akbar

ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവച്ചതായി റിപ്പോർട്ട്. രാജിക്കത്ത് ഇ-മെയിൽ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു കൊടുത്തതായും റിപ്പോർട്ടുണ്ട്. എന്നാലിക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അക്ബർ കൂടിക്കാഴ്ച നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അക്ബർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നൈജീരിയയിൽ ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോൺക്ലേവിൽ പങ്കെടുത്ത ശേഷം എം.ജെ.അക്ബർ ഇന്ന് രാവിലെ ഡൽഹിയിൽ മടങ്ങിയെത്തിയിരുന്നു,​ ആരോപണങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രസ്താവന പുറത്തിറക്കുമെന്നും അക്ബർ മാദ്ധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു.

അക്ബറിനെതിരായ ലൈംഗികാരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആർക്കെതിരെയും സമൂഹമാദ്ധ്യമങ്ങൾ വഴി ആരോപണം ഉന്നയിക്കാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഷാ പറഞ്ഞിരുന്നു.