സൗഹൃദബന്ധത്തിനുടമയായിരുന്നു സാർ. കെ.പി.എ.സിയിലും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥാ കാലത്ത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി 'ഞങ്ങൾ ഒളിവിൽ പ്രവർത്തിക്കുമ്പോൾ സാംബൻ അരങ്ങിൽ ധീരധീരം പോരാടണം' എന്നാഹ്വാനം ചെയ്തു. വിപ്ലവകാരികൾക്കാവേശം പകരുകയും കൂവാൻ തയ്യാറായി നിന്നിരുന്ന എതിർപാർട്ടിക്കാരെ ആക്ഷേപഹാസ്യത്താൽ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. ഒരിക്കൽ ചികിത്സാർത്ഥം തിരുവനന്തപുരം മെഡിക്കൽകോളേജിൽ പോയ അവസരത്തിൽ ഇന്ത്യൻ കോഫീ ഹൗസിൽ വച്ച് അടിയന്തരാവസ്ഥാ സർക്കാരിനെതിരെ 20ാം നൂറ്റാണ്ട് പറഞ്ഞുവെന്ന കുറ്റമാരോപിച്ച് വസന്തന്റെയും എന്റെയും കൺമുന്നിൽ നടന്ന പൊലീസ് അറസ്റ്റും തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ പത്തുമാസം അനുഭവിച്ച തടവ് ശിക്ഷയും സകല ധൈര്യവും ചോർത്തിക്കളഞ്ഞതും സുഭദ്രയുടെ ഓർമ്മയിലുണ്ട്. അന്ന് പി.ഡി. സിക്ക് പഠിക്കുന്ന വസന്തൻ, പേൾ എസ് ബക്കിന്റെ ഗുഡ് എർത്ത് വായിച്ചെഴുതിയ ആസ്വാദനം, (ജയിൽസന്ദർശന വേളയിൽ അച്ഛന് നൽകി) ജയിൽ മോചിതനായപ്പോൾ 'ഇത് നല്ല ഭൂമി' അവതരിപ്പിച്ചു. അഴിക്കുള്ളിലിരുന്ന് തയ്യാറാക്കിയ 'റെയിൻബോ' വൻ വിജയമായിരുന്നതും അവർ ഓർത്തു.
സാറിന് യാതൊരു ദുശ്ശീലങ്ങളും അസുഖങ്ങളും ഇല്ലായിരുന്നു. ബോംബെയിൽ പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ കടുത്ത ചുമ ബാധിച്ചു. നാട്ടിലെത്തി ന്യൂമോണിയയ്ക്ക് ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല. ചുമയ്ക്കുമ്പോൾ രക്തം വന്നതോടെ ആകെ പരിഭ്രാന്തരായി. ആർ.സി.സിയിൽ വച്ചാണ് രോഗം ശ്വാസകോശാർബുദമാണെന്ന് സ്ഥിതീകരിച്ചത്. എല്ലാ നിയന്ത്രണവും കൈവിട്ടു. സാർ സർജറിക്ക് സമ്മതിച്ചതേയില്ല. അങ്ങനെ കീമോ ചെയ്തു തുടങ്ങി. ഇതോടെ തന്റെ സർവ നിയന്ത്രണവും കൈവിട്ടു. സംസാരിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചു. സ്റ്റേജും ആളുകളും ഇല്ലാത്ത ജീവിതം എന്തിന് എന്ന സാറിന്റെ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാൽ, എതിർക്കാനാവാതെ ഹൃദയം തകർന്ന് ഞാൻ നിശബ്ദയായി. രണ്ടുമാസം കടന്നുപോയി. 'സ്ത്രീ'എഴുതി പാതിവഴിയിലെത്തി. അഞ്ച് പതിറ്റാണ്ടോളം അമ്പതിലധികം വ്യത്യസ്തകഥകൾ, പതിനായിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച ആ അതുല്യപ്രതിഭ കഥ പറഞ്ഞവസാനിപ്പിച്ചത് ആറാട്ടുകടവിലെ ഒരു പരിപാടിയിലായിരുന്നു. 'ഐഷ' പറഞ്ഞ് തീർത്ത് ഇനി മുതൽ വസന്തൻ കഥപറയും എന്നറിയിച്ചു. പെരുമഴയത്തും കഥ കേട്ടിരുന്നിട്ടുള്ളവർ കണ്ണുനീർ മഴയിൽ നനഞ്ഞ് കുതിർന്ന് പിരിഞ്ഞുപോയി. തലച്ചോറിനെയും അർബുദം കാർന്നുതിന്നു തുടങ്ങിയിരുന്നു. ഒരുദിവസം രാത്രി ബാത് റൂമിൽ പോകാൻ എഴുന്നേറ്റതും ബോധം കെട്ടുവീണു. ഇരുപത്തിമൂന്ന് ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞു. 1996 ഏപ്രിൽ 23ന് 68ാമത്തെ വയസിൽ എല്ലാസിദ്ധികളും ഒത്തുചേർന്ന ഡോ. വി. സാംബശിവൻ തന്റെ ശാരീരം മലയാളത്തിന് ഉപഹാരമായി സമർപ്പിച്ച് യാത്രയായി.
'സാറെങ്ങും പോയിട്ടില്ല. എന്നോടൊപ്പം തന്നെയുണ്ട് 'യാതൊരു മാറ്റവുമില്ലാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന ഓഫീസ് മുറിയും ചുവരാകെ നിറഞ്ഞിരിക്കുന്ന ഫോട്ടോകളും അർദ്ധകായ പ്രതിമയും ഈ വാക്കുകൾ സത്യമാണെന്ന് വിളിച്ചു പറഞ്ഞു. കൊല്ലം എസ്.എൻ കോളേജ് പ്രൊഫസറായിരുന്ന മൂത്തമകൻ വസന്തകുമാറാണ് സാംബശിവന്റെ കഥാപ്രസംഗത്തിന്റെ പിൻഗാമിയായത്. ഭാര്യ ബീന, മക്കൾ സമ്പത്ത്, ജീവൻ. പ്രശാന്തകുമാർ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലാണ്, ഭാര്യ രജനി റിട്ട. രജിസ്ട്രാർ. മക്കൾ തേജസ്, വൈദേഹി. ജീസസ് കുമാർ ബിസിനസ് നടത്തുന്നു. ഭാര്യ ജാസ്മിൻ. മകൻ നിസ്തുൽ. ജിനരാജും രേണുകയും ഡോക്ടർ ദമ്പതിമാരാണ്. മക്കൾ ആരോമൽ ശ്രേയസ്. സാംബശിവന്റെ നവതിയിൽ നടക്കാൻ പോകുന്ന മംഗളകർമ്മമാണ് ആരോമലിന്റെ വിവാഹം.ഐശ്വര്യ പത്താം ക്ളാസ് ഫലം കാത്തിരിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം. ഒന്നാം റാങ്കോടെ വിജയിച്ച് വിദ്യാഭ്യാസക്കാലത്തുടനീളം മികവ് നിലനിറുത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ യുവശാസ്ത്രജ്ഞരിൽ പ്രമുഖയായ ഐശ്വര്യ സമർത്ഥ് അച്ഛൻ ഇട്ട പേരിനെ പൂർണമാക്കി എന്നുതന്നെ പറയാം. ഭർത്താവ് ഡോ. ഉണ്ണിക്കൃഷ്ണൻ, മകൻ അക്ഷയ് കൃഷ്ണൻ.
മുറ്റത്തേക്കിറങ്ങുമ്പോൾ ഞാനെല്ലാമറിയുന്നുവെന്ന ഭാവത്തിൽ തന്റെ ജീവിതറാണിയിൽ ദൃഷ്ടിയൂന്നി നിൽക്കുന്ന ഡോ. വി. സാംബശിവന്റെ പൂർണകായ പ്രതിമ കണ്ടതും റോമിയോ ആൻഡ് ജൂലിയറ്റിലെ
'മാറ്റമില്ലാത്ത മധുരിമയെങ്കിലും
നീറ്റും മുറിവാണ് പ്രേമം...പ്രേമം...
ഭ്രാന്താണ് പ്രേമം...
സ്വബോധം കെടാതുള്ള
ഭ്രാന്താണ് സ്നേഹിതാ പ്രേമം...'
മാറ്റൊലിക്കൊണ്ടു.