തന്റെ തിരക്കഥ 'രണ്ടാമൂഴം' തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവൻ നായർ ഹർജി നൽകിയതിന് പിന്നാലെ വിവാദ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ.ഷെട്ടിയും രംഗത്ത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായി എം.ടിയോ സംവിധായകനായി ശ്രീകുമാർ മേനോനോ വേണമെന്നില്ലെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെട്ടി വ്യക്തമാക്കി.
'കേരളത്തിൽ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്‌നമല്ല.' – ബി.ആർ ഷെട്ടി അഭിമുഖത്തിൽ പറഞ്ഞു. വി.എ ശ്രീകുമാർ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് 'അതൊന്നും ഇപ്പോൾ പറയാറായിട്ടില്ല' എന്ന മറുപടിയാണ് ഷെട്ടി നൽകിയത്. പണമല്ല ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തുന്ന ഒരു ചിത്രമാണ് തന്റെ ലക്ഷ്യമെന്നും ബി.ആർ ഷെട്ടി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് സിനിമയുടെ ചിത്രീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ശ്രീകുമാർ മേനോൻ സിനിമയൊരുക്കുന്നത് കോഴിക്കോട് മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. എർത്ത് & എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാർ മേനോൻ എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്‌തു.