കൊച്ചി: വർഷങ്ങൾക്ക് മുമ്പ് 17കാരി അർദ്ധരാത്രി തന്റെ മുറിയിൽ തട്ടിവിളിച്ചെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി നടി രേവതി. പെൺകുട്ടി തന്റെ മുറിയിൽ തട്ടി വിളിച്ചു എന്ന് പറഞ്ഞത് ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്നും, തുടർച്ചയായി മുറിയുടെ വാതിലിൽ മുട്ടൽ കേട്ടതിനെ തുടർന്നാണ് പെൺകുട്ടി തന്റെ അടുത്തെത്തിയതെന്ന് രേവതി വ്യക്തമാക്കി.
'25 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. പെൺകുട്ടിക്കൊപ്പം അവളുടെ അമ്മൂമ്മയും ഉണ്ടായിരുന്നു. രാത്രി ഒരു 11.30 ഓടെയാണ് അവർ വന്ന് എന്റെ റൂമിന്റെ വാതിലിൽ മുട്ടിയത്. ആരാണ് അവളുടെ വാതിലിൽ മുട്ടിയതെന്ന് അവർക്കും അറിയില്ലായിരുന്നു. എന്നാൽ ഒരു തരത്തിലുള്ള ലൈംഗിക പീഡനവും അന്ന് നടന്നിട്ടില്ല. ആ സംഭവം ഇത്രയും നാൾ എന്റെ മനസിൽ കിടന്ന് വിങ്ങുകയായിരുന്നു.
ഇനി ഇത്തരത്തിലൊരു സംഭവം ആവർത്തിക്കരുത് എന്നുദ്ദേശിച്ചാണ് കഴിഞ്ഞദിവസം ഇത് വെളിപ്പെടുത്തിയത്'-വാർത്താക്കുറിപ്പിൽ രേവതി വ്യക്തമാക്കി.
അതേസമയം, സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിക്കാരൻ. ഇതേത്തുടർന്നാണ് രേവതി വിശദീകരണക്കുറിപ്പ് ഇറക്കിയത്.