-mullappalli-ramachandran

ആലപ്പുഴ: ശബരിമലയെ അയോദ്ധ്യയെ പോലെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആലപ്പുഴയിൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ കൊടിപിടിച്ചു രാഷ്ട്രീയം തലർത്തുരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലുണ്ടായ പ്രളയം ഡാം ദുരന്തമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.എല്ലാ കോൺഗ്രസ് കമ്മിറ്റികളിലും കഴിവും കാര്യശേഷിയും പ്രവർത്തന സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിർത്തുകയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ''ഒരു നേതാവും പാർട്ടിക്ക് അതീതനല്ല. പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെപ്പറ്റി ഓരോ കമ്മിറ്റികളും റിപ്പോർട്ട് നൽകണം. രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത യുവ എംഎൽഎമാരോടു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.