ബാലഭാസ്കർ യാത്രയായി. ഓർമ്മകളിൽ ഒരായിരം ഈണങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്, ഒന്നും പറയാതെ, ഒന്നും അറിയാതെ. യാത്രാമൊഴിക്കു പോലും കാത്തുനിൽക്കാതെ. പ്രാണന്റെ പ്രാണനായ കുഞ്ഞുമോൾ പിരിഞ്ഞുപോയതറിയാതെ, പിരിയാനാകാതെ വിധം ഹൃദയത്തിന്റെ സംഗീതമായി കൂടെ കൂട്ടിയ ലക്ഷ്മി ഇതൊന്നുമറിയാതെ ആശുപത്രിയിലുണ്ടെന്ന സത്യം അറിയാതെ. ആരും ഇതുവരെ വിശ്വസിച്ചിട്ടില്ല, ഒന്നും. ബാലഭാസ്കർ കയ്യിലൊരു വയലിനുമായി ഏതു നിമിഷവും വേദിയിലെത്താമെന്നും ലജ്ജയിൽ കുതിർന്ന പുഞ്ചിരിയോടെ ഈണം പകരുമെന്ന പ്രതീക്ഷയിലാണ് ബാലുവിനെ അറിയുന്നവരെല്ലാം ഓരോ നിമിഷവും. അതല്ലാതെ ഒരു തോന്നലിനും പ്രസക്തിയില്ല. ആ സ്വപ്നം മാത്രമാണ് ഇനി കൂട്ടിനുള്ളത്. അല്ലാതെ ഇനി ജീവിക്കാൻ കഴിയില്ല.
സംഗീതം പോലെ തന്നെ ബാലഭാസ്കറിന് ജീവനും ജീവശ്വാസവുമായിരുന്നു ഭാര്യ ലക്ഷ്മി. ഭാര്യ എന്നതിലപ്പുറം തന്റെ എല്ലാ കുറവുകളും താൻ പറയാതെ തന്നെ അറിയാൻ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്താണ് പ്രിയ പാതിയെന്ന് ബാലു അഭിമുഖങ്ങളിലെല്ലാം പറയുമായിരുന്നു. അതുകൊണ്ട് തന്നെ നീണ്ട പതിനെട്ട് വർഷത്തെ ജീവിത വഴിത്താരയിൽ എവിടെ പോയാലും തിരികെ ലക്ഷ്മിയുടെ അടുത്തേക്ക് എത്തുന്നതിലും സന്തോഷം ബാലുവിന് ഒരിടത്തും ലഭിച്ചിരുന്നില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് ബാലു ലക്ഷ്മിയെ പരിചയപ്പെടുന്നത്. വെജിറ്റേറിയനാണ് ബാലഭാസ്കർ. അതുകൊണ്ട് തന്നെ വെജിറ്റേറിയൻ ആഹാരം ഇഷ്ടപ്പെടുന്നവരോടും തനിക്ക് വല്ലാത്ത ഒരു അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്കർ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. കോളേജിൽ സംസ്കൃതം എം.എയ്ക്ക് ചേർന്ന് രണ്ടാഴ്ചയ്ക്കുശേഷം ബാലുവിന്റെ ഒരു സുഹൃത്താണ്"ഇതാ നിന്നെ പോലൊരു വെജിറ്റേറിയൻ, എം.എ ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി ലക്ഷ്മി " എന്ന് പറഞ്ഞ് തികച്ചും അവിചാരിതമായി ബാലുവിനെ ലക്ഷ്മിക്ക് പരിചയപ്പെടുത്തുന്നത്. ഇരുവരും സുഹൃത്തുക്കളായി. മൂന്നാം ദിവസം തന്റെ ഇഷ്ടം ബാലഭാസ്കർ ലക്ഷ്മിയെ അറിയിച്ചു. ഒരു ദിവസം ഉച്ചയ്ക്ക് ലക്ഷ്മിയോട് നേരിട്ട് പോയി " എനിക്ക് നിന്നെ ഇഷ്ടമാണ് " എന്ന് ഉറച്ച ശബ്ദത്തിൽ പറയുകയായിരുന്നു. എന്നാൽ സൗഹൃദത്തിന് അപ്പുറം പ്രണയമെന്നതിലേക്ക് ബന്ധം കൊണ്ട് പോകാൻ ലക്ഷ്മി തയാറായിരുന്നില്ല. പിൻമാറാൻ ബാലഭാസ്കറിനും മനസുണ്ടായില്ല. ഒന്നര വർഷം പുറകേ നടന്ന് അവസാനം ലക്ഷ്മിയെ കൊണ്ട് തന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു ബാലു. ഇതിനിടെ ലക്ഷ്മിയുടെ വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുകയും ഒരു ബന്ധം ഏകദേശം ഉറപ്പിക്കുകയും ചെയ്തതോടെ ഇപ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിയില്ലെങ്കിൽ പിന്നെ ഒരിക്കലും അതിന് സാധിക്കില്ലെന്ന് ബാലഭാസ്കറിന് തോന്നി.തന്റെ ഒരു അദ്ധ്യാപകനേയും കൂട്ടി ലക്ഷ്മിയുടെ വീട്ടിലെത്തി സംസാരിച്ചു. സംഗീതവും സിനിമയുമായി നടക്കുന്നൊരാൾക്ക് തന്റെ മകളെ നൽകാനാകില്ലെന്ന് മാതാപിതാക്കൾ ഒരേ വാക്കിൽ പറഞ്ഞു. ശ്രമം പരാജപ്പെട്ടതോടെ അന്ന് തന്നെ കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞിറങ്ങിയ ലക്ഷ്മിയുമായി ബാലഭാസ്കർ മുങ്ങി. പിറ്റേന്ന് അതായത് 2000 ഡിസംബർ24ന് ഇരുവരും തിരുവനന്തപുരത്തെ റെഡ് ക്രോസിന്റെ ഓഫീസിൽ വച്ച് ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായി. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ അദ്ധ്യാപകനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അന്ന് വൈകിട്ട് ബാലഭാസ്കറിന്റെ എറണാകുളത്തെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി. പത്തു ദിവസത്തിനുശേഷം തിരികെ തിരുവനന്തപുരത്തെത്തി. അദ്ധ്യാപകന്റെ തന്നെ പ്ലാമൂട്ടിലെ വീട്ടിൽ അഞ്ചുമാസം വാടകയ്ക്ക് താമസിച്ചു. പിന്നെ പൂജപ്പുരയിലേക്ക് താമസം മാറ്റി. ഇരുവരുടേയും സ്വപ്നതുല്യമായ ജീവിതം ആരംഭിക്കുന്നത് അവിടെ നിന്നാണ്. പണമോ വരുമാനമോ സർട്ടിഫിക്കറ്റുകളോ യാതൊന്നും തന്നെയില്ലെങ്കിലും സംഗീതത്തിലൂടെ സമ്പാദിച്ച് ലക്ഷ്മിയെ പൊന്നുപോലെ നോക്കുമെന്നത് ബാലഭാസ്കറിന്റെ വാശിയായിരുന്നു. തന്റെ മരണം വരെ ലക്ഷ്മിക്ക് നൽകിയ ആ വാക്ക് ബാലഭാസ്കർ പാലിച്ചു. ആദ്യ പതിനാറു വർഷം സന്തോഷത്തിന് മാറ്റു കൂട്ടാൻ ഒരു കൺമണിയെ തന്നില്ല ദൈവമെന്ന പരിഭവം മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുവെങ്കിലും അതും അവസാനം ദൈവം സാധിച്ചു നൽകി. പൊന്നുപോലൊരു മകളെയും മടിയിലിരുത്തി ബാലു യാത്രയാകുമ്പോൾ അക്ഷരാർത്ഥത്തിൽ ഈ ലോകത്ത് ഒറ്റയ്ക്കാവുന്നത് ലക്ഷ്മിയാണ്.
ബാലുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി അപകടത്തിനുശേഷം എല്ലാ ദിവസവും സംഗീതവുമായി പ്രിയ കൂട്ടുകാരൻ സ്റ്റീഫൻ ദേവസി ആശുപത്രിയിലുണ്ടായിരുന്നു. തുടർച്ചയായ സംഗീതം കേൾക്കുമ്പോൾ ബാലുവിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നറിയാനും ആ തിരിച്ചു വരവ് എത്രയും വേഗത്തിലാക്കാനുമായിരുന്നു സ്റ്റീഫൻ സങ്കടക്കടലിലും ബാലുവിനായി പ്രിയപ്പെട്ട ഈണങ്ങൾ വായിച്ചത്. ബാലു യാത്ര പറഞ്ഞതിന്റെ തലേദിവസവും സ്റ്റീഫൻ മുറിയിലെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച സംഗീത പരിപാടികൾ ഒരു കാരണവശാലും മാറ്റിവയ്ക്കരുതെന്നും നവംബർ മാസത്തിൽ താൻ തിരികെയെത്തുമെന്നുമായിരുന്നു ബാലു സ്റ്റീഫന്റെയടുത്ത് പറഞ്ഞത്. ബാലയുടെ കയ്യും കാലും സ്റ്റീഫൻ തടവി കൊടുത്തു. അപ്പോൾ ചെറുതായി അവൻ കരഞ്ഞു. അതുകേട്ടപ്പോൾ അതുവരെ കനലായി എരിഞ്ഞ മനസിൽ സാന്ത്വന മഴ പെയ്ത അനുഭവമായിരുന്നു സ്റ്റീഫൻ ദേവസിക്ക്. കാരണം ബാലു സംസാരിച്ചു. അവൻ തിരിച്ചു വരും. അതല്ലാതെ പ്രതീക്ഷിക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. ആ വാക്കുകൾ ജീവിതത്തിലേക്ക് ബാലു തിരിച്ചു നടക്കുന്നതിന്റെ ലക്ഷണമായാണ് സ്റ്റീഫന് അനുഭവപ്പെട്ടത്. ആ സന്തോഷത്തിലായിരുന്നു പിന്നെയുള്ള ഈണങ്ങളെല്ലാം. ജീവിതത്തിലേക്ക് തിരിച്ചു വന്നാലും സംഗീതത്തിലേക്ക് വരാൻ കുറച്ചു സമയമെടുക്കും എന്നു ഡോക്ടർ പറഞ്ഞിരുന്നു. സംഗീതം കൂട്ടിനുണ്ടെങ്കിൽ ആ അവസ്ഥയെയും എളുപ്പം മറികടക്കാം എന്ന കണക്കുക്കൂട്ടലിലായിരുന്നു സുഹൃത്തുക്കളെല്ലാം. വയലിൻ ഇല്ലാത്ത ബാലഭാസ്കറിനെ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എങ്കിലും ബാലു തിരിച്ചു വരുമ്പോൾ സംഗീതത്തിലൂടെ തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചു നടത്താം എന്നായിരുന്നു സുഹൃത്തുക്കളുടെ കണക്കുക്കൂട്ടൽ. ആദ്യം തിരികെ വേണ്ടത് ബാലുവിന്റെ ജീവിതമായിരുന്നു. പാട്ടുകാരനായ ബാലുവിനെ പിന്നീട് സംഗീതത്തിലേക്ക് തിരിച്ചു വിളിക്കാം എന്ന് എല്ലാവരും കരുതി. സ്റ്റീഫൻ ദേവസി ഒട്ടേറെ സ്റ്റേജ് ഷോകൾ ബാലഭാസ്കറിന്റെ കൂടെ ചെയ്തിരുന്നു. വേദിയിൽ ഉറ്റകൂട്ടുകാരായ രണ്ടു കലാകാരൻമാരുടെ അത്യുജ്ജല പ്രകടനം. ഇനിയുമെത്രയോ വേദികൾ ബാക്കി വച്ചാണ് ബാലഭാസ്കർ മടങ്ങിയതും.
ബാലഭാസ്കറിന്റെ ഉറ്റകൂട്ടുകാരൻ പത്രപ്രവർത്തകനായ ജോയ് തമലത്തിന്റെയും ഓർമ്മയിൽ ഒരായിരം ഈണങ്ങളുണ്ട്. ''ഒരിക്കൽ ബാലു എന്റെയടുത്തെത്തി പറഞ്ഞു, അവൻ ലക്ഷ്മിയെന്നൊരു പെൺകുട്ടിയെ പ്രണയിക്കുമെന്ന് സ്വപ്നം കണ്ടതായി. ആരാണത് എന്നു ചോദിച്ചപ്പോൾ അവനറിയില്ല. അങ്ങനെ ഒരു പേരുള്ള ആരെയും അറിയുകയുമില്ല. ഞാൻ ചിരിച്ചു. അങ്ങനെ ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിയാൽ നിന്റെ ടെൻഷൻ മാറുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് എം.എയ്ക്ക് പഠിച്ചിരുന്ന ലക്ഷ്മിയെ ഞാൻ പരിചയപ്പെടുത്തിയത്. അവർ പിന്നീട് നല്ല സുഹൃത്തുക്കളായി, പ്രണയിക്കുകയും ജീവിതത്തിൽ ഒന്നിക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ചപ്പോൾ എന്നെ വിളിച്ചു, ആദ്യമായി എന്നെയാണ് സന്തോഷം അറിയിച്ചതെന്ന് പറഞ്ഞു. എന്നെ നോക്കാൻ ഒരാളായെന്ന് പറഞ്ഞു. ഞാൻ കുഞ്ഞിനെ കാണാൻ പോയി, അവൾ ഉറങ്ങുകയായിരുന്നു. കൈയിൽ പിടിച്ചപ്പോൾ വിരൽ അമർത്തിപ്പിടിച്ചു, ബാലുവിന്റെ അച്ഛൻ പറഞ്ഞു, ബന്ധുവിനെ അവൾക്ക് മനസിലായല്ലോ എന്ന്. ബാലു പോയത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ വിശ്വസിക്കാനും തയ്യാറല്ല. അങ്ങനെ വിശ്വസിച്ചാൽ ഇനി ഒരടി നടക്കാനാവില്ല. എനിക്ക് ബാലുവിനെ വേണം."" ജോയ് പറഞ്ഞു നിറുത്തി. ഇങ്ങനെ എത്രമാത്രം ഓർമ്മകളാണ് ഈ നിമിഷം പോലും ബാലുവിനെ ജീവിപ്പിക്കുന്നത്.
'ഞാൻ അവളെ ആദ്യമായി കാണുമ്പോൾ കൈ നിറയെ മഞ്ഞ വളകളായിരുന്നു. നിറങ്ങളെ സ്നേഹിക്കാത്തതു കൊണ്ടാവാം വളകൾ എന്റെ മനസിലേക്ക് കടന്നുവന്നതേയില്ല. അവൾക്ക് മഞ്ഞുത്തുള്ളിയുടെ മണമായിരുന്നതുകൊണ്ടു തന്നെ എന്റെ രാവിലെകൾക്ക് വേഗത കൂടിയിരുന്നു. കാരണം പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ. പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിരയിളക്കത്തിൽ ഞാനെന്റെ മനസ് അവളുടെ മണത്തിലൊളിപ്പിച്ചു. കേട്ടറിവിന്റെ വാക്കുകൾക്കിടയിൽ ഞാനറിയാതെ അവളെന്റെ പേരു കുറിച്ചിട്ടു. പഠനവും പരീക്ഷയും എന്നെ തോൽപ്പിക്കുന്നതിന് ഞാൻ പ്രണയം കാരണമായി കരുതിയില്ല. ഒരു വൈകുന്നേരം ബീഡിക്ക പിടിച്ച എന്റെ ചുണ്ടുകളിൽ മഞ്ഞുതുള്ളിയുടെ മണം പുരണ്ടു. തളർന്നുറങ്ങാൻ പോയ പകൽ പോലെ ഞാൻ നിന്നു. എന്റെ കണ്ണുകളിൽ അവളുടെ പ്രതിബിംബം മാത്രം. മിഴിയനക്കാതെ അവളെന്നോടു ചോദിച്ചു.
''ഇനി എന്ത്?"" മറുവാക്കിനായി അവളുടെ കണ്ണുകൾ ആഴങ്ങളിലേക്ക് പതിച്ചു. എന്റെ കണ്ണുനിറയെ ഇരുട്ടുമാത്രം. ഞാൻ കാലുകൾ പിൻവലിച്ചു. പിന്നിൽ നിന്നും രാത്രിയെ തൊടുന്നതു പോലെ അവളുടെ ശബ്ദം." യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം വർഷ എം.എ. സംസ്കൃതത്തിന് പഠിക്കുമ്പോൾ ബാലഭാസ്കർ എഴുതിയ കഥയായിരുന്നു ഇത്.
''സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ബാലഭാസ്കറിനെ പരിചയപ്പെടുന്നത്. ശശികുമാർ സാറിന്റെ കീഴിൽ എന്നെ എത്തിച്ചതും ബാലുവായിരുന്നു. അവനെക്കുറിച്ച് സംസാരിക്കാതെ ഒരു ദിവസം പോലും പിന്നെ കടന്നു പോയിട്ടില്ല. ഒരേ കോളേജിലായിരുന്നില്ല ഞങ്ങൾ. പക്ഷേ പ്രതിഭാസംഗമങ്ങളിലൊക്കെ നിരന്തരം കണ്ടുമുട്ടുമായിരുന്നു. സംശയങ്ങൾ തീർക്കാൻ ഞാൻ എന്നും വിളിച്ചിരുന്നത് ബാലുവിനെയായിരുന്നു. വായിക്കാൻ വിഷമമുള്ള സംഗീതോപകരണം ബാലു അത്രയെളുപ്പം കൈകാര്യം ചെയ്യുന്നത് എന്നും എനിക്ക് വിസ്മയമായിരുന്നു. " ഓർമ്മകളിൽ സങ്കടപ്പെട്ട് ഗായകൻ വിധുപ്രതാപ് പറഞ്ഞു.
പ്രശസ്ത വയലിൻ വാദകനായ അമ്മാവൻ ബി. ശശികുമാറായിരുന്നു ബാലുവിന്റെ ഗുരു. ആകാശവാണിയിലെ വയലിനിസ്റ്റായിരുന്നു അദ്ദേഹം. അമ്മാവന്റെയടുത്ത് പഠിക്കാനെത്തുന്ന കുട്ടികൾക്കൊപ്പം മൂന്നുവയസുകാരനായ ബാലുവും വയലിൻ പഠിക്കാനിരുന്നു. പുലർച്ചെ അഞ്ചിന് പരിശീലനം തുടങ്ങും. വൈകീട്ട് മോഡൽ സ്കൂളിലെ മറ്റൊരു ബാച്ചു വരുമ്പോൾ ആ കൂടെയും കുഞ്ഞുബാലു കാണും. പിന്നീട് സംഗീത കോളേജിലെ വിദ്യാർത്ഥികളുടെ കൂടെയും പഠിക്കാനിരിക്കും. രാത്രി അമ്മാവന്റെ സുഹൃത്തുക്കളും വരും. അവരുടെ കൂടെയും ബാലു പഠിക്കാനിരിക്കും. രാത്രി പതിനൊന്നുമണി വരെ ആ പഠനം നീണ്ടു പോകും. ഇങ്ങനെ പഠിച്ചു പഠിച്ച് സംഗീതത്തെ പ്രാണനിൽ ചേർക്കുകയായിരുന്നു ബാലു. പന്ത്രണ്ടുവയസു മുതൽ പൊതുവേദിയിൽ വയലിൻ പഠിക്കാൻ തുടങ്ങി. 'ബാലലീല" എന്ന പേരിൽ ബാന്റ് തുടങ്ങിയതും ഹിറ്റായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ പ്രതിഭയുടെ മിന്നൽ സ്പർശവുമായി സംഗീതത്തിൽ അരങ്ങേറി. മാംഗല്യപ്പല്ലക്ക് എന്ന സിനിമയുടെ പ്രവർത്തകർ ബാലുവിന്റെ സംഗീതം ശ്രവിച്ചശേഷമായിരുന്നു സിനിമയിലേക്ക് ബാലുവിനെ ക്ഷണിച്ചത്. മ്യൂസിക്ക് ബാന്റ് എന്ന പദം പോലും കേരളത്തിൽ പരിചയപ്പെടുത്തിയത് ബാലഭാസ്കറായിരുന്നു. ഫ്യൂഷൻ സംഗീതത്തിനും ബാലഭാസ്കർ കേരളത്തിൽ മേൽവിലാസം നൽകി.
ഓർക്കാപ്പുറത്ത് ഓരോ വേദികളിലായി സമ്മാനിച്ച ഈണങ്ങളൊക്കെ ബാക്കി വച്ച് ബാലഭാസ്കർ പാതി വഴിയിൽ യാത്രയാകുമ്പോൾ അവയോരോന്നും സങ്കടശ്രുതികളാകുന്നു. പ്രിയപ്പെട്ട ബാലഭാസ്കർ, ജീവനുള്ളിടത്തോളം കാലം താങ്കൾ ഈണമിട്ട ഓരോ പാട്ടുകളും മലയാളികളുടെ ഹൃദയം മൂളിക്കൊണ്ടിരിക്കും. ദൈവത്തിന് ഏറെ പ്രിയങ്കരനായിരുന്നു താങ്കൾ. അതുകൊണ്ടു കൂടിയാണ് മഴ പെയ്തു കൊണ്ടിരുന്ന ഒരു പകലിൽ താങ്കൾ എല്ലാവരോടും വിട പറഞ്ഞ് നിത്യതയിലേക്ക് ഉയിർ പ്രാപിച്ചതും. ഇനിയും പാടുക പ്രിയ ഈണമേ...