atlanta

അറ്റ്ലാന്റാ: കാർമൽ മാർതോമ സെന്റർ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന ആസ്ഥാനത്തിനു സജ്ജമാക്കണമെന്ന് വിവിധ മാർത്തോമാ ഇടവകകളിൽ നിന്നും ആദ്യമായി സെന്റർ സന്ദർശിക്കാൻ എത്തിച്ചേർന്ന സഭാ അംഗങ്ങൾ അഭിപ്രായപ്പെട്ടു. അറ്റ്ലാന്റ ടക്കർ സിറ്റി ഓൾഡ് സ്‌റ്റോൺ മൗണ്ടൻ റോഡിൽ നാൽപത്തിരണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ആറു മില്യനോളം ഡോളർ (42 കോടി രൂപ) ചെലവഴിച്ചു നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസനം സ്വന്തമാക്കിയ കെട്ടിട സമുച്ചയത്തിന്റെ പൂർണ പ്രയോജനം സഭക്കു ലഭിക്കണമെങ്കിൽ ഭദ്രാസന എപ്പിസ്‌കോപ്പയുടെ സ്ഥിര സാനിധ്യം ഇവിടെ അനിവാര്യമാണെന്നും ഇവർ പറഞ്ഞു.

അറ്റ്ലാന്റയിൽ മാർത്തോമാ ഇടവകാംഗങ്ങളുടെ സംഖ്യ പരിമിതമാണെങ്കിലും, അവിടെ നിലവിലുള്ള രണ്ട് ഇടവകകൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനും പുതിയ കെട്ടിട സമുച്ചയത്തിൽ പൊതു ആരാധന നടത്തുന്നതിനും കൈക്കൊണ്ട തീരുമാനം പ്രോജക്ടിന്റെ ആദ്യ വിജയമാണ്. യുവാക്കളേയും പ്രായമായവരേയും ആകർഷിക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ ഇവിടെയുള്ളതിനാൽ അവരുടെ സഹകരണം കൂടി പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രതിമാസം ഈ ഫെസിലിറ്റി പ്രവർത്തിക്കുന്നതിന് ഭാരിച്ച തുക ചിലവിടേണ്ടിവരുമെങ്കിലും അത് വലിയൊരു ബാധ്യതയാകാതെ അതിനനുസൃതമായ വരുമാനം ഇവിടെ നിന്നും പ്രതീക്ഷിക്കുന്നു. ഡിസംബർ അവസാന വാരം മാർത്തോമാ മെത്രാപോലിത്തയും ഭദ്രാസന എപ്പിസ്‌കോപ്പയും ഇവിടെ സന്ദർശനത്തിനെത്തുമ്പോൾ സഭാജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.