ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ നൈജീരിയയിൽ ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോൺക്ലേവിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മന്ത്രി പ്രതികരിച്ചില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അക്ബർ കൂടിക്കാഴ്ച നടത്തും. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മന്ത്രി വിശദീകരിക്കുമെന്നാണ് സൂചന.
അക്ബറിനെതിരായ ലൈംഗികാരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആർക്കെതിരെയും സമൂഹമാദ്ധ്യമങ്ങൾ വഴി ആരോപണം ഉന്നയിക്കാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഷാ പറഞ്ഞിരുന്നു. അതിനാൽ തന്നെ അക്ബറിന്റെ വിശദീകരണത്തിന് ശേഷമാകും തീരുമാനം.മാദ്ധ്യമപ്രവർത്തകനായിരിക്കെയുള്ള പെരുമാറ്റങ്ങളാണ് അക്ബറിനെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയുള്ള അക്ബറിന്റെ രാജി ഗുണം ചെയ്യുമെന്നും ബി.ജെ.പിയിൽ വിലയിരുത്തലുണ്ട്.