gurgaon-murder

ഗുരുഗ്രാം:ഗുരുഗ്രാം അഡീഷണൽ സെഷൻസ് ജഡ്‌ജ് കൃഷ്ണകാന്ത് ശർമ്മയുടെ ഭാര്യ ഗൺമാന്റെ വെടിയേറ്റ് മരിച്ചു.പരിക്കേറ്റ മകന്റെ നില അതീവ ഗുരുതരമാണ്. ഇന്നലെയാണ് ജഡ്‌ജിയുടെ ഭാര്യയ്‌ക്കും മകനും വെടിയേറ്റത്. രണ്ട് വർഷമായി ജഡ്ജിയുടെ പേഴ്സണൽ ഗൺമാനായി തുടർന്നു വന്നിരുന്ന മഹിപാൽ സിംഗാണ് വെടിയുതിർത്തത്. ഗുരുഗ്രാമിലെ തിരക്കുള്ള തെരുവിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.

ഷോപ്പിംഗിനായി ഡൽഹി ഗുരുഗ്രാമിലുള്ള ആർക്കേഡിയ മാർക്കറ്റിലെത്തിയ അമ്മയെയും മകനെയും ഒപ്പമുണ്ടായിരുന്ന മഹിപാൽ വെടിയുതിർക്കുകയായിരുന്നു.വീണ് കിടന്ന മകനെ വലിച്ചിഴക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗൺമാൻ പിന്നീട് അതേ കാറോടിച്ച് രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയിൽ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.

വെടിവയ്പ്പിന് ശേഷം ജഡ്‌ജിയെ ഫോൺ വിളിച്ച് കാര്യം പറയുകയും ചെയ്‌തതായി പൊലീസ് പറയുന്നു. കാറോടിച്ച അടുത്തുള്ള സദാർ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അവിടെവച്ചും വെടിയുതിർത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മഹിപാൽ കടന്നുകളഞ്ഞു. ഇയാളെ പിന്നീട് ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.