തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു എൻ.ഡി.എ വിട്ടു. നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിക്കാത്തതുകൊണ്ടാണ് തങ്ങൾ എൻ.ഡി.എ വിടുന്നതെന്ന് ജാനു വ്യക്തമാക്കി.'ഷെഡ്യൂൾ ഏരിയാ നിയമം പാസാക്കണം എന്ന തങ്ങളുടെ ആവശ്യം പാലിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ അമിത് ഷാ ഉൾപ്പടെ ഉള്ളവരുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ല. കുറച്ച് കാലങ്ങളായി എൻ.ഡി.എയുടെ യോഗങ്ങൾ പോലും കേരളത്തിൽ നടക്കുന്നില്ല' -ജാനു തുറന്നടിച്ചു.
'എൻ.ഡി.എയിൽ നിന്ന് പുറത്തുവരണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ചർച്ചയായിട്ട് മാസങ്ങളായി. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.അതിനാൽ താൽക്കാലികമായി മാറി നിൽക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ദിവസം നടക്കുന്ന ചർച്ചയിൽ പാർട്ടിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കും' -ജാനു വ്യക്തമാക്കി.
മുന്നണി മര്യാദ പാലിക്കാൻ ബി.ജെ.പി തയാറാകണമെന്ന് സി.കെ.ജാനു നേരത്തേ വിമർശനമുന്നയിച്ചിരുന്നു. ബി.ഡി.ജെ.എസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് സി.കെ.ജാനു 2016ൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.