1. ശബരിമലയിൽ തുലാമാസ പൂജകൾക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ, സ്ത്രീ പ്രവേശന വിഷയത്തിൽ സമവായം തേടി വീണ്ടും ദേവസ്വം ബോർഡ്. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അയപ്പ സേവാ സംഘവുമായി മറ്റന്നാൾ തലസ്ഥാനത്ത് ചർച്ച. പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. അചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ ബോർഡ് ശ്രമിക്കില്ല എന്നും, മുൻവിധിയോടെ അല്ല ചർച്ച എന്നും പ്രസിഡന്റ് എ. പദ്മകുമാർ.
2. അതേസമയം, സുപ്രീം കോടതി വിധി സംബന്ധിച്ച് വിവാദം മുറുകവേ, സ്ത്രീൾക്കായി പ്രത്യേക സൗകര്യം ഒരുക്കാതെ ദേവസ്വം ബോർഡ്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി മാത്രം സംവിധാനങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ. പമ്പ തകർന്നതിനാൽ അവിടെ സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവ് നിർമ്മിക്കാൻ കഴിയാത്ത സ്ഥിതി ആണ്. പ്രായമായ സ്ത്രീകൾ നേരത്തേ ഉപയോഗിച്ചിരുന്ന ശൗചാലയങ്ങൾ യുവതികൾക്ക് ഉപയോഗിക്കാം എന്നും പ്രതികരണം.
3. സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും എന്ന ഉറപ്പിന്മേലും തുടർ നടപടിയില്ല. സംഘർഷം ഭയന്ന് സ്ത്രീകൾ എത്തില്ലെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. അതിനിടെ, സ്ത്രീ പ്രേവേശന സമരം പോർവിളികളിലേക്കും. പമ്പയിൽ രക്തം കലരരുത് എന്ന് കോൺഗ്രസിൽ നിന്ന് സമരം നയിക്കുന്ന പ്രയാർ ഗോപാല കൃഷ്ണനും ചോരപ്പുഴ ഒഴുക്കരുത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും.
4. ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്ക് എതിരായ പരാതിയിലെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ സി.പി.എം നടപടി വൈകുന്ന സാഹചര്യത്തിൽ യുവതി നിയമവഴി സ്വീകരിക്കും എന്ന് സൂചന. നീതി കിട്ടിയില്ലെങ്കിൽ പരാതി പൊലീസിനും മാദ്ധ്യമങ്ങൾക്കും കൈമാറുമെന്ന് വിവരം. രണ്ടാമത്തെ സംസ്ഥാന കമ്മിറ്റിയും റിപ്പോർട്ട് പരിഗണിക്കാതിരുന്നത് നേതൃത്വം ശശിക്കൊപ്പം ആണെന്നതിന്റെ തെളിവെന്ന് പരാതിക്കാരി.
5. റിപ്പോർട്ട് സമർപ്പിക്കാത്തത്, പരാതി ഒത്തുതീർക്കാൻ എം.എൽ.എക്ക് സമയം നൽകാൻ എന്ന ആക്ഷേപം ശക്തം. റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്ക് മുൻപ് സമർപ്പിക്കും എന്ന് അന്വേഷണ കമ്മിഷനിലെ അംഗം പരാതിക്കാരിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് എത്താതായതോടെ പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
6. പരാതിയിലെ ഒരു വാക്ക് തിരുത്താൻ ലക്ഷങ്ങളും ജോലിയുമാണ് വാഗ്ദാനം. വീട്ടുകാർക്കു മേലും സമ്മർദ്ദം ശക്തം. കമ്മിഷന് മുന്നിൽ പി.കെ. ശശി ഉന്നയിച്ച ഗൂഢാലോചന വാദം സാധൂകരിക്കാനുള്ള തെളിവുകൾ നൽകാൻ എം.എൽ.എക്ക് സാധിച്ചിട്ടില്ല. എം.എൽ.എയ്ക്ക് അനുകൂലമായി മൊഴി നൽകിയാൽ ബാങ്കിലെ ബാധ്യത തീർക്കാൻ 15 ലക്ഷം തരാമെന്ന് പറഞ്ഞ് ജില്ല സെക്രട്ടേറിയറ്റ് അംഗം ഉൾപ്പടെയുള്ളവർതന്നെ സമീപിച്ചെന്ന് പരാതിക്കാരി.
7. താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയ ഡബ്യൂ.സി.സിയ്ക്ക് പിന്തുണയുമായി സർക്കാർ. വനിതാ കൂട്ടായ്മ ഉന്നയിച്ച പ്രശ്‌നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കും എന്ന് മന്ത്രി എ.കെ. ബാലൻ. അംഗങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ എത്രയും വേഗം നീക്കണം. പ്രശ്‌നത്തിൽ സർക്കാർ കക്ഷിയല്ല. ആവശ്യപ്പെട്ടാൽ മാത്രം ഇടപെടും. സമൂഹ മാദ്ധ്യമങ്ങളിലെ ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി.
8. ഡബ്യൂ.സി.സിയ്ക്ക് പിന്തുണയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും. സർക്കാർ എന്നും ഇരകൾക്കൊപ്പം. അവർ ഒരിക്കലും അനാഥമാകില്ല. ഡബ്ല്യു.സി.സി അംഗങ്ങൾ അമ്മ സംഘടനക്ക് ഉള്ളിൽ നിന്ന് തന്നെ പോരാടണം. സൈബർ ആക്രമണത്തിൽ നടിമാർ ഭയപ്പെടരുതെന്നും മന്ത്രി. എം.എൽ.എയും നടനുമായ മകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ ഇര പരാതി നൽകിയാൽ പൊലീസ് കേസെടുക്കും. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ആകില്ലെന്നും മന്ത്രി.
9. അതിനിടെ, അമ്മയ്ക്ക് എതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി രേവതി. 17 വയസുള്ള പെൺകുട്ടിയെ ഭയചകിത ആക്കിയ സംഭവം താൻ വിശദീകരിച്ചത്, സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിന് വേണ്ടി. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെന്നും പെൺകുട്ടിയുടെ സമ്മതമില്ലാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നും രേവതി.
10. സംസ്ഥാനത്ത് എ.ടി.എം. കവർച്ച നടത്തി ലക്ഷങ്ങളുമായി മുങ്ങിയ ഏഴംഗ സംഘം സെക്കന്ദരാബാദിൽ എത്തിയതായി സൂചന. സെക്കന്ദരാബാദിലെ മാർക്കറ്റിൽ കവർച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടതായി വിവരം. മോഷാടാക്കളുടെ ചിത്രങ്ങൾ സെക്കന്ദരാബാദ് പൊലീസ് കേരള പൊലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്. അതേസമയം എടിഎം കവർച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പൊലീസ് വീണ്ടും പരിശോധന നടത്തും.
11 കവർച്ചക്കാർ വാഹനം മോഷിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക മോഷ്ടക്കൾ എങ്ങനെ കോട്ടയത്ത് എത്തി വാഹനം തട്ടിയെടുക്കാൻ ആരെങ്കിലും സഹായിച്ചോ എന്നിവ പരിശോധിക്കാനാണിത്. കൊരട്ടയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയും തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് 25 ലക്ഷം രൂപയാണ് സംഘം കവർന്നത്.