നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വെെറസിൽ നിന്നും പിൻമാറിയെന്ന വാർത്ത സ്ഥീരികരിച്ച് കാളിദാസ് ജയറാം. ചിത്രത്തിൽ നിന്നും കാളിദാസ് പിൻമാറിയെന്നും പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നുമായിരുന്നു പുറത്ത് വന്ന വാർത്തകൾ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ കാളിദാസ് വിശദീകരണം നൽകിയത്. ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നും കാളിദാസ് വെളിപ്പെടുത്തി.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഡേറ്റ് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കാളിദാസ് പിൻമാറിയെന്നും സൂചനകളുണ്ട്. മിഥുൻ മാനുവലിന്റെ പുതിയ ചിത്രം അർജന്റീന ഫാൻസ്, അൽഫോൺസ് പുത്രന്റെ പ്രൊജക്ട്, മഞ്ജു വാര്യർ പ്രധാനവേഷത്തിൽ എത്തുന്ന സന്തോഷ് ശിവന്റെ സിനിമ എന്നിവയിലും കാളിദാസൻ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ആസിഫ് അലി, ടൊവിനോ തോമസ്, , സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റീമാ കല്ലിങ്കൽ, എന്നീങ്ങനെ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. മുഹസിൻ പരാരിയും സുഹാസും, ഷറഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.