ഹ്യൂണ്ടായ് സാൻട്രോ! മാരുതിയുടെ മോഡലുകളോട് കിടപിടിച്ച് ഇന്ത്യൻ കുടുംബ മനസുകൾ കീഴടക്കിയ താരം. ഇന്ത്യക്കാരുടെ ഫേവറേറ്റ് ഫാമിലി കാർ വിഭാഗത്തിൽ ഇടംപിടിച്ച സാൻട്രോയുടെ പരിഷ്കരിച്ച പതിപ്പുമായി വീണ്ടുമെത്തുകയാണ് ഹ്യൂണ്ടായ്. പുത്തൻ സാൻട്രോയെ ഈമാസം 23ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഹ്യൂണ്ടായ് പരിചയപ്പെടുത്തും.
'ഓൾ ന്യൂ സാൻട്രോ' എന്ന് ഹ്യൂണ്ടായ് വിശേഷിപ്പിക്കുന്ന പുത്തിയ പതിപ്പിൽ രൂപകല്പനയിലും സാങ്കേതിക വിഭാഗത്തിലും പെർഫോമൻസിലും ഒട്ടേറെ മാറ്റങ്ങളുണ്ട്. പുതിയ തലമുറയുടെ അഭിരുചിക്കിണങ്ങും വിധം റീട്യൂൺ ചെയ്ത 1.1 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എപ്സിലോൺ എൻജിനാണുള്ളത്. മികച്ച പെർഫോമൻസിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും പുത്തൻ സാൻട്രോ വാഗ്ദാനം ചെയ്യുന്നു. ഹ്യൂണ്ടായിയുടെ സ്വന്തം, പുതിയ സ്മാർട് ഓട്ടോ എ.എം.ടി ടെക്നോളജി ഉൾക്കൊള്ളിച്ച ആദ്യ മോഡലുമാണിത്. മാനുവൽ വേരിയന്റിൽ ഗിയറുകൾ അഞ്ചാണ്.
സി.എൻ.ജി ഓപ്ഷനും സാൻട്രോയ്ക്കുണ്ടാകും. 68 ബി.എച്ച്.പി കരുത്തും 99 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ളതാണ് പെട്രോൾ എൻജിൻ. തിരക്കേറിയ സിറ്റി നിരത്തുകളിൽ വാഹനത്തെ അനായാസം നിയന്ത്രിക്കാനാകും വിധം ഹ്യൂണ്ടായ് ഈ എൻജിനെ പാകപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വേഗതിയലും വൈബ്രേഷൻ തീരെക്കുറവാണെന്നതും മികവാണ്. ഈ ഡ്രൈവ് ക്വാളിറ്റി തന്നെയാണ് പുത്തൻ സാൻട്രോയുടെ ഏറ്റവും വലിയ ആകർഷണമെന്നും പറയാം.
എ.എം.ടി വേരിയന്റിലും ഇതേ റൈഡിംഗ് മികവും സ്മൂത്ത്നെസും നിലനിറുത്താൻ ഹ്യൂണ്ടായ് ശ്രദ്ധിച്ചിട്ടുണ്ട്. സിറ്റി റൈഡുകൾക്ക് ഏറ്റവും അനുയോജ്യമാകുക ഈ വേരിയന്റായിരിക്കും. ക്രോം അതിർവരമ്പുകൾ തീർക്കുന്ന, ഹ്യൂണ്ടായിയുടെ തനത് കാസ്കേഡ് ഗ്രില്ലിന്റെ ആകർഷണമുള്ളതാണ് മുൻഭാഗം. ഇത്, പുത്തൻ സാൻട്രോയ്ക്കൊരു മോഡേൺ, പ്രീമിയം, സ്പോർട്ടീ ലുക്കും സമ്മാനിക്കുന്നുണ്ട്.
ശ്രേണിയിലെ ആദ്യ, 17.64 സി.എം ടച്ച് സ്ക്രീൻ ഓഡിയോ വീഡിയോ - ഇൻഫോടെയ്ൻമെന്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ കണക്റ്രിവിറ്റി, റിയർ പാർക്കിംഗ് കാമറ, വോയിസ് റെക്കഗ്നീഷൻ, സ്റ്റാൻഡേർഡായി ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്., ഇ.ബി.ഡി എന്നിങ്ങനെയും സവിശേഷതകൾ ധാരാളം. പിന്നിലും എ.സി വെന്റുകളുണ്ടെന്നത്, പിൻസീറ്റ് യാത്രയും സുഖകരമാക്കും. വിശാലമായ അകത്തളം - ഉയർന്ന ഹെഡ്, ലെഗ് റൂമുകളും വാഗ്ദാനം ചെയ്യുന്നു.
ഇളം തവിട്ട്, സിൽവർ, ഡാർക്ക് ഗ്രേ, വെള്ള, നീല, ചുവപ്പ്, പച്ച നിറഭേദങ്ങൾ പുത്തൻ സാൻട്രോയ്ക്കുണ്ട്. മൂന്നു വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്രർ വരെ വാറന്റിയും മൂന്നു വർഷ റോഡ് സൈഡ് അസിസ്റ്റൻസും പുത്തൻ സാൻട്രോയ്ക്ക് ലഭിക്കും. 11,100 രൂപ അടച്ച്, ഒക്ടോബർ 22വരെ പുത്തൻ സാൻട്രോയ്ക്കായി ബുക്കിംഗ് നടത്താം. ആദ്യം ബുക്ക് ചെയ്യുന്ന 50,000 പേർക്കാണ് പുത്തൻ മോഡൽ സ്വന്തമാക്കാനാവുക.