ന്യൂഡൽഹി: സത്യസന്ധരും കൃത്യമായും നികുതി ഒടുക്കുന്ന നികുതിദായകർക്ക് പൊതുസേവനങ്ങൾ ലഘൂകരിച്ചു നൽകുന്ന പുതിയ നികുതി നയം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നു. ഇതിനായി ആദായനികുതി വകുപ്പിന്റെ നയരൂപീകരണ സമിതിയായ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് കീഴിലുള്ള സമിതി മാനദണ്ഡങ്ങൾ തയ്യാറാക്കി വരികയാണ്.
കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. ഇത് മന്ത്രിസഭയിൽ വയ്ക്കുന്നതിന് മുന്പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തിനായി ശുപാർശ അയച്ചിട്ടുണ്ട്. ബംഗളൂരിവിലെ സെൻട്രൽ പ്രോസസിംഗ് സെന്ററിന്റ ശുപാർശയടങ്ങിയ മന്ത്രിസഭാ കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്.
സത്യസന്ധമായി നികുതി ഒടുക്കുന്നവർക്ക് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഹൈവേകളിലെ ടോൾ സെന്ററുകൾ എന്നിവിടങ്ങളിൽ മുൻഗണന ലഭിക്കും. സത്യസന്ധരായ നികുതിദായകർക്ക് പ്രാധാന്യവും മുൻഗണനയും നൽകണമെന്ന് കഴിഞ്ഞ വർഷം നികുതി ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കവെ മോദി നിർദ്ദേശിച്ചിരുന്നു.
കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് പാൻഡ കാർഡിന്റെ മാതൃകയിൽ തിരിച്ചറിയൽ നന്പർ നൽകുന്നതിനും ശുപാർശയുണ്ട്. നികുതി കൃത്യമായി അടച്ചിരുന്നവർക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ തന്നെ നന്ദി സൂചകമായുള്ള സന്ദേശം ഇ-മെയിൽ വഴി അയയ്ക്കുന്ന രീതി നേരത്തെയുണ്ടായിരുന്നു.