vishal

ചെന്നെെ: രാജ്യാത്താകമാനം മീ ടൂ ക്യാന്പയിൻ ശക്തപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായി നടനും തമിഴ്നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ രംഗത്തെത്തി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്പോൾ ഉടനടി പ്രതികരിക്കണമെന്ന് വിശാൽ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഡബ്ല്യൂ. സി.സി രംഗത്തെത്തിയിട്ടും സംഘടന മൗനം തുടരുന്ന സാഹചര്യത്തിൽ മീ ടൂ ക്യാന്പയിന് ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. തന്റെ പുതിയ ചിത്രമായ സണ്ടക്കോഴി2വിന്റെ പ്രചരാണർഥം നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു വിശാലിന്റെ പ്രതികരണം.

നടി അമല പോളിനുണ്ടായ അനുഭവം വിവരിച്ചായിരുന്നു വിശാൽ നിലപാട് വ്യക്തമാക്കിയത്. ''ഒരു നൃത്തപരിശീലനത്തിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ അമല അപ്പോൾ തന്നെ ഞങ്ങളെ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് കേസെടുക്കണം എന്നാവശ്യപ്പെട്ട് ഞാനും കാർത്തിയും ഉടൻ അമലയുടെ സഹായത്തിനെത്തി. ആ സംഭവത്തിൽ പൊലീസ് ഉടൻ നടപടി എടുക്കുകയും ചെയ്തു.

എന്റെ കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തും. നമ്മുടെ സ്ത്രീകൾ സംസാരിക്കുകയാണ്, ഞാൻ അവർക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിൻമയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളെ വിവരമറിയിക്കണം'', വിശാൽ വ്യക്തമാക്കി.