തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്ലറ്രിക് മീറ്റിൽ പാലക്കാടിന്റെ വെല്ലുവിളി മറികടന്ന് എറണാകുളം ഓവറാൾ ചാമ്പ്യൻമാരായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്രേഡിയം വേദിയായ മീറ്റിൽ 21 സ്വർണവും 29 വെള്ളിയും 19 വെങ്കലവും സ്വന്തമാക്കി 448 പോയിന്റുമായാണ് എറണാകുളം ഓവറാൾ കിരീടത്തിൽ മുത്തമിട്ടത്. 18 സ്വർണവും 11 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 407 പോയിന്റുമായി പാലക്കാട് റണ്ണറപ്പായി. എറണാകുളത്തേക്കാൾ അഞ്ച് സ്വർണം കൂടുതൽ നേടിയെങ്കിലും പോയിന്റ് നേട്ടത്തിൽ എറണാകുളത്തിനും പാലക്കാടിനും പിന്നിലായിപ്പോയ ആതിഥേയരായ തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. 26 സ്വർണവും 12 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 369 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 351 പോയിന്റുമായി കോട്ടയം നാലാമതും ആദ്യ ദിനം ഒന്നാം സ്ഥാനത്തായിരുന്ന തൃശൂർ 291 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമായി
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ 33 പോയിന്റുമായി തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത്.28 പോയിന്റുമായി പാലക്കാടാണ് രണ്ടാമതായി.അണ്ടർ 16 ആൺകുട്ടികളിൽ 67 പോയിന്റുമായി പാലക്കാടാണ് ഒന്നാംസ്ഥാനത്ത്. 49 പോയിന്റുള്ള തിരുവനന്തപുരം രണ്ടാംസ്ഥാനം നേടി. അണ്ടർ 18 യൂത്ത് ആൺകുട്ടികളുടെ വിഭാഗത്തിൽ 97.5 പോയിന്റുമായി എറണാകുളം ഒന്നാമതും 92.5 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതുമെത്തി. അണ്ടർ 20 ജൂനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ 106.5 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും 98 പോയിന്റുമായി എറണാകുളമാണ് രണ്ടാമതുമായി.
അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ 40 പോയിന്റുമായി ഒന്നാമതും 29 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തുമെത്തി. അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ 56 പോയിന്റുമായി കോട്ടയമാണ് ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോടിനാണ് ഈ വിഭാഗത്തിലും രണ്ടാംസ്ഥാനം. അണ്ടർ 18 യൂത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റു നേടിയ എറണാകുളമാണ് ഒന്നാമത്. 75 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. അണ്ടർ 20 ജൂനിയർ വനിതകളിൽ 163 പോയിന്റുമായി കോട്ടയം ഒന്നാമതെത്തിയപ്പോൾ 99 പോയിന്റു നേടി പാലക്കാട് രണ്ടാമതായി.
അണ്ടർ 18 യൂത്ത് പെൺകുട്ടികളുടെ 200 മീറ്ററിൽ തൃശൂരിന്റെ ആൻസി സോജൻ 25.19 സെക്കന്റിൽ ഫിനിഷ് ചെയ്ത് റെക്കാഡ് തിളക്കത്തിൽ സ്വർണം നേടി. ആദ്യ ദിനം ഹൈജമ്പിലും ആൻസി റെക്കാഡോടെ സ്വർണം നേടിയിരുന്നു. ട്രിപ്പിൾജമ്പിൽ എറണാകുളത്തിന്റെ സാന്ദ്ര ബാബു (12.74 മീറ്റർ),ഹൈജമ്പിൽ എറണാകുളത്തിന്റെ ഗായത്രി ശിവകുമാർ ( 1.72 മീറ്റർ) പെൺകുട്ടികളുടെ മെഡ്ലേ റിലേയിൽ കോഴിക്കോട് ടീം (2മിനിറ്റ്16.94 സെക്കൻഡ് ),അണ്ടർ 20 ജൂനിയർ വനിതകളുടെ 3000 മീറ്ററിൽ എറണാകുളത്തിന്റെ അനുമോൾ തമ്പി (10 മിനിറ്ര് 11.13 സെക്കൻഡ്), അണ്ടർ 18 പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (48.67 മീറ്രർ), അണ്ടർ 20 പുരുഷന്മാരുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ ടി.വി അഖിൽ (27.71 സെക്കൻഡ്),10,000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ സി.ടി നിധീഷ് (46 മിനിറ്റ് 50.74 സെക്കൻഡ്),ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ അനൂപ് വത്സൻ (60.72 മീറ്റർ),അണ്ടർ 16 ആൺകുട്ടികളുടെ 800 മീറ്രറിൽ പാലക്കാടിന്റെ അജയ് കെ.വിശ്വനാഥ് (1 മിനിറ്റ് 57.27 സെക്കന്റ്) എന്നിവർ റെക്കാഡ് പുസ്തകത്തിൽ ഇടം നേടി.അണ്ടർ 16 ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടിയ തിരുവനന്തപുരത്തിന്റെ അഭിനവ് വി.സി (21.81 സെക്കന്റ്) റെക്കാഡ് സ്പ്രിന്റ് ഡബിൾ തികച്ചു.