കൊച്ചി: കേരളത്തിൽ ക്രൂസ് ടൂറിസം സീസണിന് തുടക്കമിട്ട്, ഈ വർഷത്തെ ആദ്യ ആഡംബരക്കപ്പൽ കൊച്ചിയിലെത്തി. കരീബിയൻ ദ്വീപിലെ ബഹാമാസിൽ നിന്ന് എം.വി. ബൂഡീക്ക എന്ന കപ്പലാണ് 469 വിദേശ വിനോദ സഞ്ചാരികളുമായി ഇന്നലെ രാവിലെ 6.30ന് കൊച്ചി തുറമുഖത്തെത്തിയത്. 389 ജീവനക്കാരും ഈ കപ്പലിലുണ്ട്.
വെല്ലിംഗ്‌ടൺ ദ്വീപിലെത്തിയ സഞ്ചാരികളെ സ്‌ത്രീകൾ നയിച്ച ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. കഥകളി ഉൾപ്പെടെയുള്ള കേരളത്തിന്റെ തനത് കലാരൂപങ്ങളും സഞ്ചാരികളെ ആകർഷിക്കാനായി അണിനിരന്നിരുന്നു. സഞ്ചാരികൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന്, നാളെ രാവിലെ എട്ട് മണിയോടെ എം.വി. ബൂഡീക്ക വിഴിഞ്ഞത്തെത്തും. അവിടെ നിന്ന് കൊളംബോയിലേക്ക് പോകും.
ഒക്‌ടോബർ നാലിന് അബുദാബിയിൽ നിന്ന് പുറപ്പെട്ട കപ്പൽ, മുംബയും ഗോവയും സന്ദർശിച്ച ശേഷമാണ് കൊച്ചിയിലെത്തിയത്. ഇംഗ്ളണ്ടിലെ ഫ്രെഡ് ഓൾസെൻ ക്രൂസ് ലൈനിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. പ്രളയാനന്തര കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് മികച്ച ഊർജ്ജമാണ് എം.വി. ബൂഡീക്കയുടെ ആഗമനം സമ്മാനിക്കുന്നതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 42 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. നടപ്പുവർഷം 50 കപ്പലുകളെയാണ് പ്രതീക്ഷിക്കുന്നത്.