ബംഗളൂരു: സ്‌കൂൾ പ്രിൻസിപ്പലിനെ 20ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രംഗനാഥാണ് (60) ഇന്നലെ രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഞായറാഴ്ച സ്‌പെഷ്യൽ ക്ലാസ് എടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ ആറംഗ സംഘമാണ് രംഗനാഥിനെ വെട്ടിക്കൊന്നത്. ശേഷം അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്രമി സംഘത്തിലൊരാളെ പൊലീസ് പിന്നീട് പിടികൂടി. പൊലീസ് സംഘത്തെ അക്രമിക്കാൻ ശ്രമിച്ചതിനാൽ വെടിവച്ചാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്‌കൂളിനുള്ളിൽ കടന്നത്. പൊലീസ് സ്‌കൂൾ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വിമുക്തരാകാത്തതിനാൽ വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനായില്ല.