കൊച്ചി: 'അവനെ നൂറ് നൂറ് കഷ്‌ണമാക്കാൻ പോലും ഞാൻ ഒരുക്കമാണ്'. വിമെൻ ഇൻ സിനിമാ കളക്‌ടീവിന്റെ വാർത്താ സമ്മേളനത്തിന് മറുപടി നൽകവെ നടൻ ബാബുരാജ് പറഞ്ഞ വാക്കുകളാണിത്. നടി ആക്രമിക്കപ്പെട്ടതിന് കാരണമായ ആളെയാണ് ബാബുരാജ് ഉദ്ദേശിച്ചത്. എന്നാൽ ഇത് നടൻ ദിലീപിനെ ഉദ്ദശേിച്ച് തന്നെ പറഞ്ഞതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചനയിൽ ദിലീപ് പ്രതിസ്ഥാനത്തു നിൽക്കുന്നതു കൊണ്ട് തന്നെ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുമുണ്ട്.
ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവർക്ക് വേണ്ടി തന്റെ ചങ്ക് നൽകാൻ പോലും തയ്യാറാണെന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഡബ്ല്യു.സി.സിക്കെതിരെ കടുത്ത പ്രത്യാരോപങ്ങളാണ് ബാബുരാജ് ഉന്നയിച്ചത്. നടിയെ 'അമ്മ'യിൽ നിന്ന് അകറ്റാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും, അതിന് പിന്നിൽ അവർക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നും ബാബുരാജ് തുറന്നടിച്ചു.
'വെള്ളത്തിൽ വീണ പൂച്ച' എന്ന തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, തനിക്ക് ആ കുട്ടി സ്വന്തം സഹോദരിയെപ്പോലെയാണെന്നും ബാബുരാജ് പറഞ്ഞു.