കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും കത്തിനിൽക്കുന്നതിനിടയിൽ ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാൻ മാലയിട്ട് കണ്ണൂർ സ്വദേശിനി. പോകാൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വർഷങ്ങളായി മാലയിട്ട് വ്രതമനുഷ്‌ടിക്കാറുണ്ടെന്ന് കോളേജ് അദ്ധ്യാപിക കൂടിയായ രേഷ്‌മാ നിഷാന്ത് പറയുന്നു. ഇപ്പോൾ സുപ്രീം കോടതിയുടെ അനുകൂല വിധികൂടി ഉള്ള സ്ഥിതിക്ക് അയ്യപ്പനെ കാണാൻ പോകാൻ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്‌മ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അമ്പലത്തിൽ വച്ച് മാലയിടുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പമായിരുന്നു പോസ്‌റ്റ്.
ആർക്കും എതിരെയുള്ള വിപ്ലവമായിട്ടല്ല താൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത്. ഒരു വിശ്വാസി എന്ന നിലയിൽ താൻ ഇപ്പോൾ ഇക്കാര്യത്തിന് തയ്യാറായാൽ നാളെ ലക്ഷക്കണക്കിന് പേർക്ക് ശബരിമല കയറാനള്ള ഊർജമാകും. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് സന്നിധാനത്തെത്തണം.
ഇക്കൂട്ടത്തിൽ ആർത്തവത്തെക്കുറിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കുന്നു. വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ട് പൂർണ ശുദ്ധിയോടു കൂടി വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നതായും രേഷ്‌മ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.