തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ സമവായ ചർച്ചയ്ക്ക് ദേവസ്വം ബോർഡ് മുൻകൈ എടുക്കുന്നു. ഇതിന്റെ ഭാഗമായി 16ന് തിരുവനന്തപുരത്ത് ചർച്ച നടക്കും.തന്ത്രി കുടുംബം, പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ചർച്ച നടത്താനാണ് തീരുമാനമെന്ന് പ്രസിഡന്റ് എ.പദ്മകുമാർ വ്യക്തമാക്കി.
മുൻവിധിയോടെയല്ല ചർച്ചയെന്നും നിലവിലുള്ള ആചാരങ്ങളെ എതിർക്കില്ലെന്നും പദ്മകുമാർ പറഞ്ഞു. ആചാരങ്ങൾ ഇല്ലാതാക്കി മുന്നോട്ട് പോകാനല്ല ബോർഡിന്റെ ഉദ്ദേശം. എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.