train

നാട്ടിൻപുറത്തെ റെയിൽവേ സ്റ്റേഷന്റെ സിമന്റ് ബഞ്ചിൽ വിരമിച്ച ഒരുസംഘം സർക്കാർ ജീവനക്കാർ എല്ലാദിവസവും ഒത്തുകൂടും. പാസഞ്ചറുകൾ മാത്രം നിറുത്തുന്ന സ്റ്റേഷനായതിനാൽ വലിയ തിരക്കുണ്ടാകാറില്ല. സിനിമയും രാഷ്ട്രീയവും ആത്മീയതയുമൊക്കെ ചർച്ചയ്ക്കു വരാറുണ്ട്. ചർച്ച മൂത്തുവരുമ്പോഴായിരിക്കും സൂപ്പർ ഫാസ്റ്റുകൾ പാഞ്ഞു പോകുക. അതിന്റെ ഒച്ചതീരുംവരെ ചർച്ചയ്ക്ക് ഇടവേള. കേൾവിക്കാരായി നാലഞ്ചു ചെറുപ്പക്കാരുമുണ്ടാകും. ആ നാലുപേർ ഇപ്പോൾ എവിടെപ്പോയി? ഹിന്ദി അദ്ധ്യാപകനായിരുന്ന പ്രഭാകരന്റെ ചോദ്യം കേട്ട് എല്ലാവരും നെറ്റിചുളിച്ചു. ഏതു നാലുപേർ. എവിടെയുള്ളവർ. അവരുടെ പേരുകൾ എന്ത് ചർച്ച ചൂടുപിടിച്ചപ്പോൾ പ്രഭാകരൻ തന്നെ വിഷയം അവതരിപ്പിച്ചു. പണ്ടൊക്കെ നാട്ടിലും വീട്ടിലും ജോലിസ്ഥലങ്ങളിലും ആ നാലുപേർ സജീവമായിരുന്നു. നമ്മൾക്ക് സുപരിചിതരായിരുന്നു ആ നാലുപേർ. പലപേരിലുള്ളവർ. പല മതത്തിലും ജാതിയിലും പെട്ടവർ. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസികൾ. അവരെ സമൂഹം മാനിച്ചിരുന്നു. ഭയന്നിരുന്നു. സംഭാഷണങ്ങളിൽ ആ നാലുപേർ കടന്നുവരുമായിരുന്നു.

നാലുപേർ അറിഞ്ഞാൽ നാണക്കേടായിരിക്കും. നാലുപേരുടെ മുഖത്തെങ്ങനെ നോക്കും എന്നിങ്ങനെ ആ നാലുപേർ സംഭാഷണങ്ങളിൽ തല നിവർന്നു നിന്നിരുന്നു. അവർക്കിപ്പോൾ എന്തുപറ്റി? സ്വയം വിരമിച്ചോ ഐ.സിയൂണിറ്റിലാണോ? സമൂഹത്തിൽ നിന്ന് രാജിവച്ചോ, പുറത്താക്കിയോ? ആ നാലുപേരുടെ കാലൊച്ചയും മുന്നറിയിപ്പും കേൾക്കാനില്ല. കേശവൻ കുട്ടിസർ എല്ലാ മേഖലകളിലും ആ നാലുപേരുടെ അസാന്നിദ്ധ്യം ഏതെല്ലാം രീതിയിൽ ബാധിച്ചുവെന്ന് ഉദാഹരണസഹിതം സമർത്ഥിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന എത്ര പാർട്ടികളിൽ സമുദായ സംഘടനകളിൽ സാംസ്‌കാരിക സംഘടനകളിൽ ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള എത്ര നാലുപേരുണ്ട്. സഹിഷ്ണുതയെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള സെമിനാറുകൾ ഉദ്ഘാടനം ചെയ്യുന്ന എത്ര നേതാക്കൾ അത് സ്വന്തം ജീവിതത്തിൽ പ്രകടിപ്പിക്കുന്നു. സമത്വത്തെക്കുറിച്ചും എല്ലാവരും തുല്യരാണെന്നും രണ്ടുമണിക്കൂർ പ്രസംഗിച്ച് മടങ്ങുമ്പോൾ കാറിന്റെ ഡോർ തുറക്കാൻ വൈകിയതിന് ഡ്രൈവറെ ചീത്തവിളിച്ച സാഹിത്യനായകനെക്കുറിച്ചും കേശവൻകുട്ടിസാർ സൂചിപ്പിച്ചു. തന്നിലില്ലാത്തത് മറ്റുള്ളവരിലും ചുറ്റുപാടിലും ഉണ്ടാകണമെന്ന് ശഠിക്കുന്നത് ഒരു സ്വഭാവദൂഷ്യമല്ലേ എന്നാണ് അദ്ദേഹത്തിന്റെ സംശയം.

വീടുകളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും സ്വന്തം മനസിൽ നിന്നും ആ നാലുപേരെ ആട്ടിപ്പുറത്താക്കിയ കാര്യം പ്രഭാകരൻ ഓർമ്മിപ്പിച്ചു. എന്തിന് മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നു. കൈയും തലയും അന്യരുടെ കാര്യങ്ങളിൽ പുറത്തിടാതെ ജീവിതയാത്ര തുടർന്നാൽ തടികേടാകില്ലെന്ന് കേശവൻ കുട്ടിസാർ പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു. അയലത്തെ പ്ലസ് വൺ വിദ്യാർത്ഥിനി ഒരു ആൺകുട്ടിയുമായി കന്യാകുമാരിയിൽ കറങ്ങുന്നത് കാണാനിടയായ ഒരു ബന്ധു പെൺകുട്ടിയുടെ അമ്മയെ അപ്പോൾതന്നെ മൊബൈലിൽ വിളിച്ച് മാന്യമായി പറഞ്ഞപ്പോൾ അപവാദം പറഞ്ഞതിന് പൊലീസിൽ കേസുകൊടുക്കുമെന്നും മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകുമെന്നും വിരട്ടിയത്രെ. കന്യാകുമാരിദേവിയും വേളാങ്കണ്ണിമാതാവും തന്നെ ഇത്തരം കുട്ടികളെയും അമ്മമാരെയും രക്ഷിക്കട്ടെ എന്ന് ആ ബന്ധു പ്രാർത്ഥിച്ചു പോയി. പഴയ ആ നാലുപേർ ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം വംശനാശഭീഷണിയിലാണെന്ന് കേശവൻ കുട്ടിസാർ പറഞ്ഞപ്പോൾ ആ വാക്കുകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോയി.
(ഫോൺ: 9946108220)