ഹൈദരാബാദ്: രാജ്കോട്ടിലെപ്പോലെ ഹൈദരാബാദിലും മൂന്ന് ദിവസം കൊണ്ട് വെസ്റ്റിൻഡീസിന്റെ വെല്ലുവിളി അവസാനിപ്പിച്ച് ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. ഹൈദരാബാദിലെ ഉപ്പൽ സ്റ്രേഡിയം വേദിയായ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്രിന്റെ വിജയം സ്വന്തമാക്കിയാണ് രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കിയത്. ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ വെസ്റ്രിൻഡീസുയർത്തിയ 72 റൺസിന്റെ വിജയ ലക്ഷ്യം ഇന്ത്യൻ ഓപ്പണർമാരായ പ്രിഥ്വി ഷായും കെ.എൽ. രാഹുലും അനായാസം മറികടക്കുകയായിരുന്നു. ഇരുവരും 33 റൺസ് വീതം നേടി. സകോർ :വെസ്റ്റിൻഡീസ് 311/10, 127/10. ഇന്ത്യ 367/10, 75/0. പേസിനെ തുണയ്ക്കുന്ന ഉപ്പലിലെ പിച്ചിൽ വെസ്റ്റിൻഡീസിന്റെ ആദ്യഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്രുകൾ വീഴ്ത്തിയ ഇന്ത്യ പേസർ ഉമേഷ് യാദവാണ് മാൻ ഒഫ് ദമാച്ച്. തന്റെ കന്നി ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയ ഇന്ത്യൻ യുവ സെൻസേഷൻ പ്രിഥ്വി ഷായാണ് മാൻ ഒഫ് ദ സീരിസ്.
വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311/10നെതിരെ ഇന്നലെ രാവിലെ 308/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 367 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. വിൻഡീസ് ക്യാപ്ടൻ ജേസൺ ഹോൾഡർ അഞ്ച് വിക്കറ്ര് സ്വന്തമാക്കി. അജിങ്ക്യ രഹാനെയുടെ (80) വിക്കറ്രാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.രഹാനെയെ ഹോൾഡർ ഹോപ്പിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രവീന്ദ്ര ജഡേജയെ (0) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഹോൾഡർ വിക്കറ്രിന് മുന്നിൽ കുടുക്കി മടക്കി. റിഷഭ് പന്തിന് ആദ്യ ടെസ്റ്രിലെ പോലെ തന്നെ ഹൈദരാബാദിലും 8 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. 134 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പെടെ 92 റൺസ് നേടിയ പന്തിനെ ഷാനൻ ഗബ്രിയേലിന്റെ പന്തിൽ ഹെറ്റ്മേയറാണ് പിടികൂടിയത്. കുൽദീപിനെ (6) ഹോൾഡർ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഉമേഷിനെ (2) വാറിക്കാൻ പകരക്കാരൻ ഫീൽഡർ ഹാമിൽട്ടണിന്റെ കൈയിൽ ഒതുക്കി.വാലറ്റത്ത് മികച്ച ചെറുത്ത് നിൽപ്പ് നടത്തിയ ആർ.അശ്വിന്റെ (35) കുറ്രിതെറിപ്പിച്ച് ഷാനൻ ഗബ്രിയേലാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ തിരശീലയിട്ടത്. ഷർദ്ദുൾ താക്കൂർ 4 റൺസുമായി പുറത്താകാതെ നിന്നു. ഹോൾഡറിനെക്കൂടാതെ ഗബ്രിയേൽ 3 ഉം വാറിക്കാൻ രണ്ട് വിക്കറ്രും വീഴ്ത്തി.
56 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിൻഡീസ് ബാറ്രംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് നാലും ജഡേജ മൂന്നും അശ്വിൻ രണ്ടും വിക്കറ്രുകൾ വീഴ്ത്തി. വിൻഡീസ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ബ്രാത്ത്‌വെയ്റ്രിനെ പന്തിന്റെ കൈയിൽ എത്തിച്ച് ഉമേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു. ആംബ്രിസിനും (38) ഹോപ്പിനും (28) മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ച് നിൽക്കാനായത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ റോസ്റ്റൺ ചേസ് (6) ഉമേഷിന്റെ പന്തിൽ ക്ലീൻബൗൾഡായി ചെറുത്ത് നില്പില്ലാതെ മടങ്ങി.
തുടർന്ന് വിൻഡിസുയർത്തിയ 72 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ പ്രിഥ്വിയും രാഹുലും ചേർന്ന് 16.1 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം 21ന് ലക്നൗവിൽ നടക്കും.