ലോകത്താകമാനം എക്കാലവും സജീവമായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് യുദ്ധവും സമാധാനവും. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അതിന് സമാനമായ വ്യാപ്‌തിയിൽ യുദ്ധമുണ്ടായിട്ടില്ലെങ്കിലും ലോകം ഒരിക്കലും യുദ്ധഭീഷണിയിൽ നിന്ന് മുക്തമല്ല. സംഘർഷഭരിതമായിക്കൊണ്ടിരിക്കുകയുമാണ്.
സമാധാന സൂചിക
ലോകസമാധാന സൂചിക 2018 പ്രകാരം ഏഴ് വർഷമായി ലോകത്ത് യുദ്ധസമാനമായ സംഘർഷം വർദ്ധിക്കുകയാണ്. 2008 ന് ശേഷം സമാധാന തോത് 2.38 താഴേക്ക് പോയി. 163 രാജ്യങ്ങളിൽ നടത്തിയ പഠനപ്രകാരം 92 രാജ്യങ്ങളിൽ സമാധാന അവസ്ഥ മോശമായപ്പോൾ 71 രാജ്യങ്ങളിൽ ഇത് നേരിയ തോതിൽ വർദ്ധിച്ചു. സിറിയ, അഫ്‌ഗാനിസ്ഥാൻ, തെക്കൻ സുഡാൻ, ഇറാക്ക്, സോമാലിയ തുടങ്ങിയ പ്രദേശങ്ങളാണ് ഏറ്റവും സമാധാനരഹിതമായിട്ടുള്ളത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം സമാധാനഭൂമിയായ യൂറോപ്പ് ഇന്ന് സംഘർഷഭരിതമാണ്. ഐസ്‌ലാൻഡ് , ഓസ്‌ട്രിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് സമാധാനത്തിൽ ഏറ്റവും മുന്നിൽ. ഇന്ത്യയ്‌ക്ക് 137 -ാം സ്ഥാനമാണുള്ളത്. സംഘർഷങ്ങളുടെ ഫലമായി കടുത്ത സാമ്പത്തിക നഷ്‌ടമാണ് ലോകത്ത് സംഭവിക്കുന്നത്. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ, ലോകവരുമാനത്തിന്റെ 12 ശതമാനത്തിലധികം സംഘർഷം മൂലം നഷ്‌ടപ്പെടുന്നു. ആളോഹരി വരുമാനത്തിൽ ഒരു വർഷം ഒരാൾളുടെ നഷ്‌ടം 1, 30000 രൂപയും. വടക്കേ ആഫ്രിക്ക - പശ്ചിമേഷ്യ ഉൾപ്പെടുന്ന പ്രദേശത്താണ് സംഘർഷം ഏറ്രവും സാമ്പത്തിക നഷ്‌ടമുണ്ടാക്കിയിട്ടുള്ളത്.
മാറുന്ന ലോകക്രമം
നിലവിലിരിക്കുന്ന ലോകക്രമം രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ്. ഐക്യരാഷ്‌ട്രസഭ, ലോകവ്യാപാര സംഘടന, അന്താരാഷ്‌ട്ര നാണ്യനിധി തുടങ്ങിയ സംവിധാനങ്ങൾക്കെല്ലാം പാശ്‌ചാത്യ രാജ്യങ്ങളാണ് ഘടനാപരവും ആശയപരവുമായ നേതൃത്വം നൽകുന്നത്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ ഉയർച്ചയോടു കൂടി ഈ ലോകക്രമം മാറ്റത്തിന് വിധേയമാകേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്. ചൈന ഇന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയും ( വാങ്ങൽശേഷിയിൽ ) പ്രധാനപ്പെട്ട സൈനിക സാന്നിദ്ധ്യവുമാണ്. 20 ൽപരം സുപ്രധാന സാമ്പത്തിക സൂചികകളിൽ അമേരിക്കയേക്കാൾ മുന്നിലാണവർ. ബ്രിട്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ 1870 കളിൽ അമേരിക്കയ്‌ക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഇന്ന് ചൈനയ്‌ക്ക് ഉള്ളത്. അന്ന് അമേരിക്ക ഒന്നാം സാമ്പത്തിക ശക്തിയും ഉയർന്നുവരുന്ന സൈനിക ശക്തിയുമായിരുന്നു. അമേരിക്കയുടെ സാമ്പത്തികശേഷി, സൈനിക ശക്തിയായി മാറുന്നത് ഒന്നും രണ്ടും ലോകമഹായുദ്ധ സമയത്താണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടുകൂടി അമേരിക്ക ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക സൈനിക രാഷ്‌ട്രീയ ശക്തിയായി മാറി. അന്ന് അമേരിക്ക ബ്രിട്ടനെ പിന്തള്ളി ഒന്നാം നമ്പർ വൻശക്തിയായതു പോലെ ഇന്ന് അമേരിക്കയെ മറികടക്കാൻ ചൈന കാത്തിരിക്കുകയാണ്. ലോകസമാധാനത്തിന് വിഘ്‌നം വരുത്താനിടയുള്ള പ്രശ്‌നമാണിത്.
യുദ്ധക്കുരുക്ക്
പ്രശസ്‌ത അന്താരാഷ്‌ട്രകാര്യ വിദഗ്ദ്ധനായ ഗ്രഹാം ആലിസന്റെ പഠനപ്രകാരം രണ്ടാംശക്തിയായ രാജ്യം ( ചൈന ) ഒന്നാംശക്തിയെ (അമേരിക്ക ) മറികടക്കുമ്പോൾ യുദ്ധസാദ്ധ്യതയുണ്ട് . അതായത് ഒരു പുതിയ ലോകക്രമം സ്ഥാപിതമാകുന്നത് യുദ്ധത്തിലൂടെയാകാനാണ് സാദ്ധ്യത. ' തൂസിഡൈഡ്‌സ് ട്രാപ്പ് " എന്നാണ് അദ്ദേഹം ഈ യുദ്ധസാദ്ധ്യതയെ വിളിക്കുന്നത്. ബി.സി അഞ്ചാംനൂറ്റാണ്ടിൽ ഏതൻസിൽ ജീവിച്ചിരുന്ന ചരിത്രകാരനാണ് തൂസിഡൈഡ്‌സ് . ' പെലോപെനേഷ്യൻ വാർ" എന്ന ഗ്രന്ഥത്തിൽ ഏതൻസും സ്‌പാർട്ടയും തമ്മിലുണ്ടായ യുദ്ധത്തിന്റെ കാരണമായി പറയുന്നത് ഏതൻസിന്റെ വളർച്ച സ്‌പാർട്ടയിൽ സൃഷ്‌ടിച്ച ഭയവും ആശങ്കയുമാണ്. 27 വർഷം നീണ്ടുനിന്ന യുദ്ധമായിരുന്നു ഈ ആശങ്കയുടെ ഫലം.
ചൈനയുടെ വളർച്ച അമേരിക്കയിൽ ഭയവും ആശങ്കയും സൃഷ്‌ടിക്കുന്നു. പ്രധാന ചോദ്യം സമാധാനപരമായ മാർഗങ്ങളിലൂടെ ലോകത്തെ ഒന്നാം നമ്പർ ശക്തിയാകാൻ ചൈനയെ അമേരിക്ക അനുവദിക്കുമോ എന്നതാണ്. അതിന് തയാറല്ലെന്ന സൂചനയാണ് അമേരിക്കയിൽ നിന്ന് ലഭിക്കുന്നത്. അർഹമായ സ്ഥാനം നേടിയെടുക്കാനുള്ള പരിശ്രമമാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്ക് , ബ്രിക്‌സ് ഡെവലപ്‌മെന്റ് ബാങ്ക്, ബെൽറ്റ് ആൻഡ് റോഡ് തുടങ്ങിയ പദ്ധതികളിലൂടെ ചൈനയുടെ ലക്ഷ്യം. ചൈനയുടെ മുന്നേറ്റത്തെ പിടിച്ചുകെട്ടാൻ അമേരിക്ക പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഏഷ്യാ - പസഫിക് മേഖല കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള ചതുർരാഷ്‌ട്ര സഖ്യത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല.
ഗ്രഹാം ആലിസന്റെ പഠനം കാണിക്കുന്നത് കഴിഞ്ഞ 500 വർഷങ്ങൾക്കുള്ളിൽ ഉയർന്നു വന്നിട്ടുള്ള പുതുശക്തികൾ ഒന്നാം നമ്പർ ശക്തിയെ മറികടക്കാൻ ശ്രമിച്ച 16 സാഹചര്യങ്ങളിൽ 12 ലും യുദ്ധത്തിലൂടെയാണ് അത് സാധിച്ചത് എന്നതാണ്. ഈ കാലയളവിൽ റഷ്യ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ഇംഗ്ളണ്ട്, തുടങ്ങിയവരൊക്കെ യുദ്ധത്തിലൂടെയാണ് തങ്ങളുടെ കിടമത്സരത്തിന് പരിഹാരം കണ്ടത്. എന്നാൽ അമേരിക്ക ബ്രിട്ടനെ മറികടന്നത് അവർക്കെതിരെ യുദ്ധം ചെയ്യാതെയാണ്. എന്നാൽ ചൈന നേതൃത്വം നൽകുന്ന ലോകക്രമം രൂപപ്പെടുന്നത് ഒരു യുദ്ധത്തിലൂടെ ആയിരിക്കുമെന്നതാണ് ലോകസമാധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇന്ന് ലോകത്ത് നിലവിലിരിക്കുന്ന മിക്കവാറും സംഘർഷങ്ങളിൽ അമേരിക്കയും ചൈനയും വിരുദ്ധ ചേരികളിൽ അണിനിരക്കുന്നത് കാണാം. പശ്ചിമേഷ്യയിലെ ഇസ്രായേൽ പാലസ്‌തീൻ പ്രശ്നത്തിലും അമേരിക്ക ഇറാനുമേൽ പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലും, സിറിയയിലെ ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലും ചൈനയ്‌ക്ക് അമേരിക്കയിൽ നിന്ന് വ്യത്യസ്‌തമായ നിലപാടാണുള്ളത്. വടക്കൻ കൊറിയയിലെ സംഘർഷത്തിലും , എന്തിനേറെ പറയുന്നു, ഇന്ത്യ - പാക് വൈര്യത്തിലും വൻശക്തികളുടെ വിയോജിപ്പ് പ്രകടമാണ്.
അമേരിക്ക കഴിഞ്ഞാൽ , സൈനിക ആവശ്യങ്ങൾക്ക് ഏറ്രവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യമാണ് ചൈന. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ പുനർനിർമാണത്തിനായി അമേരിക്ക നടപ്പിലാക്കിയ മാർഷൽ പ്ളാനുമായാണ് താരതമ്യപ്പെടുത്തുന്നത്. മാർഷൽ പ്ളാൻ എപ്രകാരമാണോ അമേരിക്കയ്‌ക്ക് യൂറോപ്പിലും ലോകത്തിലും സ്വാധീനമുണ്ടാക്കി കൊടുത്തത്, അപ്രകാരം ചൈനയ്‌ക്ക് സ്വാധീനമുണ്ടാക്കുകയാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ലക്ഷ്യം. സൈനികമായ ലക്ഷ്യങ്ങളും താത്‌പര്യങ്ങളും ഈ പദ്ധതിയിൽ ചൈനയ്‌ക്ക് ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. സാമ്പത്തിക വളർച്ച തടയാതെ ചൈനയെ പിടിച്ചുകെട്ടാൻ സാധിക്കില്ലെന്ന് അമേരിക്കയ്‌ക്ക് അറിയാം. ചൈനയെ സാമ്പത്തികമായി തകർക്കാനാണ് യുക്തിരഹിതമായ നികുതികളുമായി അമേരിക്ക ചൈനയ്‌ക്ക് എതിരെ രംഗത്ത് വന്നിട്ടുള്ളത്. ഈ നടപടികൾ പരിധി വിടുമ്പോഴാണ് യുദ്ധത്തിലേക്ക് വഴുതി വീഴുന്നത്.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റ്‌ക്സ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381 )