kodiyeri

തിരുവനന്തപുരം; ശബരിമല വിഷയത്തിൽ ജാഗ്രത വേണമെന്നും രണ്ടാം വിമോചന സമരത്തിനായി ചിലർ ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രകോപനപരമായ നിലപാട് പാടില്ലെന്നും കോടതി വിധി പഠിച്ച് ജനങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.എം അംഗങ്ങൾക്കുള്ള റിപ്പോർട്ടിംഗിൽ ആണ് കോടിയേരി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

ശബരിമല വിഷയത്തിൽ പ്രതിരോധം തീർക്കാൻ രണ്ട് മാസം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. സ്ത്രീ പ്രവേശനത്തിൽ സൂക്ഷിച്ച് നീങ്ങാൻ സംസ്ഥാന സർക്കാരിനും സി.പി.എം നിർദ്ദേശം നൽകിയിരുന്നു. സ്ത്രീ പ്രവേശനത്തിന്റെ പേരിൽ വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരെയാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സമയം എടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകൾ അകറ്റാൻ ശ്രമിക്കണമെന്നുമാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം.

അതേസമയം, സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം തുടരുകയാണ്. എൻ.ഡി.എയുടെ ശബരിമല സംരക്ഷണ ജാഥയ്ക്ക് നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സമാപനമാകും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു സമാപനസമ്മേളനം ഉദ്ഘാടന ചെയ്യും.