wcc

കൊച്ചി: അമ്മ ഭാരവാഹികളുമായി ആഗസ്റ്റ് 7ന് നടത്തിയ ചർച്ചയ്‌ക്ക് ശേഷം ജനങ്ങളോട് തങ്ങൾ പറഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് രേവതി, പദ്മപ്രിയ, പാർവ്വതി എന്നിവർ ഇന്നലെ തുറന്നു പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹൻലാലുമായും എക്സിക്യൂട്ടിവ് അംഗങ്ങളുമായും നാല് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് തങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നുവെന്ന് നടിമാർ ആരോപിച്ചു.സംഘടനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അന്ന് തങ്ങളെ കൊണ്ട് അമ്മ നേതൃത്വം പറയിപ്പിച്ചതാണെന്നും അവർ തുറന്നു സമ്മതിച്ചു.

ചർച്ചയിൽ നടന്നത് നടിമാരുടെ വാക്കുകളിൽ:

നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തുവെന്ന പൊതുയോഗത്തിലെ തീരുമാനം വിവാദമായതാണ് തുടക്കം. തുടർന്ന് ആക്രമണത്തിന് ഇരയായ നടി, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമാ കല്ലിംഗൽ എന്നിവർ സംഘടനയിൽ നിന്ന് രാജിവച്ചു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് പാർവതി ഫോണിൽ സംസാരിച്ചപ്പോൾ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്നായി. അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ച് ചർച്ചയ്‌ക്ക് തയ്യാറായി. ചർച്ച തുടങ്ങി 40 മിനിട്ട് സംസാരിക്കാൻ അനുവദിക്കാതെ തങ്ങളുടെ മേൽ കുറ്റം ആരോപിച്ചു. സംഘടനയോട് പറയാനുള്ളത് എന്തെന്ന് ആക്രമണത്തിന് ഇരയായ നടിയുടെ വോയിസ് ക്ളിപ്പ് കേൾപ്പിച്ച ശേഷമാണ് സംസാരിക്കാനായത്. വ്യക്തിപരമായി താൻ നടിയെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ജനറൽ ബോഡി തീരുമാനത്തിന് എതിരെ നിൽക്കാനാവില്ലെന്നുമായിരുന്നു പ്രസിഡന്റ് മോഹൻലാലിന്റെ നിലപാട്.

സംഘടനയിൽ കുറ്റാരോപിതന്റെ സ്ഥാനമെന്തെന്ന് വിശദീകരിക്കുക, നടിയുടെയും മറ്റ് അംഗങ്ങളുടെയും രാജിയിലെ നിലപാട് വ്യക്തമാക്കുക, ബൈലായിൽ മാറ്റം വരുത്തുക എന്നിവയായിരുന്നു നടിമാരുടെ ആവശ്യങ്ങൾ. ആദ്യത്തേതിലൊഴികെ മറ്റു രണ്ട് വിഷയങ്ങളിൽ അന്ന് തന്നെ തീരുമാനമെടുക്കാമെന്ന് പറഞ്ഞു. പ്രശ്നങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങളോട് പറയരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അവരെ വിശ്വസിച്ച്, ചർച്ച നടക്കുകയാണെന്ന് മാത്രമാണ് അന്ന് വെളിപ്പെടുത്തിയത്. തീരുമാനമെടുക്കാൻ ഒരു മാസം ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോൾ പത്ത് ജോലി ദിവസങ്ങൾ വേണമെന്നായി. ആവശ്യങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനം പൊതുസമക്ഷത്തിൽ എത്തിക്കാമെന്നായിരുന്നു പറഞ്ഞത്. മൂന്നുമാസം കഴിഞ്ഞിട്ടും ചർച്ച ചെയ്തില്ല. പകരം അവരുടെ തീരുമാനം കഴിഞ്ഞ ദിവസം കത്തിലൂടെ അറിയിച്ചു.


അമ്മയുടെ കത്തിലെ തീരുമാനങ്ങൾ:

 ദിലീപിനെ പുറത്താക്കുന്ന നടപടി എക്സിക്യൂട്ടിവ് കമ്മിറ്റി പൊതുയോഗത്തിന് വിട്ടു.

 രാജി വച്ച നടിമാർക്ക് തിരിച്ചു വരണമെങ്കിൽ അമ്മയ്ക്ക് അപേക്ഷ സമർപ്പിക്കാം. എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുക്കും.

 ബൈലാ മാറ്റാനായി വനിതാ അംഗങ്ങളുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ അതിൽ പങ്കെടുക്കാം