തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ എൽ.ഡി.ക്ലാർക്ക് തസ്‌തികയിലേക്ക് പരീക്ഷ എഴുതി രണ്ട് വർഷം കഴിഞ്ഞിട്ടും പി.എസ്.സി സാധ്യതാ പട്ടികപോലും പ്രസിദ്ധീകരിക്കാത്തതിനാൽ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. 2014 ഡിസംബറിലാണ് ബിവറേജസ് കോർപ്പറേഷൻ എൽ.ഡി.ക്ലാർക്ക് തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. രണ്ട് വർഷത്തിനു ശേഷം 2016 ഒക്ടോബർ 22 ന് നടന്ന പരീക്ഷ 3,70,000 പേർ എഴുതിയെന്നാണ് പി.എസ്.സിയുടെ കണക്ക്. പരീക്ഷ കഴിഞ്ഞ് ഈ ഒക്ടോബറിൽ കൃത്യം രണ്ട് വർഷം തികഞ്ഞിട്ടും സാദ്ധ്യതാപട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി പി.എസ്.സി. നടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. പി.എസ്.സിയുടെ മെല്ലെപ്പോക്കിനെതിരെ സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.ഇനി ലിസ്റ്റ് വന്ന് സർട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണമെങ്കിൽ മാസങ്ങൾ കഴിയും. പി.എസ്.സി ചെയർമാനും ജനപ്രതിനിധികൾക്കും അടക്കം നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചപ്പോഴും നടപടികൾ പുരോഗമിക്കുന്നുവെന്ന മറുപടിയാണ് കിട്ടിയത്.
ഏതാനും മാസത്തിന് മുൻപ് ചേർന്ന പി.എസ്.സി. യോഗം സാദ്ധ്യതാപട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും ഇതിൽ 6,000 പേരെ ഉൾപ്പെടുത്താൻ തീരുമാനമുണ്ടായെന്നും അറിയിച്ചിരുന്നു. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് ലഭിച്ച വിവരാവകാശ റിപ്പോർട്ട് പ്രകാരം ക്ലാർക്ക് തസ്തികയിൽ 315 ഒഴിവുകളുണ്ട്. ഇപ്പോഴത് അഞ്ഞൂറിലേറെ വരുമെന്നാണ് കരുതുന്നത്. നിലവിൽ ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയില്ല. അവസാന നിയമനോപദേശം നൽകിയത് 2017 മാർച്ച് ഒൻപതിനാണ്. നാലു വർഷം മുൻപേ ഇറക്കിയ വിജ്ഞാപനമായതിനാൽ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടാനിടയുള്ള പലരും മറ്റ് ജോലികൾ ലഭിച്ച് പോയി. അതിനാൽ ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. പി.എസ്.സിയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ 22ന് പി.എസ്.സി ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്താനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
സാദ്ധ്യതാ ലിസ്റ്റ് അടുത്ത മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. നടപടികൾ നടന്നു വരുന്നു. ഇത്രയേറെ പേർ പരീക്ഷ എഴുതിയതിനാൽ മൂല്യനിർണയത്തിന് കാലതാമസമുണ്ടാകും - പി.ആർ.ഒ, കേരള പി.എസ്.സി