ck-janu
ck janu nda

കോഴിക്കോട്: എൻ.ഡി.എയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും രണ്ടര വർഷമായി മുന്നണിയിൽ വേണ്ട
പരിഗണന ലഭിച്ചില്ലെന്നും ജനാധിപത്യ രാഷ്ട്രീയസഭ (ജെ.ആർ.എസ്)
അദ്ധ്യക്ഷ സി.കെ. ജാനു വ്യക്തമാക്കി.ഏത് മുന്നണിയുമായും ചർച്ചയ്‌ക്ക് തയ്യാറാണെന്നും അവർ പറഞ്ഞു.

ആദിവാസികൾ തിങ്ങിപാർക്കുന്ന മേഖലകൾ ഷെഡ്യൂൾഡ് ഏരിയയിൽ ഉൾപ്പെടുത്തണമെന്ന് ജെ.ആർ.എസ് ആവശ്യപ്പെട്ടിരുന്നു. കോർപ്പറേഷൻ, ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽ പ്രാതിനിദ്ധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നണി പരിഗണിച്ചില്ല. എൻ.ഡി.എ യോഗം വിളിച്ചുകൂട്ടാറുമില്ലെന്ന് ജെ.ആർ.എസ് സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ച് അവർ പറഞ്ഞു. .

എന്നാൽ, ബി.ജെ.പി സവർണ വർഗീയ സംഘടനയാണെന്ന അഭിപ്രായം
പാർട്ടിക്കില്ലെന്ന് ജാനു പറഞ്ഞു. തങ്ങളെ മുന്നണിയിൽ ഉൾപ്പെടുത്തിയത് ബി.ജെ.പിയാണ്. മറ്റു രണ്ട് മുന്നണികളും അത് ചെയ്തില്ല. ബി.ജെ.പിയോട് അതിന് കടപ്പെട്ടിരിക്കുന്നു. എൻ.ഡി.എ അടക്കമുള്ള ഏത് മുന്നണിയുമായും ചർച്ചയ്‌ക്ക് തയ്യാറാണ്. എൻ.ഡി.എയിലേക്ക് തിരികെ എത്തുന്നത് തീരുമാനിക്കേണ്ടത് എൻ.ഡി.എ നേതൃത്വമാണ്.
ശബരിമല വിഷയത്തിൽ കോടതി വിധി മാനിക്കണം. വിധിയെക്കുറിച്ച് പരാതികളുണ്ടെങ്കിൽ പരിഹരിക്കണം. സുപ്രീം കോടതിയുടെ അന്തിമ വിധിവരട്ടെ. എന്നാൽ, സ്ത്രീകൾക്ക് സമത്വാവകാശമുണ്ടെന്ന നിലപാടിനോട് പാർട്ടിക്ക് യോജിപ്പാണ്. എൻ.ഡി.എയുടെ ശബരിമലയാത്രയിൽ പങ്കെടുക്കാത്തത് മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ്. ഇക്കാര്യം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി അണികളുടെ വികാരം നേതൃത്വത്തിന് മാനിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ സമ്മർദ്ദ സമീപനമല്ലെന്നും അവർ പറഞ്ഞു.
കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റിയിൽ ജെ.ആർ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ, എൻ.കെ. വേണുഗോപാൽ, പ്രദീപ് കുന്നുപുര, പ്രസീത അഴിക്കോട്, പി.എം. നാരായണൻ, വരദരാജ്, പ്രകാശൻ മൊറാഴ, മാമ്മൻ ടി.ജെ തുടങ്ങിയവരും പങ്കെടുത്തു.