കോഴിക്കോട്: കഴിഞ്ഞ ഐ ലീഗ് സീസണിൽ തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം കരുത്തരെ അട്ടിമറിച്ച് കൊടുങ്കാറ്റായ ഗോകുലം കേരള എഫ്.സി രണ്ടാമത്തെ സീസണിൽ ബൂട്ടുകെട്ടുമ്പോൾ കിരീടം തന്നെയാണ് പ്രതീക്ഷ. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ ഗോകുലം പരിശീലനം ആരംഭിച്ചു.
18 കളികളിൽ നിന്ന് ആറ് ജയവും മൂന്ന് സമനിലയും ഒമ്പത് തോൽവിയുമായി 21 പോയന്റ് നേടിയ ഗോകുലം ലീഗിൽ ഏഴാമതായാണ് കഴിഞ്ഞ തവണ ഫിനിഷ് ചെയ്തത്. തോൽവിയോടെ തുടങ്ങിയ ഗോകുലം ഐ ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരെയും ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെയും അട്ടിമറിച്ചിരുന്നു. പ്രതിരോധവും മുന്നേറ്റവുമായിരുന്നു കഴിഞ്ഞ തവണ ഗോകലത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. അവാസന ഘട്ടത്തിലേക്ക് മിന്നുന്ന ഫോമിലേക്കുയർന്ന ഗോകുലം സൂപ്പർകപ്പിലും മികച്ച കളി പുറത്തെടുത്തിരുന്നു.
മികച്ച ടീമിനെയാണ് ഗോകുലം ഇത്തവണ രംഗത്തിറിക്കുന്നത്. ഈ സീസണിലേക്ക് പുതുതായി നിയമിച്ച സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ സാന്റിയാഗോ വലേറയെ പുറത്താക്കിയ ടീം മാനേജ്‌മെന്റ് പഴയ പരിശീലകൻ ബിനോ ജോർജിനെ തന്നെ ചുമതലയേൽപ്പിച്ചു.
മുഡെ മൂസ, ഡാനിയൽ അഡോ, കെ. സൽമാൻ, അർജുൻ ജയരാജ്, വി.പി. സുഹൈൽ, ഉസ്മാൻ ആശിഖ് ഉൾപ്പെടെ ഒമ്പത് താരങ്ങളെ നിലനിർത്തിയ ടീമിന്റെ കരുത്ത് ഒത്തൊരുമയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുകയാണ് ലക്ഷ്യമെന്ന് കോച്ച് ബിനോ ജോർജ്ജ് പറഞ്ഞു.
ഈ മാസം 27ന് മോഹൻ ബഗാനുമായാണ് ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോല്പിക്കുകയും കോഴിക്കോട് നടന്ന മത്സരത്തിൽ സമനില നേടുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം അന്റോണിയോ ജർമ്മൻ, മലയാളിയായ എസ്. രാജേഷ്, ഈസ്റ്റ് ബംഗാൾ ഗോളി ഷിബിൻ രാജ് തുടങ്ങിയവർ ഇത്തവണ ഗോകലുത്തിന് വേണ്ടി ബൂട്ടുകെട്ടുന്നുണ്ട്. രണ്ടുവർഷത്തേയ്ക്ക് കോർപ്പറേഷൻ സ്‌റ്റേഡിയത്തിന്റെ നടത്തിപ്പും അറ്റകുറ്റപണിയും ഏറ്റെടുത്ത ഗോകുലം മാനേജ്‌മെന്റ് കഴിഞ്ഞ വർഷത്തെക്കാൾ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. മൈതാനം പുല്ലു വെട്ടിയൊതുക്കി മികവുറ്റതാക്കി. ഗാലറി ചായം പൂശുന്നുണ്ട്. ഫ്ലഡ്ലിറ്റിന്റെ പരിശോധന പൂർത്തിയാക്കി. അടുത്ത ആഴ്ചയോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.