ഹോഷങ്കബാദ്: സാധാരണക്കാരാനായ ഒരു ചായവിൽപ്പനക്കാരന്റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുളളൂവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മദ്ധ്യപ്രദേശിലെ ഹോഷങ്കബാദിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യപ്രദേശിൽ ബി.ജെ.പിയെ ജയിപ്പിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അടുത്ത 50 വർഷം പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പതാക മാത്രമേ സംസ്ഥാനത്ത് പാറുകയുള്ളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നവർ കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും വോട്ടുബാങ്കാണ്. എന്നാൽ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് ബി.ജെ.പി കാണുന്നതെന്നും അമിത് ഷാ പറഞ്ഞു. മദ്ധ്യപ്രദേശിലും നവംബർ 20നാണ് വോട്ടെടുപ്പ്. 2003 മുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.