fish

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് മത്സ്യം. രുചികരമായ മത്സ്യം പോഷക സമ്പുഷ്ടവുമാണ്. പ്രോട്ടീൻ, അയഡിൻ, വിറ്റാമിൻ ഡി തുടങ്ങി വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണിത്. ആഴ്ചയിൽ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മീനും മീനെണ്ണയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി രോഗങ്ങളെ അകറ്റാനും സാധിക്കും. പച്ചക്കറികളിൽ മാത്രം ലഭിച്ചിരുന്ന ആന്റി ഓക്സിഡന്റുകൾ മീനെണ്ണയിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പുകളുടെ ദൂഷ്യവശങ്ങൾ ഇല്ലാതെ ശരീരവളർച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസ്യങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ്
ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡിന് പ്രധാന പങ്കുണ്ട്. ഇത് മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ വികാസത്തിനാവശ്യമായ ഡി.എച്ച്.എ മീനിൽ കൂടുതലായി കാണപ്പെടുന്നു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ വിഷാദരോഗത്തെ നിയന്ത്രിക്കും. മീനെണ്ണയിലുള്ള ചില ഘടകങ്ങൾ ഗർഭസ്ഥശിശുവിന്റെ നാഡീവികാസത്തിന് സഹായിക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകൾ മത്സ്യം കഴിക്കണം. പെൺകുട്ടികളുടെ ആരോഗ്യത്തിനും മത്സ്യം വളരെ ഗുണകരമാണ്.

മറവിയെ മറക്കാം, വിഷാദത്തെയും
മത്സ്യം സ്ഥിരമായി കഴിക്കുന്നവരിൽ മറവിരോഗങ്ങൾ കുറവാണെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായം കൂടുന്നതനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനം കുറഞ്ഞുവരുന്നു. ഓർമ്മകളെ കാത്തുസൂക്ഷിക്കുന്ന തലച്ചോറിലെ ഗ്രേമാറ്ററിനെ ശക്തിപ്പെടുത്താൻ ദൈനംദിന ഭക്ഷണക്രമത്തിൽ മത്സ്യങ്ങൾ ഉൾപ്പെടുത്തുക.
ധാരാളമായി മത്സ്യം കഴിക്കുന്നവരിൽ വിഷാദരോഗം വളരെ വിരളമാണ്. ബൈപോളാർ ഡിസോഡർ പോലുള്ള മാനസിക രോഗങ്ങളെ കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യത്തിന് കഴിവുണ്ട്. വിറ്റാമിൻ ഡിയുടെ കലവറയായതിനാൽ മത്സ്യം ഉറക്കക്കുറവ് തടയാൻ സഹായിക്കും.

സൗന്ദര്യമന്ത്രം
ആരോഗ്യത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും മത്സ്യത്തിന് മികച്ച പങ്കാണുള്ളത്. മത്സ്യം പതിവായി കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ വരൾച്ച തടഞ്ഞ് മൃദുലമായ ചർമ്മം സ്വന്തമാക്കാം. മത്സ്യത്തിലെ കൊഴുപ്പ് മുടിയുടെ സമൃദ്ധമായ വളർച്ചയ്ക്ക് സഹായിക്കും. ഹോർമോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റാനും മത്സ്യം കഴിച്ചാൽ മതി.ശരീരഭാരം കുറയ്ക്കുന്നതിനും മത്സ്യം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

രോഗപ്രതിരോധശേഷി
മത്സ്യത്തിൽ ബി വിറ്റാമിനുകളായ തയമിൻ, നിയാസിൻ, ഫോളിക് ആസിഡ്, കൊബാളമീൻ, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധ തടയുന്നു. സിങ്ക് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. മത്സ്യം കുട്ടികൾളിൽ വിശപ്പ് വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. വിറ്റാമിൻ എ യുടെ പ്രധാന ഉറവിടം കൂടിയാണിത്. ചെറിയ മത്സ്യങ്ങൾ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടമാകയാൽ എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി കാത്സ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

മികച്ച കാഴ്ച
കടൽമത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ടോറിൻ എന്ന അമിനോ ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്ലൂക്കോമ, മാക്യുലാർ ഡീജനറേഷൻ, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങൾ തടഞ്ഞ് കാഴ്ചശക്തി കൂട്ടുന്നതിന് മത്സ്യങ്ങൾ സഹായിക്കും.

ഹൃദ്രോഗവും പ്രമേഹവും പ്രതിരോധിക്കാം
മത്സ്യം കഴിക്കുന്നത് പ്രമേഹ സാദ്ധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളിൽ വളരെ നേരത്തേ പ്രമേഹം വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും മുതിർന്നവരിൽ പ്രമേഹത്തെ ഒരു പരിധിവരെ തടയുകയും ചെയ്യും. ഹൃദ്രോഗികളുടെ ഭക്ഷണത്തിൽ മത്സ്യങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ആയുർദൈർഘ്യം കൂടുന്നതിന് സഹായിക്കും. രക്തക്കുഴലുകളുടെ ഉൾവ്യാസം കുറയുന്നത് തടയാൻ മീനെണ്ണയ്ക്ക് സാധിക്കും. മീനിലുള്ള ഒമേഗ 3 ഫാക്ടി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്സ് കുറച്ച് നല്ല കൊളസ്‌ട്രോൾ (എച്ച്. ഡി.എൽ) വർദ്ധിപ്പിക്കുകയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ക​ഴി​ക്കാം ക​റി​യായി
മ​ത്സ്യ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ഗു​ണം​ ​മു​ഴു​വ​നാ​യി​ ​ല​ഭി​ക്കു​ന്ന​തി​ന് ​ഇ​തി​ന്റെ​ ​പാ​ച​ക​ത്തി​ലും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​വ​റു​ത്ത​ ​മീ​നി​ന്റെ​ ​ഉ​പ​യോ​ഗം​ ​ര​ക്ത​ത്തി​ലെ​ ​കൊ​ള​സ്ട്രോ​ളി​ന്റെ​ ​തോ​ത് ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ശ​രീ​ര​ഭാ​രം​ ​കൂ​ട്ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​അ​തി​നാ​ൽ​ ​ക​റി​യാ​ക്കി​യോ,​ ​ബേ​ക്ക്,​ ​ഗ്രീ​ൽ​ ​വ​ഴി​ക​ളി​ലൂ​ടെ​യോ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.


തയ്യാറാക്കിയത് : പ്രീ​തി.​ ​ആ​ർ.​ ​നാ​യർ
ചീ​ഫ് ​ക്ളി​നി​ക്ക​ൽ​ ​ന്യൂ​ട്രീ​ഷ​നി​സ്‌റ്റ്
എ​സ്.​യു.​ടി​ ​ഹോ​സ്പി​റ്റ​ൽ,​ പ​ട്ടം​