ദുബായ്: സ്വപ്‌നങ്ങളുടെ നഗരിയായ ദുബായിലെത്തി ഏവിടെയെങ്കിലും പോകാനായി നിങ്ങൾ ടാക്‌സി വിളിച്ചെന്നിരിക്കട്ടെ. പക്ഷേ ടാക്‌സിക്കുള്ളിൽ കയറി പോകേണ്ട സ്ഥലം പറയുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ആളില്ലെങ്കിൽ എന്ത് ചെയ്യും. പേടിക്കണ്ട ദുബായിലെ ടാക്‌സികളിൽ ഇനി ഡ്രൈവർ വേണ്ട, സംഗതി സത്യമാണ് . അടുത്ത മാസം മുതൽ ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രൈവറില്ലാ കാറുകൾ പരീക്ഷിക്കുമെന്ന് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. മൂന്ന് മാസത്തെ പരീക്ഷണത്തിന് ശേഷം ഡ്രൈവറില്ലാ ടാക്‌സികൾ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 2030 ആകുമ്പോഴേക്കും ദുബായിലെ ടാക്‌സി കാറുകളെല്ലാം ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്നവയാകും എന്നാണ് കരുതുന്നത്.
മുൻ നിശ്ചയിച്ച പ്രകാരം ദുബായ് സിലിക്കൺ ഒയാസിസ് മേഖലയിൽ വാഹനം പരീക്ഷണം നടത്തുമെന്ന് ആർ.ടി.എ ഡയറക്‌ടർമാരിൽ ഒരാളായ ഖാലിദ് അൽ അവാദിയാണ് യു.എ.ഇ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മൂന്ന് മാസത്തെ പരീക്ഷണത്തിന് ശേഷം രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ദുബായ് സിലിക്കൺ ഒയാസിസും ഡിജി വേൾഡ് ഫോർ റോബോട്ട്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നാണ് ബെൻസിന്റെ ഇ ക്ലാസ് മോഡലിൽ ഡ്രൈവറില്ലാതെ
പ്രവർത്തിക്കുന്ന ടാക്‌സി സംവിധാനം ഒരുക്കിയത്.
വാഹനത്തിന്റെ പ്രത്യേകത
നാല് വശങ്ങളിലും അതിന്യൂതന സെൻസറുകൾ
വാഹനം നിറുത്തുക, വേഗത കൂട്ടുക, വേഗത കുറയ്‌ക്കുക തുടങ്ങിയവയ്‌ക്കായി
മുൻ,പിൻ വശങ്ങളിലെയും വാഹനത്തിനകത്തെയും ദൃശ്യങ്ങൾ ലഭിക്കുന്നതിനായി മൂന്ന് ഹൈ ഡെഫനിഷൻ കാമറകൾ
വാഹനത്തിന്റെ കണ്ണുകൾ പോലെ പ്രവർത്തിക്കുന്നതിനൊപ്പം റോഡിലെ വാഹനങ്ങളെയും ഗതാഗത സംവിധാനങ്ങളെയും റെക്കോഡ് ചെയ്യുന്നതിന്
മുൻ ഗ്രില്ലിൽ രണ്ടും വാഹനത്തിന് മുകളിൽ ഒന്നും വീതം റഡാറുകൾ
360 ഡിഗ്രി ചുറ്റളവിൽ 400 മീറ്റർ പരിധിയിൽ സ്‌കാൻ ചെയ്‌ത് വാഹനം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി
അതേസമയം, ആദ്യഘട്ടത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടി വാഹനത്തിൽ ഒരു ഡ്രൈവറുടെ സേവനം ഉണ്ടായിരിക്കും. തിരഞ്ഞെടുത്ത യാത്രക്കാർക്ക് വേണ്ടി മാത്രമാകും ഈ ഘട്ടത്തിൽ ഡ്രൈവറില്ലാ ടാക്‌സിയുടെ സേവനം. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക പരീക്ഷണം ഒരുക്കുമെന്നും ഖാലിദ് അൽ അവാദി കൂട്ടിച്ചേർത്തു.