കേരളം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. ഇങ്ങനെ വിശ്വാസം മൂർദ്ധന്യത്തിലെത്തി കേരളത്തെ ഇരുട്ടിലാഴ്ത്തിയപ്പോൾ ആ ഇരുട്ടിൽ കൊളുത്തിയ വെളിച്ചമായിരുന്നു ശ്രീനാരായണഗുരു അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠ; ആചാരത്തെ നിഷേധിക്കാതെ ആചാരവഴിയിലൂടെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചുകൊണ്ടു നടത്തിയ വിശ്വാസത്തിന്റെ വിഗ്രഹ ഭഞ്ജനമായിരുന്നു അത്. ജന്മംകൊണ്ടാണ് ബ്രാഹ്മണനാകുന്നതെന്ന വിശ്വാസത്തെ ഇല്ലായ്മ ചെയ്യൽ.
ശ്രീനാരായണഗുരു അസന്നിഗ്ധമായി പ്രഖ്യാപിച്ചത് ദൈവത്തെ വിശ്വസിക്കുകയല്ല, അറിയുകയാണ് വേണ്ടതെന്നാണ്. ബോധ്യം വരാത്തതിൽ മാത്രമേ മനുഷ്യൻ വിശ്വസിക്കേണ്ടതുള്ളു. അറിവിൽ ഭേദങ്ങളില്ല. ഒരേയൊരു ചൈതന്യം. സ്ത്രീ-പുരുഷ ഭേദമില്ലാത്ത അഭേദത്തിന്റേത്. അതാണ് അദ്വൈതക്കാഴ്ച. കേരള നവോത്ഥാനത്തിന്റെ ആത്മാവ്. ആ കാഴ്ച അനുഭവിക്കുമ്പോഴുണ്ടാകുന്ന വ്യക്തിയുടെ അനുഭൂതിയെയാണ് ശ്രീനാരായണഗുരു മതമെന്ന് വിളിച്ചത്. അതുകൊണ്ടാണ് ഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നു പറഞ്ഞത്.
വ്യക്തിയിലെ വിശ്വാസി മരിക്കാതെ അറിവിന്റെ അമൃത് നുകരാനാവില്ല. അതിന് തയ്യാറാവുന്നവർക്കുള്ള ഇടമാണ് ശബരിമല. ഗുരുവിന്റെ ഭാഷയിൽ 'കപട യതിക്ക് കരസ്ഥമാകാത്ത ഉപനിഷദുക്തി " യായ തത്ത്വമസിയുടെ സന്നിധാനമാണ് ശബരിമല. ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണിരുന്ന സമയത്തു പോലും അരുവിപ്പുറത്ത് ഗുരു എഴുതിവച്ചതുപോലെ, ജാതിഭേദം മതദ്വേഷം ഏതുമില്ലാത ആർക്കും കടന്നു ചെല്ലാമായിരുന്ന മാതൃകാസ്ഥാനമായിരുന്നു ശബരിമല.
തെരുവിൽ പോരാട്ടത്തിനിറങ്ങിയിട്ടുള്ളവരും അതിനെ എതിർക്കുന്നവരും മതത്തെയും ആചാരങ്ങളെയും കാണുന്നത് സെമറ്റിക് മത കാഴ്ചപ്പാടിലൂടെയാണ്. അതാണ് വിശ്വാസവും വിശ്വാസിയും കടന്നു വരുന്നത്. ഭാരതത്തിൽ അന്വേഷകരും കണ്ടെത്തുന്നവരുമായിരുന്നു ഉണ്ടായിരുന്നത്. സെമറ്റിക് മതബോധസ്വാധീനത്താലാണ് തെരുവിലിറങ്ങിയവരും അവരെ നയിക്കുന്നവരും എതിർക്കുന്നവരുമെല്ലാം വിശ്വാസി, ദൈവവിശ്വാസം, മതാചാരം എന്നൊക്കെ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. സന്നിധാനത്തിന്റെ കാഴ്ചയിൽ മതവുമില്ല വിശ്വാസവുമില്ല ഭക്തിയുമില്ല. സുഖത്തിന്റെ ഗിരിശൃംഗത്തിലേക്കുള്ള പദ്ധതി മാത്രമേയുള്ളൂ.
വിശ്വാസം രാഷ്ട്രീയപ്പാർട്ടികൾക്ക് ഉൾപ്പടെ ഉഗ്രൻ കച്ചവടച്ചരക്കാണ്. വിശുദ്ധിയുടെയും ശുദ്ധിയുടെയും കേന്ദ്രമായിരുന്ന ക്ഷേത്രപരിസരങ്ങളും തീർത്ഥങ്ങളും മലിനമാകാൻ കാരണവും വിശ്വാസമാണ്. യുക്തിക്കു നിരക്കാത്തതൊന്നും ആചാരമല്ല. ആചാരം അറിവിന്റെ പൊതിയാണ്. പൊതി അഴിക്കുമ്പോൾ മാത്രമേ ഉള്ളിലുള്ളതിനെ അറിയാനാവൂ.
ശബരിമലയിലെ പ്രധാന ആചാരങ്ങൾ യുക്തിഭദ്രവും ശാസ്ത്രീയവും അനുഭൂതിദായകവുമാണ്. എല്ലാ ക്ഷേത്രങ്ങളിലും ആളുകൾ ഭക്തരായി എത്തുമ്പോൾ ശബരിമലയിൽ മാത്രമാണ് മലചവിട്ടുന്നവർ മൂർത്തിയായ അയ്യപ്പനായിത്തന്നെ പോകുന്നത്. അയ്യപ്പഭക്തരല്ല മല ചവിട്ടുന്നതും ചവിട്ടേണ്ടതും, അയ്യപ്പൻ തന്നെയാണ്. അതുകൊണ്ടാണ് പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ 'യാതൊന്നാണോ തേടിയത് അത് നീ തന്നെയാണ് " എന്ന് 'തത്ത്വമസി " യെന്ന ഉപനിഷദ് വാചകം പ്രദർശിപ്പിച്ചിട്ടുള്ളത്. 'ഒന്നൊന്നായി എണ്ണിയെണ്ണിപ്പൊരുളൊടുങ്ങുന്ന" ഭൗതികശാസ്ത്രം അവസാനിക്കുന്നിടത്തു നിന്നുള്ള അതിസൂക്ഷ്മമായ അതീന്ദ്രിയാനുഭൂതിയിലേക്കാണ് സന്നിധാനം ക്ഷണിക്കുന്നത്.
വ്രതാനുഷ്ഠാനങ്ങളില്ലാതെ മലചവിട്ടുന്നതുകൊണ്ടും പ്രയോജനമില്ല. ഇരുപത്തിയെട്ടു ദിവസം കൂടുമ്പോൾ സ്ത്രീയിൽ സംഭവിക്കുന്ന ആർത്തവകാലത്ത് മനോനിയന്ത്രണത്തിലൂടെ ഇന്ദ്രിയങ്ങളെ ഉൾവലിക്കാൻ സാധാരണ സ്ത്രീകൾക്ക് സാധ്യമല്ല. അങ്ങനെ ചെയ്യുന്ന പക്ഷം സ്ത്രീയുടെ മനസും ശരീരവും സംഘട്ടനത്തിലാവുകയും മാനസികമായും ശാരീരികമായും അസുഖാവസ്ഥയിലെത്തുകയും ചെയ്യും. ശരീരത്തെ അറിഞ്ഞ് ഇന്ദ്രിയങ്ങളെ പുറത്തേക്കു തുറന്നു വയ്ക്കേണ്ട സമയമാണത്. അപ്പോൾ ഉൾവലിക്കൽ ജ്ഞാനത്തിലൂടെ സുഖാനുഭൂതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ വിപരീതമായിരിക്കും സംഭവിക്കുക.
ആർത്തവകാലത്ത് പ്രപഞ്ച പ്രതിഭാസം തന്റെ ശരീരത്തിലൂടെ സംഭവിക്കുന്നു എന്നറിയുന്ന സ്ത്രീക്ക് പതിനെട്ടാംപടി കയറാതെതന്നെ തത്ത്വമസി എന്ന അനുഭൂതി അനുഭവിക്കാനും കഴിയും. ഭരണഘടന സാമൂഹികമായി പൗരനെയും പൗരാവകാശത്തെയും പരമപ്രധാനമായി പ്രതിഷ്ഠിക്കുമ്പോൾ ശബരിമല വ്യക്തിയുടെ ആത്യന്തിക സ്വാതന്ത്ര്യത്തെ ലക്ഷ്യം വയ്ക്കുന്നു.സ്ത്രീയിൽ പ്രകൃതി നിക്ഷേപിച്ചിട്ടുള്ള സൂക്ഷ്മഗുണങ്ങൾ അക്രമോത്സുകനായ ആണിന്റെ അനുഭവത്തിലേക്കു കൊണ്ടുവരിക എന്നുള്ളതും മലചവിട്ടലിന് പിന്നിലുണ്ട്. യമ-നിയമ-ആസനാദി എട്ട് അവസ്ഥകൾ കഴിയാതെ ഒരു ആണിന് ശരാശരി സ്ത്രീയുടെ നിലയിലെത്താൻ കഴിയുകയില്ല. മണ്ഡലകാലത്ത് ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഗണ്യമായി കുറയുന്ന മദ്യഉപഭോഗത്തിന്റെയുംകുറ്റകൃത്യങ്ങളുടെയും തോത് മുൻപ് പുറത്തു വന്നത് ഓർമ്മിക്കുമല്ലോ.
യുദ്ധോത്സുകനായ ആണിന്റെ അവസ്ഥയിലേക്ക് സ്ത്രീയെ കൊണ്ടുവരിക എന്ന പാശ്ചാത്യ കാഴ്ചപ്പാട് ലിംഗസമത്വവാദത്തിന്റെ പിന്നിലുണ്ട്. ചൂഷണാധിഷ്ഠിത കമ്പോളവ്യാപനത്തിന് അതാവശ്യമാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് . വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ അത് പറഞ്ഞിരിക്കുന്നു. വിയോജന വിധിയെഴുതിയ ഇന്ദു മൽഹോത്രയ്ക്കും ഭക്തിയുടെ പിന്നിലെ യുക്തിയും ശാസ്ത്രീയവശവും കാണാനായില്ല. അവരും മാതാചാരവുമായി ചേർത്തുവച്ചാണ് ശബരിമലയെ കണ്ടത്. ഭരണഘടനാബെഞ്ചിനു മുന്നിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദിച്ചവർക്കും ശബരിമലയെ അറിയാനായില്ല.
ലിംഗസമത്വത്തിനും മുകളിലാണ് ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നീതിബോധം. സത്യാന്വേഷണത്തെ തിരിച്ചറിയാൻ ഭരണഘടനാബെഞ്ചിന് കഴിയാതെ പോയി. ലിംഗവ്യത്യാസമെന്നല്ല ഒരു ഭേദവുമില്ലാത്ത അഭേദത്തെയാണ് ശബരിമല പ്രതിനിധാനം ചെയ്യുന്നത്. സ്ത്രീയും പുരുഷനും സവിശേഷമാണെന്നും സ്ത്രൈണഗുണത്തെ സൗന്ദര്യവും സാംസ്കാരികവുമായി സാമൂഹ്യ ജീവിതത്തിന്റെ മേൽ നിറുത്തുക എന്നതുമാണ് ഭാരതത്തിന്റെ ക്ഷേത്രസങ്കൽപ്പത്തിലൂടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്.
ക്ഷേത്രം വ്യക്തിക്ക് വേണ്ടിയുള്ളതാണ്. പ്രതിഷ്ഠയ്ക്കു വേണ്ടിയുള്ളതല്ല. വ്യക്തിയുടെ ഉന്നമനത്തെ ഉദ്ദേശിച്ചുകൊണ്ടുമാത്രമാണ് പ്രതിഷ്ഠയുമായി ചേർത്ത് അനുഷ്ഠാനങ്ങളെഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളിൽ ദൈവമല്ല ദേവതയാണുള്ളത്. അത് തമ്മിലുള്ള വ്യത്യാസം പോലും വിശ്വാസ അതിപ്രസരം കൊണ്ട് തിരിച്ചറിയാൻ പറ്റാത്ത വിധമായി.
വിശ്വാസിയുടെ അബദ്ധബോധത്തിൽ കയറിക്കൂടിയ ധാരണയാണ് ആർത്തവം അശുദ്ധമെന്നത്. ആർത്തവ ദിവസങ്ങളിൽ പരിപൂർണ വിശ്രമമാണ് സ്ത്രീക്ക് വേണ്ടത്. അബദ്ധങ്ങൾ അറിയാതെ ആചാരമായിപ്പോയതാണ്. അത് അറിവിന്റെ വെളിച്ചത്തിൽ തിരുത്തണം. അതും ശ്രീനാരായണ ഗുരു കാണിച്ചു തന്നിട്ടുണ്ട്. ശരീരം തന്നെ അശുദ്ധമാണ്. ആ അശുദ്ധിയിൽ മാത്രമേ ശുദ്ധബോധത്തിന് ഇരിപ്പിടമുള്ളൂ. ആ ശുദ്ധബോധത്തെവരവേല്ക്കാനുള്ള തയ്യാറെടുപ്പാണ് ഓരോ സ്ത്രീയിലെയും ആർത്തവം.
kgjghosh@gmail.com