ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഇപ്പോഴും ഡ്രൈവിംഗ് സീറ്റിലാണെന്നും സഖ്യകക്ഷികളുമായി ബന്ധം തുടരുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മദ്ധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന ബി.എസ്.പി പ്രസ്താവനയ്ക്കു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ബി.ജെ.പിയെ പരാജയപ്പെടുത്താനായി ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് കൈകോർത്ത് പ്രവർത്തിക്കുകയാണെന്നും മദ്ധ്യപ്രദേശിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ബി.എസ്.പി സഖ്യം വിട്ട സാഹചര്യത്തിൽ ഇത്തവണ കോൺഗ്രസിന്റെ വോട്ട് ഷെയർ കുറക്കുമോ എന്ന ചോദ്യത്തിന് , സഖ്യത്തിന് അതിന്റേതായ ഗുണഫലങ്ങളുണ്ടെങ്കിലും മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ശക്തമായ പിന്തുണയുണ്ടെന്നും പ്രവർത്തകർ മാറ്റത്തിനായി ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും സിന്ധ്യ പറഞ്ഞു.
ബി.എസ്.പി സഖ്യം വിട്ട സാഹചര്യത്തിൽ സമാജ്‌വാദിയുമായി സഖ്യമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ പങ്കാളികളുമായും ബന്ധപ്പെടുന്നുണ്ടെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ആത്യന്തികമായി ലക്ഷ്യമെന്നും സിന്ധ്യ പറഞ്ഞു.
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്നു.