തിരുവനന്തപുരം: ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ ചിലരുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് ആദ്യം ശബരിമലയിലേക്കില്ല എന്നു പറഞ്ഞ തൃപ്തി ദേശായി ഇപ്പോൾ വരുമെന്നു പറയുന്നതെന്നും ബി.ജെ.പി വക്താവ് എം.എസ്.കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരുടെയൊക്കെയോ പ്രേരണ കാരണമാണ് തൃപ്തിദേശായി പ്രവർത്തിക്കുന്നത്. അവരുടെ ലക്ഷ്യം ശബരിമലയിൽ സംഘർഷമുണ്ടാക്കലാണ്. നാമജപയാത്രകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പി സംഘർഷം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. സംഭവങ്ങൾ നീരീക്ഷിക്കുന്നതിനായി സന്നിധാനത്തും പമ്പയിലും പാർട്ടിയുടെ നാല് ജനറൽ സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്.
നാലെ തിരുവനന്തപുരത്ത് സമാപിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര രാവിലെ 10.30ന് പട്ടത്ത് നിന്നും ആരംഭിക്കും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകടത്തിലെ ആറ് എം.എൽ.എമാരും പങ്കെടുക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശ്വാസികൾക്കൊപ്പമാണെന്നതിന് തെളിവായിട്ടാണ് ദേശീയ ജനറൽ സെക്രട്ടറി എത്തുന്നത്. 17ന് പത്തനംതിട്ടയിൽ ബി.ജെ.പി വിശ്വാസി സംഗമം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള നേതൃത്വം നൽകും. ആചാരാനുഷ്ടാനങ്ങലെ സംരക്ഷിക്കാനായി വിശ്വാസികൾ പ്രതിജ്ഞയെടുക്കും.
ദേവസ്വം ബോർഡ് കമ്മിഷണർ സ്ഥാനത്തേക്ക് ഹിന്ദുക്കളെ മാത്രമെ പരിഗണിക്കാവൂ എന്ന നിബന്ധന സർക്കാർ മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ജയിക്കുകയും ആറിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തത് വിശ്വാസികൾ ബി.ജെ.പിക്കൊപ്പമായതുകൊണ്ടാണെന്ന് എം.എസ്.കുമാർ പറഞ്ഞു.