drunken-couple

മദ്യപിച്ചാൽ മനുഷ്യന്റെ സ്വബോധം നശിക്കുമെന്നത് പകൽ വെളിച്ചം പോലെ സത്യമാണ്. സ്വബോധം നഷ്‌ടപ്പെട്ടാൽ പിന്നെ ചെയ്യുന്നതെന്താണെന്ന് മനസിലാക്കാനോ ഓർത്ത് വയ്‌ക്കാനോ ഇക്കൂട്ടർക്ക് കഴിയാറില്ല. എന്നാൽ താമസിക്കാനെത്തിയ ഹോട്ടൽ മദ്യലഹരിയിൽ വിലയ്‌ക്ക് വാങ്ങിയതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അടുത്തിടെ ശ്രീലങ്കയിലാണ് വിചിത്രമായ സംഭവം നടന്നത്. ഹണിമൂൺ ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് ദമ്പതികളായ ഗിന ലയോൺസും മാർക്ക് ലീയുമാണ് സംഭവത്തിന് പിന്നിൽ.

കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ച ദമ്പതികൾ തങ്ങളുടെ ഹണിമൂൺ ആഘോഷങ്ങൾക്കായാണ് ശ്രീലങ്കയിലെത്തുന്നത്. ആദ്യരാത്രിയിൽ 12 ഗ്ലാസ് റം അകത്താക്കിയ ദമ്പതികൾ ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോട്ടലിന്റെ വാടക കാലാവധി ഉടൻ അവസാനിക്കാൻ ഇരിക്കുന്നുവെന്ന് മനസിലാക്കിയാണ് ദമ്പതികൾ ഇതിനൊരുങ്ങിയത്. ഒടുവിൽ വർഷത്തിൽ 10000 പൗണ്ട് വാർഷിക വിലയായി നിശ്ചയിച്ച് മൂന്ന് വർഷത്തേക്ക് ഹോട്ടലിന്റെ ഉടമസ്ഥാവകാശം ദമ്പതികൾ ഏറ്റെടുത്തു.

പേര് മാറ്റി പുതിയ മാറ്റങ്ങളുമായി തുടങ്ങിയ ഹോട്ടൽ ഇപ്പോൾ പ്രദേശത്ത് സൂപ്പർ ഹിറ്റാണ്. വിദേശികളും സ്വദേശികളുമായ നിരവധി പേർ ഇവിടെ എത്താറുണ്ടെന്ന് ഗിനയും മാർക്കും പറയുന്നു. എന്നാൽ ദമ്പതികൾ കാട്ടിയത് തികഞ്ഞ മണ്ടത്തരമാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.