കണ്ണൂർ: ആചാര വിധി പ്രകാരം 41 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച കണ്ണൂർ സ്വദേശിനി രേഷ്‌മാ നിഷാന്തിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്‌ച രാത്രിയാണ് ഒരു സംഘം മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം വയ്‌ക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തത്. തീവ്രഹിന്ദു സംഘടനയിലെ പ്രവർത്തകരെന്ന് തോന്നിച്ച ഇവർ തന്നെ മല ചവിട്ടാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താൻ ശ്രമിച്ചാൽ അവർക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വാസിച്ചാണ് ഞാൻ യാത്രയ്‌ക്കൊരുങ്ങിയത്. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വാസിക്കുന്നുണ്ട്.പെണ്ണ് മല കയറാൻ മാലയിട്ടതിന്റെ പേരിലാണ് തനിക്കെതിരെ പ്രതിഷേധമുണ്ടായത്. ഒരുകാരണവശാലും മല ചവിട്ടിക്കില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. വന്നവർ തന്റെ നാട്ടിലുള്ളവർ ആയിരുന്നില്ല. എല്ലാവരും മദ്യലഹരിയിലാണെന്ന് തോന്നിച്ചു. ഇതിന് പുറമെ ഫേസ്ബുക്ക്, ഫോൺ വഴിയും ഭീഷണിയുണ്ടായതായി ഇവർ പറയുന്നു.
മലചവിട്ടാൻ ഒറ്റയ്‌ക്കല്ല
അതേസമയം, താൻ ഒറ്റയ്‌ക്കല്ല ശബരിമലയിൽ പോകാൻ തീരുമാനിച്ചതെന്നും തനിക്കൊപ്പം നാലോളം യുവതികൾ ഉണ്ടെന്നും രേഷ്‌മ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ അവരുടെ പേരുകൾ ഇപ്പോൾ പറയാനില്ലെന്നും രേഷ്‌മ വ്യക്തമാക്കി.