നാഗ്പൂർ: ഇനി ബിവറേജസിന്റെ മുന്നിൽ വരി നിന്ന് മദ്യം വാങ്ങേണ്ടതില്ല. ഇഷ്ടമുള്ള ബ്രാൻഡ് വീട്ടുപടിക്കലെത്തിക്കുന്ന പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ മദ്യവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ വില്പന ആരംഭിക്കുന്നതെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ മദ്യ വില്പന ആരംഭിക്കാൻ പോകുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ, അന്തർദ്ദേശീയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങുന്നതുപോലെ തന്നെ ഇഷ്ടമുള്ള മദ്യവും ഓൺലൈനായി തിരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താക്കൾ 21 വയസിൽ കൂടുതൽ ഉള്ളവരാണെന്ന് ഉറപ്പുവരുത്താനായി വില്പനക്കാർ നേരിട്ടെത്തി ആധാർ വിവരങ്ങൾ അടക്കമുള്ളവ ശേഖരിക്കും. ഇതിനുശേഷം മാത്രമാകും ഇവർക്ക് മദ്യം ഓർഡർ ചെയ്യാൻ സാധിക്കുക. ഓർഡർ ചെയ്ത മദ്യം എവിടെയെത്തി എന്ന് അന്വേഷിക്കാനായി കുപ്പിക്ക് ജിയോ ടാഗ് നൽകും. 21 വയസിന് മുകളിലുള്ളവർക്ക് മാത്രമാകും ഓർഡർ ചെയ്യാൻ സാധിക്കുക.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നു ശക്തമായ വിമർശനമാണുയരുന്നത്.