ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനായിരിക്കെ താൻ ലൈംഗികമായി ചൂഷണം ചെയ്തെന്ന വനിതാ മാദ്ധ്യമപ്രവർത്തകരുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് അക്ബർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, പ്രസ്താവനയിൽ രാജിവയ്ക്കുന്നതിനെ കുറിച്ച് യാതൊരു പരാമർശവുമില്ല.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എനിക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കള്ളങ്ങൾക്ക് കാലുകളില്ല. എന്നാൽ അതിലെ വിഷത്തിന് ഒരാളെ തളർത്താനാകും. ഇപ്പോൾ എനിക്ക് നേരെ നടക്കുന്നത് അതാണ് - അക്ബർ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണി ഒരു വർഷം മുന്പാണ് ഒരു മാഗസിനിലൂടെ പ്രചാരണം തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢ അജണ്ടയുണ്ട്. ഈ വ്യാജ ആരോപണങ്ങൾ തന്റെ പ്രതിച്ഛായയ്ക്ക് പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. യാതെരു തെളിവും ഇല്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വൈറലായെന്നത് നേരാണ്. എന്നാൽ, ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബർ വ്യക്തമാക്കി.