"ഡോളറുകൾക്കും പൗണ്ടുകൾക്കും അപ്പുറമാണ് പ്രവാസികളുമായി രാജ്യത്തിനുള്ള ബന്ധം" എന്ന് പ്രവാസികളെ (എൻ.ആർ.ഐ) അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ, ഈ വാചകങ്ങൾക്ക് വിപരീതമായാണ് തകരുന്ന രൂപയുടെ മൂല്യത്തിന്റെയും ഉയരുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെയും വെളിച്ചത്തിൽ കോടിക്കണക്കിന് വരുന്ന പ്രവാസികളെ രാജ്യം നോക്കി കാണുക.
പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള പണം അയയ്‌ക്കൽ - പ്രധാനമായ, പുഴ്‌ത്തപ്പെടാത്ത ഈ പ്രക്രിയയാണ് കറന്റ് അക്കൗണ്ട് കമ്മി തകരുന്നതിൽ നിന്ന് പലപ്പോഴും രാജ്യത്തിന് രക്ഷയായിട്ടുള്ളത്. കഴിഞ്ഞവർഷം 6,900 കോടി ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്‌ച്ചത്. 20 ദശലക്ഷത്തോളം വരുന്ന വിദേശ ഇന്ത്യക്കാരിൽ നിന്നുള്ള ഈ വരുമാനം ഇല്ലായിരുന്നെങ്കിൽ, രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ രണ്ട് ശതമാനമെന്നത് അഞ്ച് ശതമാനം ആകുമായിരുന്നു.
വരും വർഷങ്ങളിൽ പണമയയ്‌ക്കൽ അഞ്ച് ശതമാനത്തിൽ നിന്ന് ആറ് ശതമാനത്തിലേക്ക് ഉയർന്നാലേ ജി.ഡി.പിയുടെ രണ്ട് മുതൽ 2.5 ശതമാനം വരെ ധനക്കമ്മിയുടെ വ്യാപ്‌തി വർദ്ധിക്കാതിരിക്കൂ. നിലവിലുള്ള രൂപയുടെ മൂല്യത്തകർച്ച, എണ്ണവില വർദ്ധന, സാമ്പത്തിക സ്ഥാപനങ്ങളുടെ ദുർബലമായ ഇടപെടലുകൾ എന്നീ സാഹചര്യത്തിൽ പ്രവാസികളെ പരമാവധി വിദേശ നിക്ഷേപത്തിനും പണമിടപാടിനും പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്.
1998ൽ വാജ്‌പേയ് സർക്കാരാണ് പൊഖ്‌റാനിലെ അണ്വായുധ പരീക്ഷണ അനുവാദത്തിന്റെ നിഴലിൽ പ്രവാസികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാൻ ഡോളർ, പൗണ്ട് സ്‌റ്റെർലിംഗ്, യൂറോ എന്നിവയ്‌ക്ക് റീസർജന്റ് ഇന്ത്യ ബോണ്ട് കൊണ്ടുവന്നത്. അത്തരമൊരു സാഹചര്യം നിലവിൽ രാജ്യത്തിന്റെ ശക്തമായ വിദേശ നാണയശേഖരം കൊണ്ട് പ്രതീക്ഷിക്കുന്നില്ല. എങ്കിലും, രാജ്യസ്നേഹത്തിനുമപ്പുറം പ്രവാസികളെ നിക്ഷേപങ്ങൾക്ക് പ്രലോഭിപ്പിക്കാനുള്ള തന്ത്രങ്ങൾ കൃത്യമായി തിട്ടപ്പെടുത്തേണ്ടിവരും.
പ്രവാസികൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും മറ്റു നിക്ഷേപങ്ങളിൽ നിന്നും 1,100 കോടി ഡോളർ വലിച്ചെടുത്തതും വർദ്ധിക്കുന്ന ധനക്കമ്മിക്ക് ശക്തമായ ഇരുട്ടടിയായിരിക്കും. വിദേശ നിക്ഷേപങ്ങളിലും ധനസ്വരൂപിക്കലിനുംമേൽ റിസേർവ് ബാങ്കിന്റെ ചട്ടങ്ങൾ മയപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്. എന്നാൽ, പ്രവാസികളുടെ പരാതികൾ മറ്റ് പലതാണ്.
ഉദാഹരണത്തിന്, പണമയയ്‌ക്കലിൽ നിന്നുള്ള പലിശ വരവിന്റെ നിലവിലെ നിരക്ക് 30 ശതമാനമാണ്. ഇത് എത്രയും വേഗം എടുത്തുനീക്കിയില്ലെങ്കിൽ ഡോളറിനെ ആകർഷിക്കാനാകാതെ വരും. പണമയയ്ക്കലിനേക്കാൾ ലാഭകരം നിക്ഷേപങ്ങൾ ഡോളറിൽ തന്നെയാക്കുന്നതാണ് മൂല്യത്തകർച്ച ഒഴിവാക്കാൻ നല്ലത് എന്നാണ് ഒരുപക്ഷം. സർക്കാരിന്റെ നിയമക്കുരുക്കുകളും ആധാർ പോലുള്ള നിർബന്ധങ്ങളും സങ്കീർണാവസ്ഥയിൽ നിക്ഷേപങ്ങൾ നടത്താൻ പ്രവാസികളുടെ താത്പര്യം കുറയ്‌ക്കുന്നു എന്നതും മറ്റൊരു വശമാണ്.
സെബിയും സർക്കാരും ദീർഘകാല മൂലധന നേട്ടത്തിലും ഫോറിൻ പോർട്ട്ഫോളിയോ മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റങ്ങളിലും പല പ്രവാസികൾക്കും പ്രതിഷേധമുണ്ട്. പ്രവാസികളുടെ ബാങ്ക് നിക്ഷേപങ്ങൾ നികുതി മുക്തമായത് പോലെ തന്നെ ഇക്വിറ്റി നിക്ഷേപങ്ങളും നികുതി രഹിതമാക്കണം. ഒരുപാട് പ്രതിഷേധങ്ങൾക്ക് വിരാമമിട്ടാണ് സ്‌റ്റോക്ക് മാർക്കറ്റിലെ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ സെബി നീക്കിയത്.
റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ പ്രവാസികളെ ഭൂമിയിടപാടിൽ നിന്ന് പിന്തിരിപ്പിക്കുന്നു എങ്കിലും, വിദേശ നിക്ഷേപം ത്വരിതപ്പെടുത്താൻ 'റെറ' നിയമങ്ങളിൽ ഭേദഗതി വരുത്തിയാൽ പ്രവാസികൾക്ക് ഭൂമിയിടപാടുകളിൽ കൂടുതൽ ആത്മവിശ്വാസം നൽകാനാവും. നിലവിൽ നേരിട്ടോ അല്ലാതെയോ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ രാജ്യത്ത് നിയമമുണ്ട്. എൻ.ആർ.ഐ നിക്ഷേപങ്ങൾ സെബിക്ക് പുറമേ, വിദേശ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്‌ട് നിയമങ്ങൾക്കും കീഴിലാണ് വരുന്നത്.
സെബി ഒരു പുതിയ കമ്മിറ്റി വച്ച് എൻ.ആർ.ഐ നിക്ഷേപങ്ങളെയാകെ ഉടച്ചു വാർക്കാൻ നോക്കുന്നു എന്ന നല്ല വാർത്തയാണ് നാം ഇപ്പോൾ കേൾക്കുന്നത്. പോസ്‌റ്റ് ഓഫീസിൽ നിക്ഷേപം മുതൽ മ്യൂച്വൽ ഫണ്ട് വരെ, പുതിയ നിയമത്തിനു സമയമായി. ഏറ്റവും ആവശ്യം അവരുടെ പണത്തിനുള്ള സുരക്ഷിതത്വവും ഇടപാടുകൾ എളുപ്പമാക്കാനുള്ള നിയനിർമാണവുമാണ്. അനാവശ്യമായി അവരെ റെഗുലേറ്ററി കംപ്ലയൻസ് വഴി മാനസികമായി ബുദ്ധിമുട്ടിക്കരുത്. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചാൽ ഈ സർക്കാരിന് ഇത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഗുണം ചെയ്യും.