football

ആംസ്റ്റർഡാം: യു.ഇ.എഫ്.എ നേഷൻസ് കപ്പ് ഫുട്ബാളിൽ ഹോളണ്ട് ജർമ്മനിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഇതാദ്യമായാണ് 3 ഗോൾ മാർജിനിൽ ജർമ്മനി ഹോളണ്ടിനോട് തോൽക്കുന്നത്.വിർജിൽ വാൻ ഡിജ്ക്,​ മെ ംഫിസ് ഡിപെ,​ ജോർജിനിയോ വിജ്നാൾഡം എന്നിവരാണ് ഹോളണ്ടിനായി ലക്ഷ്യം കണ്ടത്. ജർമ്മനിയെ ലോകചാമ്പ്യൻമാരാക്കിയ പരിശീലകൻ ജോവാക്കിം ലോയ്ക്ക് കനത്ത തിരിച്ചടിയായി ഈ തോൽവി. ഇത്തവണ ലോകകപ്പിൽ ആദ്യ റൗണ്ടിൽ ജർമ്മനി തോറ്റതോടെ ലോയ്ക്കെതിരെ എതിർശബ്ദങ്ങൾ ഉയർന്ന് തുടങ്ങിയിരുന്നു. പെറുവുമായുള്ള സൗഹൃദ മത്സരം ഒഴിച്ചു നിർത്തിയാൽ അവസാനം കളിച്ച നാല് കളികളിൽ മൂന്നിലും ജർമ്മിനിയ്ക്ക് എതിർവല ചലിപ്പിക്കാനായില്ല.

മത്സരത്തിൽ ബാൾ പൊസഷനിലും ഷോട്ടുകളിലും ഉൾപ്പെടെ മുൻതൂക്കം ജർമ്മനിക്കായിരുന്നെങ്കിലും ലക്ഷ്യം നേടുന്നതിൽ അവർ പരാജയമാവുകയായിരുന്നു. 30-ാം മിനിറ്റിൽ വാൻഡിജ്ക് ഹോളണ്ടിനെ മുന്നിൽ എത്തിച്ചു. റയാൽ ബാബേലിന്റെ ഹെഡ്ഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ഗോൾ പോസ്റ്രിന് തൊട്ടുമുന്നിലുണ്ടായിരുന്ന വാൻഡിജ്‌ക് പെട്ടെന്ന് തന്നെ പിഴവില്ലാതെ തലകൊണ്ട് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്ന് കളി അവസാനിക്കാൻ നാല് മിനിറ്ര് ശേഷിക്കെ 86-ാം മിനിറ്റിൽ ഡിപെ ഹോളണ്ടിന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയുടെ അധികസമയത്ത് ലിവർപൂളിൽ വാൻഡിജ്കിന്റെ സഹതാരം വിജ്നാൾഡം ജർമ്മനിയുടെ വലയിൽ ഹോളണ്ടിന്റെ മൂന്നാം ഗോളും നിക്ഷേപിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ ബൾഗേറിയ 2-1ന് സൈപ്രസിനെയും മാസിഡോണിയ 4-1ന് ലിച്ചൻസ്റ്റീനെയും കീഴടക്കി. അയർലൻഡും ഡെൻമാർക്കും റൊമാനിയയും സെർബിയയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.