തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ നിയമവിരുദ്ധമായി സെറ്റ് ചെയ്തു വില്‍പന നടത്തിയ 12 ഏജൻസികളെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ സസ്പെൻഡ് ചെയ്തു. ഗീജ ജെ., അനുദാസ് എസ്., രാജേഷ്, മുരുകേഷ് തേവര്‍, ബാലൻ കെ., എ. കാജാഹുസൈൻ, ആർ. വി. വിജീഷ്, റസാക്ക്, പി. മുരളി, സുരേഷ്ബാബു കെ. ജെ, അനീഷ് പൗലോസ് എന്നീ ഏജന്റുമാരുടെ ഏജൻസികളും മീനാക്ഷി ലോട്ടറി ഏജൻസിയുമാണ് സസ്പെൻഡ് ചെയ്തത്. കേരള ലോട്ടറീസ് (റഗുലേഷൻ) ഭേദഗതി നിയമം 2011, ചട്ടം 5 (5) പ്രകാരമാണ് നടപടി. കഴിഞ്ഞ കുറച്ചു നാളായി സെറ്റ് ലോട്ടറിയുടെ വില്‍പന നടക്കുന്നതായുള്ള റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വകുപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.