ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ചാൽ ഒരു പേരിലാണ് എല്ലാമിരിക്കുന്നതെന്ന് തെല്ലും ആലോചിക്കാതെ ഗണപതി പറയും. സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിലെ ഗണപതിയെന്ന കൊച്ചു പയ്യനെ ആർക്കാണ് മറക്കാൻ കഴിയുക.അടുത്ത സിനിമ അലിഭായിയിലും കഥാപാത്രത്തിന്റെ പേര് ഗണപതിയെന്നായിരുന്നു.
''കഥാപാത്രങ്ങളുടെ പേരാണ് ഞാൻ സ്വന്തം പേരായി സ്വീകരിച്ചതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. പക്ഷേ, അങ്ങനെയല്ല, ഗണപതിയെന്നത് എന്റെ സ്വന്തം പേരാണ്.'' ഗണപതി പറഞ്ഞുതുടങ്ങി.
''പണ്ട് സ്‌കൂളിൽ സാറന്മാർ അറ്റൻഡൻസെടുക്കാൻ എന്റെ പേരു വിളിക്കുമ്പോൾ കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കുമായിരുന്നു.
''എന്ത് പേരാ അച്ഛാ എനിക്കിട്ടത്? പേര് കേൾക്കുമ്പോൾ തന്നെ കൊമ്പും തുമ്പിക്കൈയുമൊക്കെയാണ് എല്ലാവർക്കും ഓർമ്മ വരുന്നത്.'' ഒരിക്കൽ അച്ഛനോട് പേരിന്റെ പേരിൽ ഗണപതി പരാതി പറഞ്ഞു.''ഇപ്പോൾ ഈ പേരിന്റെ മഹത്വം നിനക്ക് മനസിലാകില്ല. നാളെ നീ അറിയപ്പെടാൻ പോകുന്നത് ഈ പേരിന്റെ പേരിലും കൂടിയായിരിക്കും.'' അന്ന് അച്ഛൻ പറഞ്ഞ ആ വാക്കുകൾ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇന്ന് ഗണപതിയും സമ്മതിക്കും.
''ദൈവത്തിന്റെ പേരൊന്നുമായിരുന്നില്ല അച്ഛൻ എനിക്കിട്ടത്. ഗണമെന്നാൽ കൂട്ടം. പതിയെന്നാൽ നേതാവ്. Leader of crowd അഥവാ ആൾക്കൂട്ടത്തിന്റെ നേതാവ് എന്നാണ് ഗണപതിയെന്ന വാക്കിന് അർത്ഥം.''ഇപ്പോൾ ആ പേരാണ് തന്റെ ഐഡന്റിറ്റിയെന്ന് ഗണപതിക്കറിയാം.''മലയാള സിനിമയിൽ ഞാനൊരൊറ്റ ഗണപതിയല്ലേയുള്ളൂ...''
ഡബ്ബിംഗാണ് തനിക്ക് അഭിനയത്തിലേക്കുള്ള വഴി തുറന്നതെന്ന് ഗണപതി പറയുന്നു. ''അനന്തഭദ്രത്തിൽ പൃഥ്വിരാജിന്റെ ബാല്യകാലമവതരിപ്പിച്ച പയ്യന് ഡബ്ബ് ചെയ്തത് ഞാനാണ്. പിന്നെ കുറേ തെലുങ്ക് മൊഴിമാറ്റ സിനിമകൾ. ഡബ് ചെയ്ത് നോക്കെടായെന്ന് നിർബന്ധിച്ചതും പ്രോത്സാഹിപ്പിച്ചതും സിനിമയിൽ ജയരാജ് സാറിന്റെയൊക്കെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അച്ഛനാണ് (സതീഷ് പൊതുവാൾ).
ഡബ്ബിംഗ് ഞാനാ പ്രായത്തിൽ ആസ്വദിച്ച് ചെയ്തിരുന്ന ജോലിയാണ്. കാമറാമാൻ എസ്. കുമാർ സാറിന്റെ മകൻ കുഞ്ഞുണ്ണിച്ചേട്ടൻ (കുഞ്ഞുണ്ണി എസ്. കുമാർ) ദ എഗ്ഗ് എന്ന പേരിലൊരു ഷോർട്ട് ഫിലിം ചെയ്തു. ഞാനാണ് അതിൽ പ്രധാന വേഷം ചെയ്തത്. കുഞ്ഞുണ്ണി ചേട്ടന്റെ ആദ്യ വർക്കായിരുന്നു അത്. എന്റെ ആദ്യ ഷോർട്ട് ഫിലിമും. പിന്നീടാണ് സന്തോഷ് ശിവൻ സാർ സംവിധാനം ചെയ്ത 'ബിഫോർ ദ റെയ്ൻസ് 'എന്ന ഫെസ്റ്റിവൽ സിനിമയിലഭിനയിച്ചത്. കാൻ ഫെസ്റ്റിവലിലൊക്കെ പ്രദർശിപ്പിച്ച ആ സിനിമയിൽ നന്ദിതാദാസ്, രാഹുൽ ബോസ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.
കുഞ്ഞുണ്ണിച്ചേട്ടന്റെ ഷോർട്ട് ഫിലിമിലഭിനയിച്ചതോടെ കുമാർ സാറിന്റെ കുടുംബവുമായി നല്ല അടുപ്പമായി.ഒരു ദിവസം സത്യൻ അന്തിക്കാട് എറണാകുളത്തുണ്ടെന്നും അദ്ദേഹത്തെ പോയി കാണണമെന്നും കുമാർ സാർ പറഞ്ഞു. ഞാൻ അച്ഛന്റെ കൂടെ സത്യേട്ടനെ കാണാൻ പോയി. വിനോദ യാത്ര എന്ന സിനിമ തുടങ്ങാൻ പോകുന്ന സമയമായിരുന്നു അത്. ഓടാനറിയാമോ? നീന്താനറിയാമോ? സൈക്കിൾ ഓടിക്കാൻ അറിയാമോ? സത്യേട്ടൻ എന്നോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു.മൂന്നും അറിയാമെന്ന് ഞാൻ പറഞ്ഞു. സ്‌ക്രീൻ ടെെ്രസ്രാന്നുമുണ്ടായില്ല. അങ്ങനെ ഞാൻ വിനോദ യാത്രയിൽ സെലക്ടായി.
വിനോദയാത്രയിലഭിനയിക്കുമ്പോൾ ഞാൻ സിനിമയെ ഒട്ടും സീരിയസായി കണ്ടിരുന്നില്ല. സത്യേട്ടന്റെ സെറ്റിൽ ശരിക്കും ഒരു കുടുംബാന്തരീക്ഷമാണ്. ആർക്കും വലിപ്പചെറുപ്പമൊന്നുമില്ല. ഒരു ടെൻഷനുമില്ലാതെ റിലാക്സ്ഡായി വർക്ക് ചെയ്യാം.അതിന് ശേഷം ഞാൻ അഭിനയിച്ചത് അലിഭായിയിലാണ്. ഒരു കുടുംബാന്തരീക്ഷത്തിൽ നിന്ന് താരപ്പകിട്ടിന്റെ ബഹളങ്ങളും ആഡംബരങ്ങളുമെല്ലാമുള്ള സെറ്റിലേക്ക്.അലിഭായിയിൽ ലാലേട്ടനോടൊപ്പം സ്‌ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റി.അതിന് ശേഷമായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്. പ്രാഞ്ചിയേട്ടൻ മറ്റൊരു സ്‌കൂളായിരുന്നു. രഞ്ജിത്ത് സാർ എന്റെ ഗുരുവാണ്. മമ്മൂക്കയുടെ കൂടെ അത്രയും വലിയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. പ്രാഞ്ചിയേട്ടനിലെ പോളി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.