ministers

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു.സി.സിയെ പിന്തുണച്ച് മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും വി.എസ്.സുനിൽ കുമാറും രംഗത്ത്. ഡബ്ല്യു.സി.സി അംഗങ്ങൾ 'അമ്മ'യ്ക്കുള്ളിൽ നിന്ന് തന്നെ പോരാടണമെന്ന് മേഴിസിക്കുട്ടിയമ്മ. സർക്കാർ ഇരകൾക്കൊപ്പമാണെന്നും അവർ അനാഥരാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡബ്ല്യു.സി.സി നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതെന്നും സർക്കാരിനു മാറിനിൽക്കാനാവില്ലെന്നും മന്ത്രി സുനിൽ കുമാർ പ്രതികരിച്ചു.

അതേസമയം,​ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 'അമ്മ' ഡബ്ല്യു.സി.സിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണം. വനിതാകൂട്ടായ്‌മയ്ക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ എത്രയുംവേഗം അത് മാറ്റണം. സർക്കാർ ഈ പ്രശ്നത്തിൽ കക്ഷിയല്ല, അവർ ആവശ്യപ്പെട്ടാൽ മാത്രം ഇടപെടും. സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.