nimisha

നിമിഷ സജയന്റെ ഏറ്റവും വലിയ ഭാഗ്യം, ചെയ്ത വേഷങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നുണ്ട് എന്നതാണ്. ഏതുകഥാപാത്രമാണെങ്കിലും സ്വന്തം ഹൃദയമെടുത്താണ് നിമിഷ അവർക്കായി നൽകിയിട്ടുള്ളത്. അതുകൊണ്ടു കൂടിയാണ് മലയാളികൾ നിമിഷയെ വല്ലാതെ സ്നേഹിക്കുന്നതും. ഇതൊന്നുമല്ലാതെ ജീവിതത്തിൽ കുസൃതിക്കുടുക്കയാണ് നിമിഷ. ഉത്സാഹത്തോടെയല്ലാതെ നിമിഷയെ കാണാൻ സാധിക്കില്ല. നിമിഷയുടെ വിശേഷങ്ങൾ.


ക്ലിക്കായ കിക്കുകൾ
തയ്‌ക്കോണ്ടയിൽ ബ്ലാക് ബെൽറ്റാണ് ഞാൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ബ്ലാക് ബെൽറ്റ് കിട്ടുന്നത്. തയ്‌ക്കോണ്ടയിലെ കിക്കുകളെ സ്‌നേഹിക്കുന്ന എനിക്ക് ബോക്സിംഗിനോട് താൽപര്യമില്ല. അങ്ങനെയെങ്കിൽ ഒരു അക്രമിയെ ഇടിച്ചിടാനൊക്കുമോ എന്നൊക്കെ ചോദിച്ചാൽ എന്റെ കൈയിൽ അപ്പോൾ കിട്ടുന്നത് വച്ച് ഇടിക്കും എന്നായിരിക്കും ഞാൻ പറയുക. കല്ലാണ് കൈയിൽ കിട്ടുന്നതെങ്കിൽ അത് കൊണ്ട് എറിയും. നമ്മുടെ സുരക്ഷയ്ക്കും നിലനിൽപ്പിനുമായി എന്തായാലും ചെയ്തു പോകില്ലേ.


ഡാൻസുമുണ്ട് കൈയിൽ
ഡാൻസും പാട്ടും ഇഷ്ടമുള്ള കാര്യങ്ങൾ ആണ്. ഡാൻസ് കളിക്കാറുമുണ്ട്. പക്ഷേ പാടാറില്ല,എങ്കിലും നല്ലതുപോലെ ആസ്വദിക്കാറുണ്ട്. ശ്രേയ ഘോഷാലിന്റെ ശബ്ദം ഏറേ ഇഷ്ടമാണ്. ഡാൻസിൽ മാധുരി ദീക്ഷിതാണ് എന്റെ റോൾ മോഡൽ. മാധുരി ദീക്ഷിതിന്റെ ഡാൻസ് ഫോളോ ചെയ്യാറുണ്ട്. ഞാൻചെയ്യാൻ പോകുന്ന കഥാപാത്രം ഡാൻസ് ടീച്ചറോ നർത്തകിയോ ആണെങ്കിൽ നൃത്തം ചെയ്യാൻ ഞാൻ തയാറാണ്. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ ഒഴിവാക്കാനാകില്ലല്ലോ. എന്നാൽ പാട്ടിനു വേണ്ടി മാത്രം സിനിമയിൽ ഡാൻസ് ഒക്കെ വയ്ക്കാറില്ലേ ....അതിനോട് താൽപര്യമില്ല.

nimisha

സിനിമ എന്നാൽ എനിക്ക് ജീവനാണ്

എനിക്ക് സിനിമാ കാണാൻ വല്യ ഇഷ്ടമാണ്. കുഞ്ഞായിരിക്കുമ്പോൾ മഞ്ജു ചേച്ചിയുടെ അഭിനയം അതിശയത്തോടെയാണ് ഞാൻ കണ്ടത്. മഞ്ജു ചേച്ചി ചെയ്ത കഥാപാത്രങ്ങൾ എന്നെ ഒരുപാട് സ്വാധീനിച്ചു. ഒരുപാട് നടിമാരുടെ കഥാപാത്രങ്ങളോട് എനിക്ക് വലിയ ആരാധന തോന്നിയിട്ടുണ്ട്. ഉർവ്വശി, ശോഭന, രേവതി, എന്നിവർ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ വളരെയേറെ ഇഷ്ടമാണ്.എന്താന്നറിയില്ല ചില കഥാപാത്രങ്ങളോട് ഭയങ്കര ഇഷ്ടം തോന്നിപ്പോകും. മഞ്ജു ചേച്ചിയുടെ കഥാപാത്രങ്ങളോട് ഏറെ ഇഷ്ടമാണ്. അത് എനിക്ക് വീണ്ടും വീണ്ടും കാണാൻ തോന്നും. 'കണ്ണെഴുതി പൊട്ടും തൊട്ട് 'സിനിമയിലെ മഞ്ജു ചേച്ചിയുടെഅഭിനയം ഞാൻ നോക്കിയിരുന്നിട്ടുണ്ട്. മഞ്ജു ചേച്ചിയുടെ ആറാം തമ്പുരാൻ, സമ്മർ ഇൻ ബത്ലഹേം, കന്മദം, ഇവയൊക്കെ ടി.വിയിൽ വന്നാൽ ഞാൻ മിസ്സ് ചെയ്യാറില്ല.


കേരളം എനിക്കേറെയിഷ്ടം
പപ്പയ്ക്കും മമ്മിയ്ക്കും മുംബെയിലായിരുന്നു ജോലി. ഞാൻ പഠിച്ചതും വളർന്നതും അവിടെ തന്നായിരുന്നു. അതുകൊണ്ട് കേരളത്തിലേക്ക് അധികം വരാൻ എനിക്ക് സാധിച്ചിട്ടില്ല. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ഇപ്പോൾ കേരളത്തിലാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അതിനാൽ കേരളം കൂടുതൽ ഇഷ്ടമാണ്. 'തൊണ്ടിമുതലും ദൃക്‌സാഷിയും'ഇറങ്ങിയപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും കിട്ടിയ സ്‌നേഹം മറക്കാനാകാത്ത ഒന്നാണ്. എനിക്ക് കിട്ടിയ ഏറ്റവും നല്ല ഓർമയും അതാണ്. എന്റെ ഫ്രണ്ട്‌സെല്ലാം മുംബൈയിലാണ്. എങ്കിലും എനിക്ക് ഇവിടെ ഒട്ടും ബോറടിയില്ല.ഇവിടെ നല്ല രണ്ട് കൂട്ടുകാരെ എനിക്ക് കിട്ടി. അനുസിതാരയും അതിഥി രവിയുമാണ് അത്.


ടെൻഷനോ...! ഞാൻ കൂളായിരുന്നു കേട്ടോ
എനിക്ക് കൊച്ചു കുട്ടികളുടെ സ്വഭാവമാണ്. തൊണ്ടി മുതലും ദൃക്സാഷിയിലും അഭിനയിക്കാൻ ഒരുങ്ങുമ്പോൾ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. കാരണം 26 വയസ്സുള്ള ശ്രീജയുടെ കഥാപാത്രമാണ് ഞാൻ ചെയേണ്ടത്. പക്വതയുള്ള കഥാപാത്രം. ഞാനാണങ്കിലോ തുള്ളിച്ചാടി നടക്കുന്ന കുട്ടിയും. രാജീവേട്ടനും ദിലീഷേട്ടനുമാണ് എനിക്ക് ആത്മവിശ്വാസം തന്നത്. എന്നെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് അവർ പറഞ്ഞു. ഒരു ഡയറക്ടറുടേതാണ് സിനിമ. സെറ്റിൽ ദിലീഷേട്ടനോക്കെ യാതൊരു ടെൻഷനും ഇല്ലായിരുന്നു. ഞാൻ നോക്കിയപ്പോൾ അവരൊക്കെ നല്ല ആത്മവിശ്വാസമുള്ളവർ. അവരുടെ എനർജി എനിക്കും കിട്ടി .എനിക്ക് ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം അപ്പോൾ എനിക്ക് കിട്ടി. അതുകൊണ്ട് അഭിനയിക്കാൻ നേരം എനിക്ക് യാതൊരു ടെൻഷനുമില്ലായിരുന്നു.സെറ്റിൽ രാജീവേട്ടൻ, ദിലീഷേട്ടൻ, ഫഹദിക്ക, സുരാജേട്ടൻ ഇവരൊക്കെ ഭയങ്കര കൂളായിരുന്നു. അത് കൊണ്ട് എനിക്ക് ടെൻഷനടിക്കേണ്ട കാര്യമേയില്ലായിരുന്നു. എന്റെ ചേട്ടൻമാർ സിനിമ പിടിക്കുന്നു, ഞാൻ അതിൽ അഭിനയിക്കുന്നു... അങ്ങനെയൊരു തോന്നൽ ആയിരുന്നു എനിക്ക്.


ഫാമിലിയല്ലേ എല്ലാം
എന്റെ വീട്ടുകാർ എന്നെ എന്നും പിന്തുണച്ചിട്ടേ ഉള്ളൂ. ഇവിടെ വരെ എത്തിയതിനും കാരണം അവരാണ്. എന്റെ പപ്പ മുംബെയിൽ എൻജിനിയറാണ്. മമ്മിയ്ക്കും അവിടെ ജോലിയുണ്ടായിരുന്നു. ഇപ്പോൾ ജോലിയോക്കെ വിട്ട് എന്റെ കൂടെയാണ്. ചേച്ചി പൂനെയിൽ ജോലി ചെയ്യുകയാണ്. സിനിമയിലേക്ക് ചുവട് വച്ചപ്പോൾ ഫാമിലിയും ബന്ധുക്കളും തന്ന ഊർജ്ജം എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.


ഭാഗ്യം വേണം കഠിനാദ്ധ്വാനവും
ഞാൻ ഭാഗ്യത്തിലും കഠിനാദ്ധ്വാനത്തിലും ഒരുപോലെ വിശ്വസിക്കുന്ന ആളാണ്. സിനിമ നോക്കുകയാണെങ്കിൽ ഒരു പരിധി വരെ ഭാഗ്യം എന്നെ തുണച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു കാര്യമുണ്ട്, ഭാഗ്യമുണ്ടെന്ന് കരുതി വെറുതെ ഇരുന്നാൽ ഒന്നും നേടാൻ പോകുന്നില്ല. വെറുതെ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ല.നല്ല സിനിമയുടെ ഭാഗമാകണം. അതുമാത്രമേ ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളൂ. നല്ല ഉള്ളടക്കമുള്ള, സെൻസിബിൾ ആയിട്ടുള്ള നല്ല സിനിമകൾ ചെയ്യാനാണ് എനിക്കിഷ്ടം. ഭാഗ്യമെന്ന് പറയട്ടെ എനിക്ക് അത് കിട്ടുന്നതുമുണ്ട്.


സമയം വെറുതെ കളയില്ല ഞാൻ
എനിക്ക് ഒട്ടും മടിയില്ല. ഒരിടത്ത് തന്നെ ഇരിക്കുന്ന ആളല്ല ഞാൻ. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കണം. സിനിമയെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് ഞാൻ. സിനിമ കണ്ടിട്ട് കൃത്യമായി വിലയിരുത്തും. ഞാൻ വരയ്ക്കും, വായിക്കും. രാവിലെ മുതൽ വൈകിട്ട് വരെ സിനിമ കാണും. ക്ലാസിക്കുകൾ വലിയ ഇഷ്ടമാണ്. ഇപ്പോൾ ഞാൻ വായിച്ച് കൊണ്ടിരിക്കുന്നത് മണിരത്‌നം സാറിന്റെ ബുക്കാണ്. അദ്ദേഹം ഇതുവരെ ചെയ്ത സിനിമകളിലൂടെയുള്ള ഒരു യാത്രയാണ് അത്. ഇപ്പോൾ എന്റെ മനസു മുഴുവൻ അതിലാണ്. സർ സിനിമകൾ എങ്ങനെയാണ് ചെയ്തത്, സർ നേരിട്ട പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു ഇതൊക്കെയാണ് അതിൽ പ്രതിപാദിക്കുന്നത്. എനിക്കേതായാലുംആ പുസ്തകം വളരെ ഇഷ്ടമായി. ഒരുപാട് വായിക്കുമെങ്കിലും ഞാൻ പുസ്തക പുഴു അല്ല കേട്ടോ. സിനിമ കാണാനും വായിക്കാനും ഇഷ്ടമാണ്. അല്ലെങ്കിൽ വരയ്ക്കും. സമയം വെറുതെ കളയുന്നത് ഒട്ടും ഇഷ്ടമല്ല. എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്തുകൊണ്ടേയിരിക്കണം.

nimisha

പഠിക്കാൻ വലിയ മടിയായിരുന്നു

വായനഇഷ്ടപ്പെടുന്ന ഞാൻ പക്ഷേ, പഠനത്തിൽ മടിച്ചിയായിരുന്നു. ഒരു ശരാശരി വിദ്യാർത്ഥിനി. സ്‌കൂളിൽ സ്‌കിറ്റിലൊക്കെ പങ്കെടുക്കുമായിരുന്നു. സ്പോർട്‌സിലും കൾച്ചറൽ ആക്ടിവിറ്റികളിലുമൊക്കെ ആക്ടീവായിരുന്നു. പിന്നെ തയ്‌ക്കോണ്ട സ്വിമ്മിംഗ്, വോളിബോൾ, ഫുട്‌ബോൾ, അങ്ങനെ ഇഷ്ടങ്ങൾ പലവിധമായിരുന്നു.


എനിക്ക് ഏറെ ഇഷ്ടം
ഏറ്റവും ഇഷ്ടം സിനിമ കാണാൻ തന്നെ. നന്നായി സംസാരിക്കുന്ന സ്വഭാവക്കാരിയാണ് ഞാൻ. സിനിമയെ കുറിച്ചാണെങ്കിൽ കുറച്ചധികം സംസാരിക്കും. സിനിമ ചർച്ചയൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. സൈക്കോ ത്രില്ലർ, സീരിയൽ കില്ലർ പടങ്ങളോടാണ് എനിക്ക് കൂടുതൽ ഇഷ്ടം.അടുത്തിടെ കണ്ട ബെർലിൻ സിൻഡ്രോം എനിക്ക് ഒരുപാട് ഇഷ്ടമായി. ചലച്ചിത്രമേളകളിൽ ശ്രദ്ധേയമാകുന്ന സിനിമകൾ ഒക്കെ തിരഞ്ഞുപിടിച്ച് കാണാറുണ്ട്. മലയാളത്തിൽ ഫഹദിക്കയാണ് എന്റെ ഫേവറിറ്റ് നടൻ. മഞ്ജു ചേച്ചിയുടെയും പാർവ്വതി ചേച്ചിയുടെയും ( പാർവ്വതി തിരുവോത്ത് ) അഭിനയം മികച്ചതാണ്. അവരുടെ അഭിനയംഎനിക്ക് വളരെ ഇഷ്ടമാണ്.
അടൂർ സറിന്റെ സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. സത്യൻ അന്തിക്കാട് സർ, ലാൽ ജോസ് സർ ഇവരുടെ കൂടെയും വർക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.


ഫുഡിനോട് 'നോ' ഇല്ല
ഭക്ഷണത്തിൽ ഒട്ടും നിയന്ത്രണമില്ലാത്ത ആളാണ് ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണത്. ഈ കാര്യം സിനിമയിൽ ഒട്ടുമിക്ക പേർക്കും അറിയാം. കപ്പയും മീൻ കറിയും ഫേവറിറ്റാണ്. അത്യാവശ്യം കുക്കിംഗും അറിയാം. ചപ്പാത്തിയുടെയും ചോറിന്റെയും കറി ഉണ്ടാക്കാറുണ്ട്. നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ ഉണ്ടാക്കാനറിയുക. മുംബെയിലായിരിക്കുമ്പോൾ അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ അടുത്ത വീട്ടിലെ ആന്റിയോട് ചോദിച്ചായിരുന്നു എന്റെ കുക്കിംഗ്.


വീട്ടിലെ ചെല്ലകുട്ടി
എന്റെ കുടുംബത്തിൽ ഏറ്റവും ചെറുതാണ് ഞാൻ. മമ്മീയുടെവീട്ടിലായാലുംപപ്പയുടെ വീട്ടിലായാലും ഇളയത് ഞാനാണ്. അതുകൊണ്ട് തന്നെഎന്നെ ഒരുപാട് ലാളിച്ചാണ് വളർത്തിയത്. ലാളിച്ച് വഷളാക്കിഎന്നു വേണമെങ്കിൽ പറയാം. സാധാരണ മിക്ക വീടുകളിലും ഒരുപാട് ലാളിച്ച് വളർത്തുന്ന കുട്ടികൾക്ക് കുറച്ച ്പിടിവാശിയും അതുപോലെ തന്നെ ദേഷ്യം വന്ന് എറിഞ്ഞുടയ്ക്കുന്ന സ്വഭാവവുമൊക്കെ കാണാറുണ്ട്. എനിക്കുംഅങ്ങനെതന്നെയാണ്. നല്ലപിടിവാശി ഉണ്ട്.


എറ്റവും വലിയ ചെറിയ സ്വപ്നം
ഞാൻ ഹിന്ദി സിനിമ പതിവായി കാണും. നവാസുദ്ദീൻ സിദ്ദിഖി, വിക്കി കൗശൽ, രാജ്കുമാർ റാവു ഇവരാണ് എന്റെ ഫേവറേറ്റ്. അനുരാഗ് കശ്യപിന്റെ സിനിമയിൽ അഭിനയിക്കണം നവാസുദ്ദീൻ സിദ്ദിഖി അതിൽ എന്റെ നായകനാകണം.......എന്റെ ഏറ്റവും വലിയ സ്വപനം(ചെറിയ സ്വപ്നം)


അലാവുദ്ദീനു കിട്ടിയപോലൊരു അത്ഭുത വിളക്ക് കൈയിൽ കിട്ടിയാൽ പറയാൻ പോകുന്ന മൂന്ന് ആഗ്രഹങ്ങൾ?
എന്റെ അമ്മയ്ക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടോ അതെല്ലാം സാധിച്ചു കൊടുക്കാൻ പറയും.
ഒരുപാട് നല്ല സിനിമകൾ കിട്ടണേ നല്ല സിനിമകളുടെ മാത്രം ഭാഗമാകാൻ കഴിയണേ.
നമ്മുടെ കേരളത്തിൽഇത്തവണഉണ്ടായത് പോലൊരു ദുരന്തം ഇനി ഒരിക്കലും ആവർത്തിക്കരുത്.വരുന്ന വർഷളെല്ലാം കേരളത്തിനു നല്ലതായിരിക്കണം.