ഇസ്താംബുൾ: തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഗോഷിയെ കാണാതായ സംഭവം തങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. തങ്ങൾക്കെതിരെ ഉയരുന്ന സാമ്പത്തിക, രാഷ്ട്രീയ ഭീഷണികളെ ഭയമില്ലെന്ന് സൗദി അറേബ്യ പ്രതികരിച്ചു. ഏത് ഭീഷണിയെ നേരിടാനും സർക്കാർ തയ്യാറാണെന്നും അവർ പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് തീരുമാനമെന്നും സൗദി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് ടെക് ഭീമൻമാരും മാദ്ധ്യമങ്ങളും സൗദിയിൽ നിന്ന് അകന്നു നിൽക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.
അതേസമയം, ജമാൽ ഖഷോഗിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ശബ്ദശകലം തങ്ങൾക്ക് ലഭിച്ചതായി തുർക്കി വ്യക്തമാക്കി. ഖഷോഗി ധരിച്ചിരുന്ന ആപ്പിൾ വാച്ചിൽ നിന്നാണ് ഓഡിയോ ക്ലിപ് ലഭിച്ചതെന്ന് തുർക്കി പത്രമായ സബ റിപ്പോർട്ട് ചെയ്തു. കോൺസുലേറ്റിലേക്ക് കയറും മുമ്പ് പ്രതിശ്രുത വധുവിന്റെ കൈയിൽ ഖഷോഗി ഏല്പിച്ച ഫോണിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഐ ക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ചാണ് ശബ്ദശകലം കണ്ടെത്തിയത്. സൗദിയുടെ 15 അംഗ കൊലപാതക സംഘമാണ് കൃത്യത്തിനു പിന്നിലെന്നും തുർക്കി ആരോപിച്ചു.
സൗദി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ ശക്തമായി വിമർശിക്കുന്ന വാർത്തകൾ പുറത്തുകൊണ്ടുവന്ന ഖഷോഗിയെ ഒക്ടോബർ രണ്ടിനാണ് ഇസ്താംബുളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് കാണാതായത്. തുടർന്ന് ഖഷോഗി കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. സൗദിയാണ് ഖഷോഗിയുടെ തിരോധാനത്തിനു പിന്നിലെങ്കിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു. സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ കടുത്ത സമ്മർദ്ദമാണ് സൗദി നേരിടുന്നത്. ഇതിനെത്തുടർന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യമായ സൗദിയിലെ ഓഹരി വിപണികളിൽ തിരിച്ചടി നേരിട്ടിരുന്നു.