sithara-krishnakumar

മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാർ‌. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിതാര താൻ ഒരു ഗായിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. സിതാര തന്നെ ആലപിച്ച് നൃത്തം ചെയ്തിരിക്കുന്ന സംഗീത- നൃത്ത വീഡിയോ മികച്ച കാഴ്ചാനുഭവമാണ് ഏവർക്കും നൽകുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് താൻ മറ്റുള്ളവർക്ക് മുമ്പിൽ നൃത്തം ചെയ്യുന്നതെന്നും തന്റെ മാതാപിതാക്കൾക്കും ഗുരുക്കൻമാർക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നുവെന്ന് സിതാര ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ ദിവസം ഇനിയെന്നും എനിക്ക് ഓർക്കാനുള്ളതാണ് , ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്ത്‌ ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ് !! ഈ കഴിഞ്ഞ പത്തു വർഷങ്ങൾ നൃത്തം ചെയ്തതൊന്നും കണ്ണാടികൾ അല്ലാതെ മറ്റാരും കണ്ടിരുന്നില്ല !! മണിക്കൂറുകളോളം പരിശീലിച്ചിരുന്ന ഒരു വിദ്യ ഒരു ദിവസം നിർത്തുക എന്നത്‌ എത്ര വലിയ വേദനയാണെന്ന് ഇടയ്ക്കിടെ എന്റെ മനസ്സും ,ശരീരവും ഒരുപോലെ അറിഞ്ഞിരുന്നു !!


നെറുകയിൽ കൈകൾ അമർത്തിയ അന്നുമുതൽ ഈ നിമിഷം വരെ ധൈര്യം തന്ന് വെളിച്ചം തന്ന പ്രിയ ഗുരുക്കന്മാരോടുള്ള സ്നേഹമാണ് ,ഈ എളിയ ശ്രമം ! നാലുവയസുകാരിയെയും കൊണ്ട് മണിക്കൂറുകളോളം ബസ് യാത്ര ചെയ്‌ത്‌ പാട്ടും ഡാൻസും പരിശീലിപ്പിക്കാൻ ഓടി നടക്കുമ്പോൾ പലപ്പോഴും 'അമ്മ സമയത്തിന് ആഹാരം പോലും കഴിക്കാൻ മറന്നിരുന്നു , ഒരായുസ്സിന്റെ സമ്പാദ്യത്തിലത്രയും, അതിലധികവും മകളുടെ ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കുമ്പോൾ എന്റെ അച്ഛൻ അദ്ദേഹത്തിന് പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചുകാണുമെന്ന് ഈ പ്രായത്തിൽ എനിക്ക് എളുപ്പം ഊഹിക്കാം ! ശ്രീമതി കലാമണ്ഡലം വിനോദിനി ടീച്ചർ - ഒരായിരം തവണ വഴക്കു പറഞ്ഞുകാണും , അതിലേറെ ചേർത്ത് പിടിച്ചും ,ഇന്നും ആ പേര് കേൾക്കുമ്പോൾ ,ശബ്ദം കേൾക്കുമ്പോൾ സ്നേഹം കൊണ്ട് നെഞ്ചിടിപ്പേറും !! ഇന്നേറ്റവും സന്തോഷിക്കുന്ന മൂന്നുപേർ ഇവർ തന്നെ ആയിരിക്കും!!


പാലാ സി .കെ . രാമചന്ദ്രൻ മാസ്റ്റർ , രാമനാട്ടുകര സതീശൻ മാസ്റ്റർ , ഉസ്താദ് ഫൈയാസ് ഖാൻ , എല്ലാ ഗുരുക്കന്മാർക്കും പ്രണാമം ! എന്തിനും കൂട്ടായ എന്റെ മകൾക്കും, മകളുടെ അച്ഛനും നിറച്ചും നിറച്ചും സ്നേഹം ! കൂട്ടുകാർക്ക് നന്ദി ! ഒരു പേരുകൂടി പറയേണ്ടതുണ്ട് ,വീണ്ടും നൃത്തം ചെയ്യാൻ ആഗ്രഹം വന്ന നേരം , പഠിപ്പിക്കാം എന്ന് വാക്കു തന്ന പ്രിയപ്പെട്ടവൾക്ക് , മറ്റേതോ മനോഹരമായ ഇടത്തിൽ നിന്നും അനുഗ്രഹിക്കുന്ന ആ ഗുരുവിന് , പ്രിയപ്പെട്ട ശാന്തിച്ചേച്ചിക്ക് , നിറച്ചും സ്നേഹം!

  1. ഈ സ്തുതി പാടാൻ കാരണക്കാരായ Mithun Jayaraj, Binish Bhaskaran, Madhavan Kizhakoott , P RajeevGopal Bellikoth എന്നീ പ്രിയപ്പെട്ടവർക്കും നന്ദി !